തബ്ലീഗ് നേതാവിനെതിരെ കേസെടുത്തു; നിസാമുദ്ദീനില്‍ നിന്നെത്തിയ 45 പേര്‍ക്ക് തമിഴ്‌നാട്ടില്‍ കൊറോണ
ദില്ലി/ചെന്നൈ: നിര്‍ദേശങ്ങള്‍ പാലിക്കാതെ നിസാമുദ്ദീനിലെ ആസ്ഥാനത്ത് തബ്ലീഗ് സമ്മേളനം നടത്തിയ സംഭവത്തില്‍ ദില്ലി പോലീസ് കേസെടുത്തു. തബ്ലീഗ് പണ്ഡിതനായ മൗലാന സഅദിനും മറ്റു ചിലര്‍ക്കുമെതിരെയാണ് കേസ്. 1987ലെ എപിഡമിക് ഡിസീസ് നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകിരിച്ചു. ഇതില്‍ 45 പേര്‍ നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരാണെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇതോടെ തമിഴ്‌നാട്ടിലെ രോഗ ബാധിതരുടെ എണ്ണം 124 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയില്‍ ഇന്ന് 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുണ്ടോ എന്ന് വ്യക്തമല്ല. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമ്മേളനത്തില്‍ പങ്കെടുത്ത 2137 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പരിശോധിക്കുകയും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയും ചെയതു. കേരളത്തില്‍ 45 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഒമ്പത് പേര്‍ മരിച്ചു. ആറ് പേര്‍ തെലങ്കാനയിലും ഒരാള്‍ കശ്മീരിലുമാണ് മരിച്ചത്.
നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക തയ്യാറാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കളക്ടമാര്‍ക്ക് പട്ടിക കൈമാറി. പോലീസ് വിശദമായ പരിശോധന നടത്തി. അതിന് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത 45 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പത്തനംതിട്ട 14, ആലപ്പുഴ 8, കോഴിക്കോട് 6, ഇടുക്കി 5, പാലക്കാട് 4, മലപ്പുറം 4, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍ തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലുള്ളവരാണ്. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ കേന്ദ്രത്തിലും പരിസരങ്ങളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 200ഓളം പേര്‍ രോഗ ലക്ഷണം കാണിക്കുന്നുണ്ട്. ഇവിടെ നിന്ന് 1800 പേരെ ഒഴിപ്പിച്ചു. 441 പേരെ ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷത്തിലാണ് നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് ഇത്തരം സമ്മേളനം നടക്കാറ്. 1500-1700 പേര്‍ മൊത്തം പങ്കെടുത്തുവെന്നാണ് കണക്ക്.












Click it and Unblock the Notifications