മോഷണത്തിന് ശേഷം മദ്യപാനം; കള്ളന്മാരെ നാട്ടുകാര്‍ പിടിയിലായി
മുംബൈ: വിലപിടിപ്പുള്ളത് മോഷ്ടിക്കാനായി ബംഗ്ലാവില്‍ കയറിയ മോഷ്ടാക്കള്‍ മദ്യപിക്കുന്നതിനിടെ പിടിയിലായി. മുംബൈ നലോസ്പരയ്ക്കടുത്തുള്ള നാന്‍ഭട്ട് ഗ്രാമത്തിലാണ് സംഭവം. പ്രസാദ് ചവാന്‍(19), സുനില്‍ സക്പാല്‍(25) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ അന്ന കോട്‌യന്‍(29) ഓടി രക്ഷപ്പെട്ടു.
ഗ്രമത്തിലെ ഫ്രാന്‍സിസ് ലോപസ് എന്നയാളുടെ ബംഗ്ലാവിലാണ് കഴിഞ്ഞദിവസം രാത്രി 9 മണിക്ക് ശേഷം മോഷ്ടക്കള്‍ കടന്നു കൂടിയത്. ഉടമ ബാംഗ്ലൂരില്‍ പോയ സമയത്തായിരുന്നു മോഷണം. വീടിനകത്തെത്തിയ മോഷ്ടാക്കള്‍ ലാപ്‌ടോപ്പ് അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ബാഗിനകത്താക്കി പുറത്തേക്ക് കടക്കാനൊരുങ്ങുവെയാണ് വിലപിടിപ്പുള്ള സ്‌കോച്ച് വിസ്‌കി ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് ഒട്ടും താമസിച്ചില്ല മുവരും നിലത്തിരുന്ന് മദ്യം അകത്താക്കാന്‍ തുടങ്ങി. ലഹരി മൂത്തതോടെ തങ്ങള്‍ കള്ളന്മാരാണെന്ന ബോധം മറന്ന് ഇവര്‍ ഉച്ചത്തില്‍ ബഹളംവെക്കാനും തുടങ്ങി. ശബ്ദം അടുത്തവീട്ടിലുള്ളവര്‍ കേട്ടതോടെ ഉടന്‍ അടുത്തുള്ളവരെയെല്ലാം വിളിച്ചുവരുത്തി ബംഗ്ലാവ് വളയുകയായിരുന്നു. എന്നാല്‍ ഒരു കള്ളന്‍ ഓടി രക്ഷപ്പെട്ടു.
പിടിയിലായ മറ്റു രണ്ടുപേരെ നാട്ടുകാര്‍ ശരിക്കും കൈകാര്യം ചെയ്തശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ഇരുവരെയും കയറുകൊണ്ട് ബന്ധിച്ചായിരുന്നു മര്‍ദ്ദനം. മൂവരും ഈസ്റ്റ് വിരാറില്‍നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട കള്ളനായി പോലീസ് തിരച്ചില്‍ തുടങ്ങി. അടുത്തിടെ പ്രദേശത്ത് നടന്ന മോഷണത്തിന് പിറകിലും ഇവരാണെന്ന് പോലീസ് സംശയിക്കുന്നു.












Click it and Unblock the Notifications