നാഷണല്‍ ഹെറാള്‍ഡ് കേസ്;സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുൻപിൽ..രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്
ദില്ലി; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. രാവിലെ പതിനൊന്നരയോടെയാണ് ഹാജരാകുക. നേരത്തേ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സോണിയയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും കൊവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ സാധിച്ചിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ഇഡി അറിയിച്ചെങ്കിലും ഇഡി ഓഫീസിലേക്ക് താൻ നേരിട്ട് എത്തുമെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു.

ഇതാദ്യമായാണ് കോൺഗ്രസ് അധ്യക്ഷയെ ഒരു കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. നടപടിയുടെ പശ്ചാത്തലത്തിൽ പാർട്ടി കോൺഗ്രസ് ആസ്ഥാനത്തും പരിസരത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ചുകൾ നടത്തുന്നതിനും കൂട്ടം കൂടുന്നതും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ന 24 അക്ബർ റോഡ് മുതൽ വിപുലമായ ക്രമീകരണങ്ങളും പോലീസ് ഏർപ്പെടുത്തി.റോഡിൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം സോണിയയെ ചോദ്യം ചെയ്യാനുള്ള ഇഡി നടപടിക്കെതിരെ
രാജ്യമാകെ വൻ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. നേരത്തേ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത സമയത്ത് നടത്തിയ രീതിയിലുള്ള സമാന പ്രതിഷേധങ്ങൾക്കാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി അസ്ഥാനത്ത് യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ട് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അധ്യക്ഷയ്ക്ക് പിന്നിൽ പാർട്ടി ഒറ്റക്കെട്ടായി ഉറച്ച് നിൽക്കുമെന്നും നേതാക്കൾ പ്രതികരിച്ചു.
രാവിലെയോടെ തന്നെ എല്ലാ കോൺഗ്രസ് എംപിമാരും പാർട്ടി ആസ്ഥാനത്തെത്താനും യോഗത്തിൽ തീരുമാനമായി. സോണിയയ്ക്കൊപ്പം നേതാക്കൾ ഇ ഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാജ്യത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. വിഷയം പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പാര്‍ലമെന്‍റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തും.
നാഷണല്‍ ഹെറാള്‍ഡ് കേസിൽ നേരത്തേ രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. 50 മണിക്കൂറോളമായിരുന്നു രാഹുലിനെ ചോദ്യം ചെയ്തത്. സോണിയയെ ചോദ്യം ചെയ്തതിന് ശേഷം വീണ്ടും രാഹുലിനെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications