നിതീഷ് കുമാര്‍ പാലം വലിക്കും? ഇന്ത്യ സഖ്യത്തില്‍ ഞെട്ടല്‍, ബിഹാര്‍ ഇടക്കാല തിരഞ്ഞെടുപ്പിലേക്കോ
ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ ഒരുമിച്ച പ്രതിപക്ഷ ചേരിയില്‍ വിള്ളല്‍. നേതാക്കള്‍ വ്യത്യസ്ത നിലപാട് പറയുന്നതാണ് പോരിന് ഇടയാക്കിയിരിക്കുന്നത്. ബംഗാളില്‍ മമത ബാനര്‍ജിയും കോണ്‍ഗ്രസ്, സിപിഎം നേതാക്കളും തമ്മില്‍ ചേര്‍ച്ചയില്ല. അതിനിടെയാണ് ബിഹാറില്‍ നിന്ന് കോണ്‍ഗ്രസിനെയും പ്രതിപക്ഷ നേതാക്കളെയും അമ്പരപ്പിക്കുന്ന വാര്‍ത്ത.
ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ ഇന്ത്യ സഖ്യം വിട്ടേക്കുമെന്നാണ് വാര്‍ത്ത. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ജെഡിയു മല്‍സരിച്ചേക്കുമെന്നും അഭ്യൂഹം ശക്തമാണ്. മക്കള്‍ രാഷ്ട്രീയത്തെയും പാരമ്പര്യ രാഷ്ട്രീയത്തെയും വിമര്‍ശിച്ച നിതീഷ് കുമാറിന് മറുപടിയുമായി ലാലു പ്രസാദ് യാദവിന്റെ മകള്‍ രംഗത്തുവന്നുകഴിഞ്ഞു.

നേരത്തെ ബിജെപിയുമായി സഖ്യത്തിലായിരുന്നു ജെഡിയു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് കളം മാറി ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നത്. ഇതോടെ സീറ്റ് കുറഞ്ഞെങ്കിലും മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ സാധിച്ചു. എന്നാല്‍ ഈ ബന്ധം അധിക കാലം നീളില്ലെന്ന് ബിജെപി അന്ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിതീഷ് കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലെത്തുമ്പോള്‍ നിതീഷ് വിട്ടുനില്‍ക്കുമെന്നാണ് വിവരം. മാത്രമല്ല, മക്കള്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെതിരെ ആരുടെയും പേരെടുത്ത് പറയാതെ നിതീഷ് കുമാര്‍ വിമര്‍ശിച്ചതും ചര്‍ച്ചയായി.
രാഹുല്‍ ഗാന്ധിയുടെ യാത്ര ബിഹാറിലെത്തുന്നത് കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. ഇതിനിടെയാണ് നിതീഷ് കുമാറിന്റെ കളംമാറ്റ സാധ്യത വര്‍ധിച്ചിരിക്കുന്നതും. ജെഡിയു കളംമാറിയാല്‍ ബിഹറിലെ വിശാല സഖ്യ സര്‍ക്കാര്‍ വീഴാനുള്ള സാധ്യതയുമുണ്ട്. നിലവില്‍ ഏറ്റവും വലിയ കക്ഷി ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ്. ബിജെപിയും ജെഡിയുവും കോണ്‍ഗ്രസിനും ഇതിന് താഴെയാണ്.
ജെഡിയു ബിജെപിക്ക് കൈകൊടുത്താല്‍ ഒരു പക്ഷേ, ഇടക്കാല തിരഞ്ഞെടുപ്പിന് ബിഹാറില്‍ കളമൊരുങ്ങിയേക്കും. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം ഇരുഭാഗത്തിനും ലഭിക്കാത്ത സാഹചര്യം വരും. ഈ വേളയില്‍ ഇടക്കാല തിരഞ്ഞെടുപ്പിനാണ് സാധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കും. ബിഹാറിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
ബിജെപിയെ ദേശീയ തലത്തില്‍ നേരിടാന്‍ രൂപീകരിച്ച ഇന്ത്യ സഖ്യത്തിന്റെ നിരവധി യോഗങ്ങള്‍ നടന്നിരുന്നു. ഇതിലെല്ലാം നിതീഷ് പങ്കെടുക്കുകയും ചെയ്തു. ഒരു തവണ അദ്ദേഹം മുന്‍കൈയ്യെടുത്ത് പട്‌നയില്‍ യോഗം നടത്തുകയും ചെയ്തു. ഇന്ത്യ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ നിതീഷ് പങ്കെടുക്കില്ല എന്നും വാര്‍ത്തകളുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞതിന് ശേഷമുള്ള രാഷ്ട്രീയ മാറ്റം മനസിലാക്കിയാണ് നിതീഷ് മാറി ചിന്തിക്കുന്നത് എന്നും വാര്‍ത്തകളുണ്ട്.












Click it and Unblock the Notifications