പ്രധാനമന്ത്രിയുടെ വില കളഞ്ഞത് രാഹുല്‍ ഗാന്ധി
ഭോപ്പാല്‍: പ്രധാന മന്ത്രിയുടെ വില കുറച്ചുകാണിച്ചത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയാണ് എന്ന് നരേന്ദ്രമോഡി. പ്രധാന മന്ത്രിയുടെ ഓഫീസിന്റെയും പാര്‍ലമെന്റിന്റേയും കേന്ദ്ര മന്ത്രിസഭയുടെയും വില കളഞ്ഞത് രാഹുല്‍ ഗാന്ധിയാണ്. ബി ജെ പിയല്ല. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി കുറ്റപ്പെടുത്തി.
നരേന്ദ്രമോഡിയും ബി ജെ പിയും രാഷ്ട്രീയ ചര്‍ച്ചകളുടെ നിലവാരം താഴാന്‍ കാരണമാകുന്നു എന്ന മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മോഡി ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചത്. ക്രിമിനല്‍ കേസില്‍പെട്ട എം പിമാരെ രക്ഷിക്കാനായി ഭേദഗതി കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ അസംബന്ധമെന്ന് വിളിച്ച രാഹുല്‍ ഗാന്ധിയുടെ നടപടി ഓര്‍മിപ്പിക്കുകയായിരുന്നു മോഡി.

കാബിനറ്റിനെ അധിക്ഷേപിക്കുകയും ഓര്‍ഡിനന്‍സ് ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയില്‍ എറിയണമെന്ന് പരസ്യമായി പറയുകയും ചെയ്തത് രാഹുല്‍ ഗാന്ധിയാണ്. ബി ജെ പിയല്ല. മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ടാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ അധിക്ഷേപങ്ങളാണ് പ്രധാനമന്ത്രി ആദ്യം തീര്‍ക്കേണ്ടത്.
സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോടുപോലും മോഡിക്ക് ആദരവില്ല എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എന്നാല്‍ രാഹുലുമായുള്ള വിവാദ ഓര്‍ഡിനന്‍സ് വിഷയത്തില്‍ മുഖം കുനിഞ്ഞുപോയ സിംഗിനെ അക്കാര്യം ഓര്‍മിപ്പിക്കുകയായിരുന്നു മോഡി. നിങ്ങളെ അപമാനിച്ചവര്‍ക്കെതിരെ സംസാരിക്കാന്‍ കഴിയാത്ത നിങ്ങള്‍ എന്തിനാണ് ഞങ്ങളെ ലക്ഷ്യം വെക്കുന്നത് - മോഡി ചോദിച്ചു.












Click it and Unblock the Notifications