ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മാറ്റരുതെന്ന് ബിജെപി ഉൾപ്പെടെ ആവശ്യപ്പെട്ടു; തിരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി; എല്ലാ രാഷ്ട്രീയ പാർട്ടികളും യു പി തിരഞ്ഞെടുപ്പ് മാറ്റരുതെന്ന് ആവശ്യപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൃത്യസമയത്ത് തന്നെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നതാണ് പാർട്ടികളുടെ നിലപാടെന്നും കമ്മീഷൻ പറഞ്ഞു. കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ വിശദീകരണം.
തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണമെന്ന് ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെ എല്ലാവരും ആവശ്യപ്പെട്ടിട്ടുണ്ട്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം റാലികൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ പലതും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടെന്ന് പാർട്ടികൾ ചൂണ്ടിക്കാട്ടിയതായും ഇവയ്ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടതായും സുശീൽ ചന്ദ്ര വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സംസ്ഥാനം സന്ദർശിച്ചിരുന്നു. ഇവർ രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
പുതിയ ഒമൈക്രോൺ കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെടുകയും തിരഞ്ഞെടുപ്പ് റാലികൾ നിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കമ്മീഷൻ അംഗങ്ങൾ യുപി സന്ദർശിച്ചത്.
അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ വോട്ടിംഗ് സമയം ഒരു മണിക്കൂർ നീട്ടുമെന്നും അകലം ഉറപ്പാക്കാൻ 11,000 ബൂത്തുകൾ കൂടി പുതുതായി ചേർക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻനിര പ്രവർത്തകർ രണ്ട് ഡോസ് വാക്സിനും നേടിയെന്ന് ഉറപ്പാക്കും. സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജനസംഖ്യയുടെ 50 ശതമാനം പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും സംസ്ഥാനത്ത് ഇതുവരെ നാല് ഒമൈക്രോൺ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും യുപി ഉദ്യോഗസ്ഥർ അറിയിച്ചതായും കമ്മീഷൻ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുകളിലും കുറഞ്ഞ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളും. തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ സ്ത്രീകൾക്കായി 800 പോളിംഗ് ബൂത്തുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശ് കൂടാതെ അടുത്ത വർഷം ആദ്യം ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗുജാറാത്ത് എന്നിവിടങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കും.