രാഹുല്‍ ഗാന്ധിയുടെ ആസ്തി; ഇഡി, സിബിഐ അന്വേഷണം തടഞ്ഞു, ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആസ്തി സംബന്ധിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സിബിഐക്കും ഇഡിക്കുമാണ് അലഹാബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്. കര്‍ണാടകയിലെ ബിജെപി പ്രവര്ത്തകന് വിഘ്നേഷ് ശിശിറിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വരവില്‍ കവിഞ്ഞ സ്വത്ത് കൈവശം വെക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു ബിജെപി പ്രവര്‍ത്തകന്റെ ആവശ്യം. ഇക്കാര്യം പരിശോധിക്കാന്‍ ഹൈക്കോടതി കേന്ദ്ര അന്വേഷണ ഏജന്‍സികളോട് ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ നല്കിയ സത്യവാങ്മൂലം മടക്കിയ ഹൈക്കോടതി പുതിയ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

ഇതിനെതിരായ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. വിഷയം വീണ്ടും പരിഗണിക്കണമെന്നും ആ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ വാദം കൂടി കേള്‍ക്കണമെന്നും അലഹാബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ ജോയ് മല്യ ബഗ്ചി, വി മോഹന എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന ബെഞ്ചിന്റെതാണ് നടപടി. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്.
കഴിഞ്ഞ മെയ് മാസത്തിലാണ് അലഹാബാദ് ഹൈക്കോടതി ഇഡി-സിബിഐ ഏജന്‍സികളോട് അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നത്. പരാതി ലഭിച്ച അടിസ്ഥാനത്തില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കണം. ഇഡിയും സിബിഐയും നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണം. എന്തു നടപടി എടുത്തു എന്ന് കോടതിയെ അറിയിക്കണം- ഇതായിരുന്നു മെയ് മാസത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പിന്നീട് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.




Click it and Unblock the Notifications
