മാന്‍ വേട്ടയില്‍ സല്‍മാന്‍ ഖാന്‍ കുടുങ്ങുമോ? രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
ദീപാവലി അവധിക്കുശേഷം സല്‍മാന്‍ ഖാനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് രാജസ്ഥാന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ശിവമംഗള്‍ ശര്‍മ വ്യക്തമാക്കി.
ജയ്പുര്‍: മാന്‍ വേട്ടക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ദീപാവലി അവധിക്കുശേഷം സല്‍മാന്‍ ഖാനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് രാജസ്ഥാന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ശിവമംഗള്‍ ശര്‍മ വ്യക്തമാക്കി.
18 വര്‍ഷം പഴക്കമുള്ള കേസില്‍ അടുത്തിടെയാണ് സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയത്. നടനെതിരെ ചുമത്തിയ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നുകാട്ടിയായിരുന്നു ജൂലൈയില്‍ ഹൈക്കോടതി വിധി. വിചാരണക്കോടതി സല്‍മാന്‍ ഖാനെ തടവിന് ശിക്ഷിച്ചിരുന്നു. 13 ദിവസം ജയിലില്‍ കഴിഞ്ഞശേഷമായിരുന്നു നടന് ജാമ്യം ലഭിച്ചത്. വിചാരണ കോടതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

സംരക്ഷിത മൃഗങ്ങളില്‍ പെടുന്ന കൃഷ്ണ മൃഗത്തെയാണ് സല്‍മാന്‍ ഖാന്‍ വേട്ടയാടിയത്. 1998 സപ്തംബര്‍ 26നായിരുന്നു സംഭവം. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സല്‍മാന്‍ ഖാന്‍ മൃഗവേട്ടയ്ക്കിറങ്ങുകയായിരുന്നു. മറ്റൊരു വിഭാഗത്തില്‍ പെടുന്ന മാനിനെ വേട്ടയാടിയ കേസും സല്‍മാന്‍ ഖാനെതിരെ നിലവിലുണ്ട്. വിചാരണ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
നേരത്തെ ഹിറ്റ് ആന്‍ഡ് റണ്‍ കേസിലും സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതേതുടര്‍ന്ന് നടനെന്ന രീതിയില്‍ സല്‍മാന്‍ ഖാന് ജുഡീഷ്യല്‍ ഇളവ് ലഭിക്കുന്നതായി ആരോപണവുമുണ്ടായി.












Click it and Unblock the Notifications