പുറത്തുള്ളവര്‍ പാര്‍ലമെന്റില്‍ കയറി; വനിതാ എംപിമാരെയും വെറുതെവിട്ടില്ല, പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: രാജ്യം ഞെട്ടുന്ന സംഭവങ്ങളണ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനങ്ങളില്‍ പാര്‍ലമെന്റില്‍ നടന്നത്. പ്രതിപക്ഷ നേതാക്കാള്‍ പാര്‍ലമെന്റിന് പുറത്തെത്തി അകത്ത് നടന്ന സംഭവങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. വനിതാ എംപിമാരെ പോലും പുറത്തുനിന്നുള്ളവരെത്തി കൈയ്യേറ്റം ചെയ്തുവെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ സുരക്ഷയ്ക്ക് നിയോഗിക്കാത്തവരാണ് അകത്ത് കയറിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തുവെന്നും മാപ്പ് പറയണമെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

രാഹുല്‍ ഗാന്ധിയും 15ഓളം പ്രതിപക്ഷ നേതാക്കളുമാണ് പാര്‍ലമെന്റിന് പുറത്ത് തടിച്ചുകൂടിയതും പ്രതിഷേധിച്ചതും. പുറത്തുനിന്നുള്ളവര്‍ പാര്‍ലമെന്റില്‍ കയറിയതില്‍ നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പരാതി നല്‍കണം. വനിതാ എംപിമാരടക്കമുള്ളവരെയാണ് പാര്‍ലമെന്റില്‍ കൈയ്യേറ്റം ചെയ്തത് എന്നും നേതാക്കള്‍ പറഞ്ഞു.

യാതൊരു പ്രകോപനവുമുണ്ടായിരുന്നില്ല. പാര്‍ലമെന്റ് സുരക്ഷയുടെ ഭാഗമല്ലാത്തവര്‍ അകത്തേക്ക് വന്നു. പ്രതിപക്ഷ നേതാക്കളെയും അംഗങ്ങളെയും കൈയ്യേറ്റം ചെയ്തു. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ചുവെന്ന് കാണിച്ചാണ് കൈയ്യേറ്റം ചെയ്തത്. ബലം പ്രയോഗിച്ച് തങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏകാധിപത്യ നിലപാടാണിത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം മനഃപ്പൂര്‍വം വഴിതിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. രാജ്യം നേരിടുന്ന പ്രധാന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ കേട്ട ഭാവം നടിച്ചില്ല. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച സംശയങ്ങളും സര്‍ക്കാര്‍ തള്ളുകയാണ് ചെയ്തതെന്നും നേതാക്കള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാരും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ഡിഎംകെ, എസ്പി, ആര്‍ജെഡി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് എന്നിവയുടെ അംഗങ്ങളും പ്രതിഷേധത്തില്‍ ഭാഗമായി. എന്താണ് പാര്‍ലമെന്റിന് അകത്ത് നടന്നത് എന്ന് പറയാനാണ് ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയതെന്ന് രാഹൂല്‍ ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപമാരെ മര്‍ദ്ദിക്കുന്നത് രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്. പിടിച്ചു തള്ളി. ചുറ്റും നിന്ന് കൈയ്യേറ്റം ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ അസ്വസ്ഥനാണ്. സ്പീക്കറും അതേ അവസ്ഥയിലാണ്. സഭയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കേണ്ടത് അവരുടെ ബാധ്യതയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ 60 ശതമാനത്തിന്റെ ശബ്ദവും പാര്‍ലമെന്റില്‍ എത്തുന്നില്ല. അവരുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്. കായികമായി നേരിടുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ വച്ച് പിടിച്ചുതള്ളിയപ്പോള്‍ പാകിസ്താന്‍ അതിര്‍ത്തിയിലാണോ നില്‍ക്കുന്നതെന്ന് തോന്നിപ്പോയെന്നും തീര്‍ത്തും അവഗണനയോടെയാണ് അവര്‍ പെരുമാറിയതെന്നും ശിവസേന അംഗം സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി സര്‍ക്കാര്‍ രംഗത്തുവന്നു. പൂര്‍ണമായും തെറ്റായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. എന്താണ് നടന്നത് എന്ന് പാര്‍ലമെന്റിലെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഭാഗം വിശദീകരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്.












Click it and Unblock the Notifications