കരകൗശലത്തൊഴിലാളികള്‍ക്ക് ഈട് രഹിത വായ്പ, തുച്ഛമായ പലിശ; പിഎം വിശ്വകര്‍മ്മയ്ക്ക് അംഗീകാരം
ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പിഎം വിശ്വകര്‍മ പദ്ധതിക്ക് അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതി 30 ലക്ഷം കരകൗശലത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സബ്സിഡി നിരക്കില്‍ ഈട് രഹിത വായ്പ നല്‍കുന്നതാണ് പദ്ധതി. പിഎം വിശ്വകര്‍മ്മക്കായി അഞ്ച് വര്‍ഷത്തേക്ക് 3,000 കോടി രൂപയുടെ സാമ്പത്തിക വിഹിതം അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 18 പരമ്പരാഗത മേഖലകള്‍ പദ്ധതിക്ക് കീഴില്‍ ഉള്‍ക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്ക് കീഴില്‍ കരകൗശല തൊഴിലാളികള്‍ക്ക് പിഎം വിശ്വകര്‍മ സര്‍ട്ടിഫിക്കറ്റുകള്‍, ഐഡി കാര്‍ഡുകള്‍, പരമാവധി അഞ്ച് ശതമാനം പലിശനിരക്കോടെ ഒരു ലക്ഷം രൂപ വായ്പ എന്നിവക്ക് അംഗീകാരം നല്‍കും.

നൈപുണ്യ നവീകരണം, ടൂള്‍കിറ്റ് പ്രോത്സാഹനം, ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള പ്രോത്സാഹനം, വിപണന പിന്തുണ എന്നിവയും പദ്ധതിക്ക് കീഴില്‍ അനുവദിക്കും. മരപ്പണിക്കാര്‍, ബോട്ട് നിര്‍മ്മാതാക്കള്‍, തട്ടാന്‍മാര്‍, പൂട്ടുതൊഴിലാളികള്‍, സ്വര്‍ണ്ണപ്പണിക്കാര്‍, കുശിനിക്കാര്‍, ശില്‍പികള്‍, ചെരുപ്പ് പണിക്കാര്‍, കൊത്തുപണിക്കാര്‍ എന്നിവര്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നു.
പിഎം ഇ-ബസ് സേവയ്ക്കും സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന് കീഴില്‍ 10000 ഇ-ബസുകള്‍ രാജ്യത്ത് പുറത്തിറക്കും. 10 വര്‍ഷത്തേക്ക് ഇതിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 169 നഗരങ്ങളില്‍ 10,000 ഇ-ബസുകള്‍ വിന്യസിക്കുമെന്നും ഗ്രീന്‍ അര്‍ബന്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിന് കീഴില്‍ 181 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൈവറ്റ്-പബ്ലിക് പാര്‍ട്ണര്‍ഷിപ്പ് മാതൃകയില്‍ 10000 ഇ-ബസുകള്‍ ഉപയോഗിച്ച് സിറ്റി ബസ് ഓപ്പറേഷന്‍ വര്‍ധിപ്പിക്കാനാണ് നീക്കം. പദ്ധതിക്ക് 57613 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതില്‍ 20,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇതിലൂടെ 45000 മുതല്‍ 55000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് രണ്ട് തലങ്ങളുണ്ടായിരിക്കും.
ഇതില്‍ ഒന്ന് സിറ്റി ബസ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മറ്റൊന്ന് ഗ്രീന്‍ അര്‍ബന്‍ മൊബിലിറ്റി ഇനിഷ്യേറ്റീവുകള്‍ക്ക് കീഴില്‍ അടിസ്ഥാന വികസനത്തിനും ബസ് മുന്‍ഗണന, അടിസ്ഥാന സൗകര്യങ്ങള്‍, മള്‍ട്ടിമോഡല്‍ ഇന്റര്‍ചേഞ്ച് സൗകര്യങ്ങള്‍ തുടങ്ങിയ ഹരിത സംരംഭങ്ങള്‍ വിഭാവനം ചെയ്യുന്നതിനുമായിരിക്കുമെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications