ബീഹാറില്‍ ഒവൈസിയുടെ മിഡില്‍ സ്റ്റംമ്പ് തെറിച്ചു; അഞ്ചില്‍ നാല് എംഎല്‍എമാരും ആര്‍ജെഡിക്കൊപ്പം
ദില്ലി: ബീഹാറില്‍ അസാദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരില്‍ നാല് പേരും ആര്‍ജെഡിയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം അരങ്ങേറുന്നതിനിടെയാണ് ബീഹാറില്‍ ഇത്തരമൊരു നീക്കം നടന്നത്. ഇതോടെ ആര്‍ജെഡിയുടെ അംഗസംഖ്യ 79 ആയി ഉയര്‍ന്നു. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയും ആര്‍ജെഡിയാണ്. ബിജെപിയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തെ വെള്ളം കുടിപ്പിച്ചിരുന്നു ഒവൈസി. മജ്‌ലിസ് പാര്‍ട്ടി മുസ്ലീം വോട്ടുകള്‍ ചോര്‍ത്തി കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കിയിരുന്നു. അതാണ് ആര്‍ജെഡി സഖ്യത്തിന് ഭരണം നഷ്ടമാക്കിയത്.

ഷാനവാസ്, ഇസര്‍, അഞ്ജര്‍ നയനി, സയ്യിദ് റുക്കുന്‍ന്തിന്‍ എന്നിവരാണ് ആര്‍ജെഡി പക്ഷത്തേക്ക് മാറിയത്. അതേസമയം ശേഷിക്കുന്ന എംഎല്‍എ അക്തറുള്‍ ഇമാന്‍ മാത്രമാണ്. ഇയാള്‍ മജ്‌ലിസ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്. നേരത്തെ ആര്‍ജെഡി നേതൃത്വവുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നുവെന്നും സൂചനകളുണ്ടായിരുന്നു. മജ്‌ലിസ് പാര്‍ട്ടിയുടെ ഭാവിയില്‍ ഈ എംഎല്‍എമാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. താല്‍ക്കാലിക പ്രതിഭാസമാണെന്നും, ഇനി മുന്നോട്ട് പോകില്ലെന്നും ഇവര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് തേജസ്വി യാദവിനൊപ്പം പോകാന്‍ എംഎല്‍എമാര്‍ തീരുമാനിച്ചത്. 2021ലെ യുപി തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും മജ്‌ലിസ് പാര്‍ട്ടി നേടിയിരുന്നില്ല.
യുപി തിരഞ്ഞെടുപ്പില്‍ 90 സീറ്റിലാണ് മജ്‌ലിസ് പാര്‍ട്ടി മത്സരിച്ചത്. ഒരു സീറ്റിലും ജയിക്കാതിരുന്നത് പാര്‍ട്ടിയുടെ അടിത്തറയെ കുറിച്ച് പല സംസ്ഥാനങ്ങളിലെ നേതാക്കളിലും സംശയമുണ്ടാക്കിയിരുന്നു. ഇനിയും പലയിടത്ത് നിന്നും ഇതുപോലെ കൂട്ടരാജി പ്രതീക്ഷിക്കാം. മജ്‌ലിസ് പാര്‍ട്ടി നേരത്തെ ആര്‍ജെഡിയുടെ വോട്ട് ചോര്‍ത്തിയിരുന്നു. ഇരുപതോളം മണ്ഡലങ്ങളിലെ മുസ്ലീം വോട്ടുകളാണ് ഒവൈസിയുടെ പ്രചാരണത്തില്‍ ഭിന്നിച്ച് പോയത്. എന്നാല്‍ യുപിയില്‍ മുസ്ലീങ്ങള്‍ മജ്‌ലിസ് പാര്‍ട്ടിക്ക് വോട്ട് ചെയ്തിരുന്നില്ല. പാര്‍ട്ടി വോട്ടുകള്‍ ചോര്‍ത്തുന്നുവെന്ന് മുസ്ലീം സമുദായം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മജ്‌ലിസ് പാര്‍ട്ടിക്ക് ഭാവിയില്ലെന്നാണ് വിലയിരുത്തല്‍.
മജ്‌ലിസ് പാര്‍ട്ടിയെ ദുര്‍ബലമാക്കുക എന്നത് ആര്‍ജെഡിയുടെ കൂടെ ലക്ഷ്യമാണ്. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് മജ്‌ലിസ് പാര്‍ട്ടിയെ തകര്‍ത്തില്ലെങ്കില്‍ തീര്‍ച്ചയായിട്ടും അത് ആര്‍ജെഡിയുടെ മുസ്ലീം വോട്ടുകളെ ഇല്ലാതാക്കും. അതുപോലെ തന്നെ മജ്‌ലിസ് പാര്‍ട്ടിയെ ബീഹാര്‍ ജനത വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കൈവിടുമെന്ന് പാര്‍ട്ടി വിട്ട എംഎല്‍എമാരും ഭയക്കുന്നുണ്ട്. ബീഹാറില്‍ ബിജെപിക്ക് 77 സീറ്റാണ് ഉള്ളത്. അതേസമയം ആര്‍ജെഡിക്ക് നിലവില്‍ 76 എംഎല്‍എമാരായിരുന്നു ഉണ്ടായിരുന്നത്. നേരത്തെ വികാന്‍ഷീന്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.












Click it and Unblock the Notifications