'മുസ്ലീം ലീഗ് പ്രകടന പത്രിക'; കർണാടകയിൽ ബിജെപി പ്രതിഷേധം, കോൺഗ്രസ് പ്രകടന പത്രിക കത്തിച്ച് ഈശ്വരപ്പ
ബെംഗളൂരു: അധികാരം ലഭിച്ചാൽ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപനം കർണാടടകത്തിൽ ആയുധമാക്കി ബിജെപി. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് സംസ്ഥാന നടക്കുന്നത്. വ്യാഴാഴ്ച മുതിർന്ന ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ കോൺഗ്രസിന്റെ പ്രകടന പത്രിക പരസ്യമായി കത്തിച്ചു. രൂക്ഷവിമർശനമാണ് ഈശ്വരപ്പ ഉന്നയിച്ചത്.
ബജ്റംഗ് ദളിനെ രാജ്യസ്നേഹ സംഘടനയെന്നായിരുന്നു ഈശ്വരപ്പ വിശേഷിപ്പിച്ചത്. എന്ത് ധൈര്യത്തിലാണ് സംഘടന നിരോധിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതെന്ന് ഈശ്വരപ്പ ചോദിച്ചു. മുസ്ലീം ലീഗി മാനിഫെസ്റ്റോ എന്നും ഈശ്വരപ്പ വിമർശിച്ചു.

വൊക്കലിഗ സമുദായം മുഴുവൻ തന്റെ പിന്നിലുണ്ടെന്നും താൻ മുഖ്യമന്ത്രിയാകുമെന്നും ഡികെ ശിവകുമാർ പറയുന്നു. പിന്നാക്ക വിഭാഗങ്ങൾ തനിക്കൊപ്പമുണ്ടെന്നും താൻ മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ പറയുന്നു. രണ്ട് നേതാക്കളും സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുകയാണ്. ആദ്യം ഇരുവർക്കുമെതിരെയാണ് നടപടിയെടുക്കേണ്ടത്, ഇരുവരേയുമാണ് അറസ്റ്റ് ചെയ്യേണ്ടത്', ഈശ്വരപ്പ പറഞ്ഞു.
വിദ്വേഷ പ്രചരണത്തിന് നേതൃത്വം നൽകുന്ന വ്യക്തികൾക്കും വർഗീയ സംഘടനകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് കോൺഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം. ബജ്റംഗദളിനേയും പോപ്പുലർ ഫ്രണ്ടിനേയും നിയമം മൂലം നിരോധിക്കുമെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.
അതേസമയം കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ സംഘപരിവാർ ബിജെപി സംഘടനകൾ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ വീണുകിട്ടിയ അവസരം മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ കോൺഗ്രസിനെതിരെ രംഗത്തെത്തി. നേരത്തേ ശ്രീരാമനെ എതിർത്തവരാണ് കോൺഗ്രസുകാർ അവരാണിപ്പോൾ ബജ്റംഗബലി എന്ന് വിളിക്കുന്നവർക്കെതിരെ രംഗത്തെത്തിയതെന്നായിരുന്നു മോദിയുടെ വിമർശനം.
അതിനിടെ പ്രതിഷേധം ശക്തമായതോടെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സമൂഹത്തിൽ വർഗീയത പരത്തുന്ന സംഘടനകളെ നിരോധിക്കുമെന്നാണ് തങ്ങൾ പ്രകടനപത്രികയിൽ വ്യക്തമാക്കിയതെന്ന് പ്രകടപത്രി കമ്മീറ്റി ചെയർമാൻ ജി പരമേശ്വര പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനേയും ബജ്റംഗദളിനേയും നിരോധിക്കുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം തന്നെ ഇക്കാര്യത്തിലെ പാർട്ടി നിലപാട് വ്യക്താമക്കുന്നുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.
അതേസമയം ബിജെപി ഇപ്പോൾ വിഷയം ആയുധമാക്കുന്നത് തിരഞ്ഞെടുപ്പിൽ തങ്ങളെ തുണയ്ക്കുമെന്നും ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കുമെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ബിജെപിയുടെ പ്രചരണങ്ങൾ ഒന്നും വിലപ്പോവില്ല. അവർക്ക് സാധ്യമാകുന്ന പ്രചരണങ്ങൾ അവർ നടത്തട്ടെ. കോൺഗ്രസിന് സംസ്ഥാനത്ത് 141 സീറ്റുകൾ വരെ ലഭിക്കും', കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറും പ്രതികരിച്ചു.












Click it and Unblock the Notifications