''അന്തിമ വിജയം ഞങ്ങളുടേത്''; മഹാരാഷ്ട്രയിൽ പിന്നോട്ടില്ലെന്ന് ശിവസേന, ശരദ് പവാർ മുഖ്യമന്ത്രിയാകില്ല
ദില്ലി: തിരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രി സ്ഥാനവും തുല്യ പദവികളും വേണമെന്ന ശിവസേനയുടെ ആവശ്യങ്ങളോട് ബിജെപി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബിജെപി ഇതര സർക്കാർ രൂപീകരിക്കാനുള്ള ശിവസേനയുടെ നീക്കങ്ങളോട് പ്രതിപക്ഷ പാർട്ടികൾ ഇതുവരെ അനുകൂലമായി പ്രതികരിക്കാത്തത് ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ സർക്കാർ രൂപികരണവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ നീക്കം. നിലപാട് കടുപ്പിച്ചാൽ ശിവസേനയെ വരുതിയിലാക്കാമെന്നാണ് ബിജെപി വിലയിരുത്തുന്നത്. എന്നാൽ മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നാകുമെന്ന് ഉറപ്പിച്ച് പറയുകയാണ് പാർട്ടിയിലെ മുതിർന്ന നേതാവ്.

അനിശ്ചിതത്വം തുടരുന്നു
മഹാരാഷ്ട്രയിൽ രണ്ടര വർഷം മുഖ്യമന്ത്രി പദവും തുല്യമായ പദവികളും വേണമെന്നാണ് ശിവസേന മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ബിജെപിയും ശിവസേനയും വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്തതോടെയാണ് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്. 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം കടക്കാൻ 45 സീറ്റുകൾ വേണം. ബിജെപിക്ക് 105 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുകളുമാണ് നിലവിലുള്ളത്.

മുഖ്യമന്ത്രി പദം ശിവസേനയ്ക്ക്
മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് തന്നെ ആയിരിക്കുമെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയാണ് മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റൗട്ട്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറുകയാണെന്നും നീതിയ്ക്കായുള്ള പോരാട്ടത്തിൽ തന്റെ പാർട്ടി വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയെക്കുറിച്ചുള്ള തീരുമാനങ്ങൾ മഹാരാഷ്ട്രയിൽ നിന്ന് തന്നെയാണ് എടുക്കേണ്ടത്. സഞ്ജയ് റൗട്ട് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന അമിത് ഷാ- ഫട്നാവിസ്, സോണിയാ- പവാർ കൂടിക്കാഴ്ചകളെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

എൻസിപിയുമായി കൂടിക്കാഴ്ച
സർക്കാർ രൂപീകരണത്തിനായി എൻസിപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും സഞ്ജയ് റൗട്ട് തുറന്ന് സമ്മതിച്ചു. അതൊരു തെറ്റാണെന്ന് കരുതുന്നില്ല. മറ്റ് ചില ചെറുകക്ഷികളും ശിവസേനയുമായി ബന്ധപ്പെട്ട് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ശരദ് പവാർ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് അതുണ്ടാകില്ലെന്നായിരുന്നു സഞ്ജയ് റൗട്ടിന്റെ മറുപടി. സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്നും സത്യപ്രതിജ്ഞ ആരുടെയും കുത്തകയല്ലെന്നും ബിജെപിയുടെ പേര് പരാമർശിക്കാതെ അദ്ദേഹം വിമർശിച്ചു.

ബിജെപി ഇതര സർക്കാർ
അതേസമയം കോൺഗ്രസിന്റെയും എൻസിപിയുടേയും പിന്തുണയോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപികരിക്കാനുള്ള ശിവസേനയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ശിവസേനയുമായി ബന്ധം വേണ്ടെന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം ശരദ് പവാറിനേയും അറിയിച്ചിട്ടുണ്ട്. 115 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 63 എംഎൽഎമാരുടെ പിന്തുണ ശിവസേനയും അവകാശപ്പെടുന്നു. എൻസിപിയും കോൺഗ്രസും കൂടെ 102 സീറ്റുകളാണ് നേടിയത്.

രാഷ്ട്രപതി ഭരണമോ?
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള കാലാവധി മൂന്ന് ദിവസത്തിനുളളിൽ അവസാനിക്കും. നവംബർ എട്ടിനുള്ളിൽ സർക്കാർ രൂപികരണം നടന്നില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയേക്കാം. അതേസമയം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ ശിവസേനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ആർഎസ്എസ് ഇടപെടണം
അതേസമയം ബിജെപിയെ അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെടണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത് എത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ശിവസേനാ നേതാവ് കിഷോർ തിവാരി മോഹൻ ഭഗവതിന് കത്തയച്ചു. പൊതു തിരഞ്ഞെടുപ്പിന് മുൻപ് തീരുമാനിച്ചിരുന്നതുപോലെ 50:50 ഫോർമുല നടപ്പിലാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. എന്നാൽ ആർഎസ്എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications