വിദേശത്ത് എംബിബിഎസ് പഠിച്ച് ഇന്ത്യൻ പ്രവേശന പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന
ദില്ലി;യുക്രൈൻ യുദ്ധത്തോടെ മെഡിസിൻ പഠനത്തിനായി അവിടെയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ ദയനീയ അവസ്ഥ ചർച്ചയായിരിക്കുകയാണ്. നിരവധി വിദ്യാർത്ഥികളാണ് അവിടെ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നത്. എന്തുകൊണ്ടായിരിക്കും മെഡിസിൻ പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രൈൻ പോലുള്ള രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത്?.
വിദേശത്ത് എം ബി ബി എസ് പഠനം പൂർത്തിയാക്കി ഇന്ത്യയിൽ വന്ന് പ്രാക്ടീസ് ചെയ്യുന്നതിന് ലൈസൻസ് നേടുന്നതിനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷയ്ക്ക് (എഫ് എം ജി ഇ) എടുക്കുന്ന അപേക്ഷകരുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിരുദധാരികളുടെ എണ്ണം 12,116-ൽ നിന്ന് 35,774 ആയി ഉയർന്നെന്ന് പരീക്ഷ നടത്തുന്ന ബോർഡ് ഓഫ് എക്‌സാമിനേഷൻ (NBE) വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 30,000ത്തോളം പുതിയ മെഡിക്കൽ സീറ്റുകൾ ഇന്ത്യ അനുവദിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

എഫ് എം ജി ഇ പരീക്ഷ എഴുതുന്ന ഭൂരിഭാഗം ബിരുദധാരികളും ചൈന, റഷ്യ, ഉക്രെയ്ൻ, കിർഗിസ്ഥാൻ, ഫിലിപ്പീൻസ്, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ പഠിച്ചവരാണ്. 2020ൽ ചൈനീസ് സർവകലാശാലകളിൽ നിന്ന് ബിരുദമെടുത്ത 12,680 പേരാണ് പരീക്ഷ എഴുതിയത്. റഷ്യയിൽ നിന്ന് 4,313, ഉക്രെയ്നിൽ നിന്ന് 4,258, കിർഗിസ്ഥാനിൽ നിന്ന് 4,156, ഫിലിപ്പീൻസിൽ നിന്ന് 3,142, കസാക്കിസ്ഥാനിൽ നിന്ന് 2,311 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ കണക്ക്. എന്നാൽ ഇത്തരത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾ എഫ് എം ജി ഇ പരീക്ഷകളിൽ പരാജയപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എഫ് എം ജി ഇ പരീക്ഷയുടെ ശരാശരി വിജയശതമാനം 15.82 % ആണ്. അതേസമയം യുക്രൈനിൽ നിന്നുള്ള ബിരുദദാരികളുടെ വിജയശതമാനം 17.22 % ഉം.
ഫിലിപ്പൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് തുടരുന്നത്. 2015 ൽ നിന്ന് 10 മടങ്ങ് വർധനവമാണ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായത്. മാത്രമല്ല ഫിലിപ്പൈനിൽ ബിരുദം ചെയ്ത് എഫ് എം ജി ഇ പരീക്ഷ പാസാകുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുണ്ടെന്നും കണക്കുകൾ പറയുന്നു.
രാജ്യത്തുടനീളം ലഭ്യമായ 83,000 എം ബി ബി എസ് സീറ്റുകളിലേക്ക് 2021-ൽ 16 ലക്ഷത്തിലധികം വിദ്യാർത്ഥികൾ നീറ്റ്-യുജി പരീക്ഷ എഴുതിയിരുന്നു. നിലവിൽ 83000 സീറ്റുകളാണ് രാജ്യത്ത് ഉള്ളത്. ഇതിൽ പകുതി മാത്രമാണ് സർക്കാർ മേഖലയിൽ ഉള്ളത്. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച രോഗികളുടെ അനുപാതമായ 1:1000 അനുസരിച്ച് ഇന്ത്യയിൽ 1.38 ദശലക്ഷം ഡോക്ടർമാരെ ആവശ്യമുണ്ട്. അതേസമയം രാജ്യത്ത് 1.2 ദശലക്ഷം രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ ഉണ്ടെന്നാണ്നാ ഷണൽ ഹെൽത്ത് പ്രൊഫൈൽ 2021 റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യയിലെ സ്വകാര്യ കോളേജുകളെ അപേക്ഷിച്ച് വിദ്യാഭ്യാസ ചെലവ് കുറവായതിനാൽ രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് ലഭിക്കാത്ത നിരവധി വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി പോകുന്നത്. ഉദാഹരണത്തിന്, യുദ്ധത്തിൽ തകർന്ന യുക്രെയിനിൽ മെഡിക്കൽ ബിരുദം നേടുന്നതിനുള്ള ചെലവ് ആറ് വർഷത്തേക്ക് ഏകദേശം 15 മുതൽ 20 ലക്ഷം വരെയാണ്. ഇന്ത്യയിൽ നാലര വർഷത്തെ കോഴ്‌സിന് സ്വകാര്യ മെഡിക്കൽ കോളേജുകളുടെ ഫീസ് 50 ലക്ഷം മുതൽ 1.5 കോടി രൂപ വരെയാണ്.
Recommended Video
അതേസമയം മെഡിസിന്‍ പഠിക്കാനായി വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോവേണ്ട ആവശ്യമില്ലെന്നും ഇന്ത്യയില്‍ തന്നെ പഠിക്കണമെന്നും നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കൂടുതൽ സ്വകാര്യ സ്ഥാപനങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലേക്ക് വരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications