പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു: എംടിക്ക് വേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങിയത് മകള്‍ അശ്വതി
ഡല്‍ഹി: പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങളില്‍ മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ച എംടി വാസുദേവന്‍ നായർക്ക് വേണ്ടി മകള്‍ അശ്വതി പുരസ്കാരം ഏറ്റുവാങ്ങി. ഡോ. ജോസ് ചാക്കോ പെരിയപുറം, പിആർ ശ്രീജേഷ് എന്നിവർ പത്മഭൂഷണ്‍ പുരസ്കാരവും രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
അച്ഛനുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങിയ നിമിഷം തന്നെ സംബന്ധിച്ച് വളരെ വൈകാരികത നിറഞ്ഞ ഒന്നായിരുന്നുവെന്നായിരുന്നു അശ്വതിയുടെ പ്രതികരണം. അച്ഛന്‍ ഉള്ളപ്പോള്‍ ലഭിച്ചിരുന്നെങ്കില്‍ വളരെയധികം സന്തോഷമാകുമായിരുന്നു. അച്ഛന്‍ പോയി ഒരു മാസം കഴിഞ്ഞാണ് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. രാഷ്ട്രപതിഭവനില്‍ നിന്നും പത്മവിഭൂഷണ്‍ നല്‍കാനായി അദ്ദേഹത്തിന്റെ പേര് വിളിച്ചപ്പോള്‍ കരയാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കല, സിനിമ, കായികം, മരുതോം, സാമൂഹ്യ സേവനം, ശാസ്ത്രം, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖ വ്യക്തികളെയാണ് രാജ്യം പത്മ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. ഈ വർഷം, തെലുഗു നടൻ നന്ദമൂരി ബാലകൃഷ്ണ, തമിഴ് നടൻ അജിത് കുമാർ, ബോളിവുഡ് ഗായകൻ അരിജിത് സിംഗ്, സംവിധായകൻ ശേഖർ കപൂർ എന്നിവർ ഉൾപ്പെടെ 139 പേർക്ക് പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മ ശ്രീ പുരസ്കാരങ്ങൾ ലഭിച്ചു. മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോള്‍ താരം ഐ എം വിജയന് പത്മശ്രീയും ലഭിച്ചിട്ടുണ്ട്.
തെലുഗു സിനിമയിലെ അതുല്യ സംഭാവനകൾക്കാണ് നന്ദമൂരി ബാലകൃഷ്ണക്ക് പത്മ ഭൂഷൺ ലഭിച്ചത്. പരമ്പരാഗത ആന്ധ്ര വേഷത്തിൽ എത്തിയാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ ബഹുമതി എന്റെ സിനിമാ ജീവിതത്തിലെ കൂട്ടായ പരിശ്രമങ്ങളുടെ അംഗീകാരമാണെന്നായിരുന്നു പുരസ്കാരം കൈപ്പറ്റിയതിന് പിന്നാലെയുള്ള അജിത് കുമാറിന്റെ പ്രതികരണം.
പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മ ഭൂഷൺ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം സ്വീകരിച്ചത്. 7 പത്മവിഭൂഷന്‍ പുരസ്‌കാരങ്ങളും 19 പത്മഭൂഷന്‍ 113 പത്മശ്രീ അവാര്‍ഡുകളും ആണ് ഇത്തവണ വിതരണം ചെയ്തത്. ഇതില്‍ 13 പേർക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം സമ്മാനിച്ചു. 139 പത്മാ അവാര്‍ഡുകളില്‍ പത്തുപേര്‍ വിദേശികള്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications