Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ കനത്ത മഴ, പലയിടത്തും വെള്ളം കയറി; റോഡ്-റെയില്‍ ഗതാഗതം സ്തംഭിച്ചു

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമാകുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പെയ്ത മഴ മുംബൈയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും പ്രധാന റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായി. ഇത് നഗരത്തിലുടനീളം വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു.

പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ ഏഴ് മണി വരെ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. അന്ധേരി, കുര്‍ള, ഭാണ്ഡൂപ്പ്, കിംഗ്‌സ് സര്‍ക്കിള്‍, വിലെ പാര്‍ലെ, ദാദര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ഗണ്യമായ അളവില്‍ മഴ പെയ്തു. കനത്ത മഴയില്‍ ചില താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുകയും സബര്‍ബന്‍ റെയില്‍ സേവനങ്ങള്‍ തടസപ്പെടുകയും ചെയ്തു എന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പറഞ്ഞു.

mumbai rain

അതേസമയം പൗരസമിതിയുടെ അധികാരപരിധിയിലുള്ള സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബിഎംസി ഉച്ച വരെ അവധി പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞുള്ള ക്ലാസുകളുടെ തീരുമാനം പിന്നീട് അറിയിക്കും. നഗരത്തിലെ വെള്ളത്തിനടിയിലാകാത്ത ഹൈവേകളിലും പ്രധാന റോഡുകളിലും തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

വരും മണിക്കൂറുകളിലും നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 3-4 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഐഎംഡി മുംബൈയില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 2-3 ദിവസത്തിനുള്ളില്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ട്. മുംബൈ നഗരത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴയുള്ള പൊതുവെ മേഘാവൃതമായ ആകാശം കാണുമെന്ന് പ്രതീക്ഷിക്കുന്നു.

നഗരവാസികളോട് സുരക്ഷിതരായിരിക്കാനും ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറാനും ബിഎംസി നിര്‍ദ്ദേശിച്ചു. ബിഎംസിയുടെ മുഴുവന്‍ മെഷിനറികളും ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുകയാണ്. മുംബൈക്കാര്‍ ഒരു കിംവദന്തിയിലും വിശ്വസിക്കരുതെന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം 1916 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണം എന്നും പൗരസമിതി അറിയിച്ചു.

താനെ, വസായ് (പാല്‍ഘര്‍), മഹാദ് (റായ്ഗഡ്), ചിപ്ലൂണ്‍ (രത്നഗിരി), കോലാപ്പൂര്‍, സാംഗ്ലി, സതാര ഘാട്കോപ്പര്‍, കുര്‍ള, സിന്ധുദുര്‍ഗ് മേഖലകളില്‍ എന്‍ഡിആര്‍എഫിന്റെ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ടായാല്‍ ഉടനടി പ്രതികരിക്കാനും അന്ധേരിയില്‍ വിന്യസിച്ചിട്ടുള്ള എന്‍ഡിആര്‍എഫ് അധിക സേനയെ വിന്യസിച്ചിട്ടുണ്ട്.

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് മുംബൈയിലെ ബെസ്റ്റ് ബസുകള്‍ പല റൂട്ടുകളിലും വഴിതിരിച്ചുവിട്ടു. ട്രാക്കുകളില്‍ വെള്ളക്കെട്ട് കാരണം ട്രെയിന്‍ സര്‍വീസുകളും സിഎസ്എംടി- താനെ ഇടയിലുള്ള ഫാസ്റ്റ് ലൈനും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നിരുന്നാലും അപ് ആന്റ് ഡൗണ്‍ സ്ലോ ലൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴവെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ലൈനില്‍ സിയോണ്‍, ഭാണ്ഡുപ്പ് സ്റ്റേഷനുകളില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള പ്രധാന ട്രെയിനുകളിലൊന്നായ പൂനെ-മുംബൈ ഡെക്കാന്‍ ക്വീനും ദിവസത്തേക്ക് റദ്ദാക്കി. 12110 (എംഎംആര്‍സിഎസ്എംടി), 11010 (പൂനെ-സിഎസ്എംടി), 12124 (പൂനെ-സിഎസ്എംടിഡെക്കാന്‍), 11007 (പൂനെ-സിഎസ്എംടി ഡെക്കാന്‍), 12127 (സിഎംഎംടി-പൂനെ ഇന്റര്‍സിറ്റി എക്‌സ്പ്രസ്) എന്നീ ട്രെയിനുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

അസമിലും മഴക്കെടുതി രൂക്ഷം

അതേസമയം അസമിലും കനത്ത മഴ തുടരുകയാണ്. അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തെ വെള്ളപ്പൊക്കത്തില്‍ 58 പേര്‍ മരിച്ചിട്ടുണ്ട്. 23 ലക്ഷം ആളുകളെയാണ് മഴക്കെടുതി ബാധിച്ചത്. സംസ്ഥാനത്ത് 27 ജില്ലകളിലായി 577 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്, 5,26,000 പേര്‍ ആണ് ക്യാംപുകളില്‍ കഴിയുന്നത്.

ഭക്ഷണത്തിനും മറ്റ് സഹായങ്ങള്‍ക്കുമായി വിതരണ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മരണത്തിന് പുറമെ അടിസ്ഥാന സൗകര്യങ്ങളുടെ നാശം, റോഡ് അടച്ചുപൂട്ടല്‍, കന്നുകാലി നാശം, വിളനാശം എന്നിവയും സംസ്ഥാനം നേരിടുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ വഴിയാധാരമായിയ ധുബ്രി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്, തൊട്ടുപിന്നാലെ കച്ചാര്‍, ദരാംഗ് എന്നിവയാണ്.

29 ജില്ലകളിലായി 2.396 ദശലക്ഷം ആളുകളെ ഈ രണ്ടാം തരംഗ വെള്ളപ്പൊക്കം ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ധുബ്രിയില്‍ 797,918 പേരെയും കച്ചാറില്‍ 175,231 പേരെയും ദരാംഗില്‍ 163,218 പേരെയും ബാര്‍പേട്ടയില്‍ 131,246 പേരെയും ഗോലാഘട്ടില്‍ 109,470 പേരെയും നല്‍ബാരിയില്‍ 105,372 പേരെയും മഴക്കെടുതി ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+