ഏത് വിധേനയും അധികാരം നിലനിർത്തണം: പഞ്ചാബില്‍ 4 പുതിയ നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്
ലുധിയാന: അധികാരം കയ്യിലുള്ള സംസ്ഥാനം എന്ന നിലയില്‍ പഞ്ചാബില്‍ അതീവ ശ്രദ്ധ പുലർത്തുമ്പോഴും പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നേതാക്കള്‍ തമ്മിലുള്ള അധികാര വടംവലിക്കൊപ്പം സ്ഥാനാർത്ഥി നിർണ്ണയത്തോടെ അസംതൃപ്തി വർധിച്ചവരും എണ്ണവും ഏറിയിട്ടുണ്ട്. രണ്ടാം ഘട്ട സ്ഥാനാർത്ഥി നിർണ്ണയമാണ് പ്രശ്നങ്ങള്‍ ഗുരുതരമാക്കിയത്.
ഇതുവരെ മൂന്നോളം പ്രമുഖ നേതാക്കള്‍ വിമതരായി പത്രിക സമർപ്പിച്ചിട്ടുണ്ട്. തർക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ ഏട്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. ഫെബ്രുവരി ഒന്നിനാണ് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതിനിടെ സംസ്ഥാനത്ത് നാല് തിരഞ്ഞെടുപ്പ് നിരീക്ഷകരേയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആകെയുള്ള 117 അസംബ്ലി സീറ്റുകളിൽ 69 സീറ്റുകളുള്ള മാൾവ മേഖലയിലേക്ക് രണ്ട് നിരീക്ഷകരെ നിയമിച്ചപ്പോൾ, മജാ, ദോബ മേഖലകളിൽ ഓരോ നിരീക്ഷകരെയാണ് നിയമിച്ചിരിക്കുന്നത്. സഞ്ജയ് നിരുപം, ഉത്തം കുമാർ റെഡ്ഡി, സുഖ്‌വീന്ദർ സിംഗ് സുഖു , അർജുൻ മോദ്‌വാദിയ എന്നിവരെയാണ് ഐ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയമിച്ചിരിക്കുന്നത്.

"പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി താഴെപ്പറയുന്ന പാർട്ടി ഭാരവാഹികളെ എഐസിസി നിരീക്ഷകരെ (പ്രദേശാടിസ്ഥാനത്തിൽ) നിയമിക്കുന്നതിനുള്ള നിർദ്ദേശം കോൺഗ്രസ് അധ്യക്ഷ അംഗീകരിച്ചു. - സഞ്ജയ് നിരുപം മാൾവ മേഖല, ഉത്തം കുമാർ റെഡ്ഡി മജ മേഖല, സുഖ്‌വീന്ദർ സിംഗ് സുഖു ദോബ മേഖല, അർജുൻ മോദ്‌വാദിയ മാൾവ മേഖല," പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനോടൊപ്പം പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും ഇവർ കൂടുതല്‍ ശ്രദ്ധ നല്‍കുക. പഞ്ചാബിൽ അധികാരം നിലനിർത്താൻ ശ്രമിക്കുന്ന കോൺഗ്രസ്, എ എ പി, അകാലി-ബി എസ് പി സഖ്യം, മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്-സുഖ്‌ദേവിന്റെ ശിരോമണി അകാലിദൾ സംയുക്ത്- ബി ജെ പി എന്നിവരെയാണ് നേരിടുന്നത്.

23 സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിച്ചതോടെയായിരുന്നു കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമായത്. അമ്രിക് സിംഗ് ധില്ലൺ, സത്‌വീന്ദർ കൗർ ബിട്ടി, മൽകിത് സിംഗ് ദഖ തുടങ്ങിയ പ്രമുഖ നേതാക്കള്‍ വിമതരായി മത്സരിക്കാന്‍ പത്രിക നല്‍കിയിട്ടുണ്ട്. 79 കാരനായ ധില്ലനായിരുന്നു സമ്രാളയില്‍ നിന്നും സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ആദ്യം അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ഈ മണ്ഡലത്തില്‍ നിന്നും മുമ്പ് നാല് തവണ വിജയിച്ചിട്ടുള്ള നേതാവാണ് ധില്ലണ്‍. എന്നാല്‍ ഇത്തവണ ഖന്നയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് വ്യവസായിയായ രൂപീന്ദർ സിംഗ് രാജാ ഗില്ലിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 20 നാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. പഞ്ചാബില്‍ കഴിഞ്ഞ തവണ ഞെട്ടിച്ചത് ആംആദ്മി ഇത്തവണയും വലിയ മുന്നേറ്റം നടത്തുമെന്നാണ് പ്രവചനങ്ങള്‍. 20 സീറ്റില്‍ വിജയിച്ച് അവർ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി. ലോക് ഇന്‍സാഫ് പാർട്ടി 2 സീറ്റുകളും കരസ്ഥമാക്കി. ഏറ്റവും വലിയ നഷ്ടം സഭവിച്ചത് ഭരണത്തിലിരുന്ന എന്‍ ഡി എ സഖ്യത്തിനായിരുന്നു. 15 സീറ്റുകള്‍ മാത്രമായിരുന്നു ശിരോമണി അകാലി ദളിന് ലഭിച്ചത്. 23 സീറ്റില്‍ മത്സരിച്ച ബി ജെ പി 3 സീറ്റിലും വിജയിച്ചിരുന്നു.












Click it and Unblock the Notifications