'രാഹുൽ ഗാന്ധിയും ബിജെപിയും തമ്മിൽ ധാരണ'; കോൺഗ്രസിനെ കടന്നാക്രമിച്ച് ആം ആദ്മി
ഡൽഹി; കേന്ദ്ര സർക്കാരിൻറെ ഡൽഹി ഓർഡിനെൻസിനെതിരെ നിലപാട് വ്യക്തമാക്കാത്തതിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് ആം ആദ്മി കുറ്റപ്പെടുത്തി. ധാരണ ഇല്ലെങ്കിൽ എന്തുകൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കാൻ വൈകുന്നതെന്നും ആം ആദ്മി ചോദിച്ചു.
'രാഹുൽ ഗാന്ധിയും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച വിവരം. ഈ ഭരണഘടനാ വിരുദ്ധ ഓർഡിനൻസിനെതിരായ നിലപാട് കോൺഗ്രസ് വ്യക്തമാക്കണം, എന്തുകൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കാൻ വൈകുന്നത്', ആം ആദ്മി വക്താവ് പ്രിയങ്ക കക്കർ ചോദിച്ചു.

കോൺഗ്രസ് ദില്ലിയിലെ ജനങ്ങൾക്കൊപ്പമാണോ അതോ മോദി സർക്കാരിനൊപ്പമാണോയെന്ന കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്നും ആം ആദ്മി പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. 'ഇന്ന് പ്രതിപക്ഷ യോഗത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് അതിന് തയ്യാറായില്ല. കോൺഗ്രസിന്റെ ഈ മൗനം സംശയകരമാണ്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചതിൽ നിന്നും വ്യക്തമായത് രാജ്യസഭയിൽ വോട്ടെടുപ്പിൽ നിന്ന് അവർ വിട്ടുനിന്നേക്കുമെന്നാണ്', പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.
വോട്ടെടുപ്പിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നത് ജനാധിപത്യത്തിന് മേൽ ബി ജെ പി നടത്തുന്ന ആക്രമണങ്ങളെ സഹായിക്കുമെന്നും ആം ആദ്മി വിമർശിച്ചു. 'രാജ്യത്തെ എല്ലാ വിഷയങ്ങളിലും നിലപാട് പങ്കുവെയ്ക്കുന്ന കോൺഗ്രസ് കേന്ദ്ര ഓർഡിനൻസിനെതിരെ മൗനം പുലർത്തുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. വിശാല പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്ത 15 ൽ 12 പാർട്ടികളും ഓർഡിനെൻസിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആം ആദ്മി സർക്കാർ അധികാരത്തിലിരിക്കുന്ന പഞ്ചാബിലേയും ദില്ലിയിലേയും കോൺഗ്രസ് നേതാക്കൾ തങ്ങളുടെ പിന്തുണ നരേന്ദ്ര മോദി സർക്കാരിനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്', ആം ആദ്മി കുറ്റപ്പെടുത്തി.
ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള നീക്കത്തിനിടെ കോൺഗ്രസ് ഇപ്പോൾ സ്വീകരിക്കുന്ന മനോഭാവം അവർ ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടി യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നതാണ്. ഓർഡിനെൻസിനെ അപലപിക്കുകയും പാർട്ടിയുടെ 31 രാജ്യസഭ എംപിമാരും ഓർഡിനൻസിനെ രാജ്യസഭയിൽ എതിർക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് വരെ കോൺഗ്രസ് പങ്കെടുക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ ഞങ്ങൾ തയ്യാറാകില്ല', ആം ആദ്മി പറഞ്ഞു.
പ്രതിപക്ഷ യോഗത്തിന് മുൻപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തേ ആം ആദ്മി കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വിവാദ ഓർഡിനൻസിനെ എതിർക്കുന്നതും പിന്തുണയ്ക്കുന്നതുമെല്ലാം പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോൾ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചത്.
സമ്മേളനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഏതൊക്കെ വിഷയങ്ങളിൽ യോജിച്ച് മുന്നോട്ട് പോകണമെന്നത് പ്രതിപക്ഷ പാർട്ടികൾ ചർച്ച ചെയ്യും. എന്തിനാണ് ഇപ്പോൾ ഈ വിഷയത്തിൽ ഇതിനെക്കുറിച്ച് ഇത്രയധികം പ്രചരണം നടത്തുന്നതെന്ന് അറിയില്ലെന്നും ഖാർഗെ പറഞ്ഞിരുന്നു.












Click it and Unblock the Notifications