12 മണിക്കൂര്‍ ഒരേ കസേരയില്‍; ഇഡി ചോദിച്ചത് ആ രഹസ്യത്തെ കുറിച്ച്... രാഹുലിന്റെ വെളിപ്പെടുത്തല്‍
ദില്ലി: രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ ദിവസങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. പുറത്താണെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രക്ഷോഭവും. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് എന്താണ് രാഹുലിനോട് ഇഡി അധികൃതര്‍ ചോദിച്ചത് എന്നതാണ്. ഇത്രയും മണിക്കൂര്‍ എങ്ങനെ രാഹുല്‍ പിടിച്ച് നിന്നു എന്ന ചോദ്യവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു.
അതൊരു രഹസ്യമാണെന്ന് രാഹുല്‍ പറയുന്നു. താന്‍ അവര്‍ക്ക് മുന്നില്‍ പിടിച്ച് നിന്നത് ആ കരുത്ത് ഉപയോഗിച്ചാണ്. ഇഡി പോലും അതില്‍ അമ്പരന്നിരുന്നു. അതിനെ കുറിച്ചും ഉദ്യോഗസ്ഥര്‍ തന്നോട് ചോദിച്ചതായി രാഹുല്‍ വെളിപ്പെടുത്തി. വിശദമായ വിവരങ്ങളിലേക്ക്....

വളരെ വിശാലമല്ലാത്ത മുറിയില്‍ ദിവസേന 10 മുതല്‍ 12 വമണിക്കൂര്‍ വരെയാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. എന്നാല്‍ ഒരിക്കല്‍ പോലും രാഹുല്‍ ആ സീറ്റില്‍ നിന്ന് എഴുന്നേറ്റിരുന്നില്ല. വളരെ ഇരുണ്ടൊരു മുറിയിലാണ് തന്നെ ഇരുത്തിയതെന്ന് രാഹുല്‍ പറയുന്നു. മൂന്ന് ഇഡി ഓഫീസര്‍മാര്‍ ചേര്‍ന്നാണ് തന്നെ ചോദ്യം ചെയ്തത്. അവര്‍ പല നിര്‍ദേശങ്ങളും കേള്‍ക്കാനും സ്വീകരിക്കാനുമായി മുറി വിട്ട് പോകാറുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ആ കസേരയില്‍ നിന്ന് അനങ്ങിയിരുന്നില്ല. ദീര്‍ഘനേരം ഞാന്‍ കസേരയിലായിരുന്നു. അവര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ക്ഷമയോടെയാണ് മറുപടി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പ്രധാന കാര്യം ഇഡിയോട് ഞാന്‍ പറയില്ലെന്നാണ് കരുതിയത്. പകരം മറ്റെന്തെങ്കിലും പറയാമെന്ന് കരുതി. ഞാന്‍ വിപാസനം ചെയ്യാറുണ്ടെന്ന് പറഞ്ഞു. അത് യോഗയിലെ പ്രധാനപ്പെട്ടൊരു ആസനമാണ്. അത് ചെയ്യുന്നത് കൊണ്ട് കസേരയില്‍ നിന്ന് അനങ്ങാതെ ദീര്‍ഘനേരം ഇരിക്കാന് സാധിക്കുന്നത്. അവര്‍ ചോദിച്ചത് രസകരമായ കാര്യമായിരുന്നു. എന്താണ് വിപാസനം എന്നാണ് ഇഡി എന്നോട് ചോദിച്ചത്. അതല്ല പക്ഷേ യഥാര്‍ഥ കാരണം. അതിന് വേറൊരു വശം കൂടിയുണ്ട്. രാഹുല്‍ ഗാന്ധി ആ മുറിയില്‍ ഒറ്റയ്ക്കില്ല. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആ മുറിയില്‍ എനിക്കൊപ്പമുണ്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ഇതിലൊരു നേതാവ് ഒരുപക്ഷേ അവശനായി പോകാം. എന്നാല്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒരിക്കലും ക്ഷീണിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. എങ്ങനെ ഞാന്‍ ഇത്രയും ക്ഷമ പാലിച്ച് ഇരിക്കുന്നതെന്ന് ചോദിച്ചു. അത് എനിക്ക് പറയാനാവില്ലെന്ന് ഇഡിയോട് പറഞ്ഞു. എന്റെ ഊര്‍ജത്തിന്റെയും പ്രസരിപ്പിന്റെയും രഹസ്യം ഞാന്‍ അവരോട് പറഞ്ഞ് കഴിഞ്ഞു. പക്ഷേ നിങ്ങള്‍ക്ക് എന്റെ ക്ഷമയുടെ ഉറവിടം എവിടെയാണെന്ന് അറിയണോ. 2004 മുതല്‍ കോണ്‍ഗ്രസിനായി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഇവിടെയുണ്ട്. സച്ചിന്‍ പൈലറ്റുമുണ്ട്. ഞങ്ങളുടെ പാര്‍ട്ടി ക്ഷമയാണ് പഠിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ബിജെപിയില്‍ നിങ്ങള്‍ക്ക് ക്ഷമയുടെ ആവശ്യമില്ല. നിങ്ങള്‍ കൈകൂപ്പി നിന്ന്, നുണ പറയാന്‍ തുടങ്ങിയാല്‍ മാത്രം മതിയെന്നും രാഹുല്‍ പറഞ്ഞു. നിങ്ങളെല്ലാവരും കരുതുന്നുണ്ടാവും രാഹുല്‍ ഒറ്റയ്ക്കാണ് ഇഡി ഓഫീസില്‍ ഇരുന്നതെന്ന്. എനിക്കൊപ്പം നിങ്ങളെല്ലാവരും ഉണ്ടായിരുന്നു. അതുകൊണ്ട് ഇഡി അല്ല ആര് വന്നാലും പ്രശ്‌നമില്ല. ഇഡിക്കും ഇതൊക്കെ അറിയാമെന്നും രാഹുല്‍ പറഞ്ഞു. അഗ്നവീറുകള്‍ക്ക് നാല് വര്‍ഷം കഴിഞ്ഞാല്‍ ജോലി ഇല്ലാത്ത പ്രശ്‌നം വരുമെന്നും, അവരെ സംരക്ഷിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും കോണ്‍ഗ്രസിനുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

സച്ചിന്‍ പൈലറ്റും ഇഡിക്കെതിരെ ഇതിനിടെ രംഗത്ത് വന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഇഡി ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ബിജെപിക്കെതിരെ പരസ്യമായ എതിര്‍പ്പുന്നയിക്കുന്നത് കൊണ്ടാണിത്. രാഷ്ട്രീയമായ പകപോക്കലാണിത്. രാഹുലോ സോണിയയോ മാത്രമല്ല പ്രതിപക്ഷത്തെ മൊത്തത്തില്‍ സര്‍ക്കാര്‍ കുടുക്കാന്‍ നോക്കുകയാണ്. ഇവരുടെ ആക്രമണം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണ്. ഇന്‍കം ടാക്‌സ്, സിബിഐയൊക്കെ മോദി സര്‍ക്കാരിന്റെ ചട്ടുകങ്ങളാണെന്നും പൈലറ്റ് ആരോപിച്ചു. അധികാരത്തിലിരിക്കുന്നവര്‍ ആരാണോ അവര്‍ എതിര്‍പ്പുന്നയിക്കുന്നവരെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും സച്ചിന്‍ പറഞ്ഞു.












Click it and Unblock the Notifications