രാമനവമി ആഘോഷത്തിനിടെ വ്യാപക അക്രമം; ഹൗറയില്‍ വന്‍ പോലീസ് സന്നാഹം, താക്കീതുമായി മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ രാമനവമി ആഘോഷത്തിനിടെ വ്യാപക അക്രമം. നിരവധി വാഹനങ്ങളും കടകളും കത്തിച്ചു. പോലീസ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ഇരുവിഭാഗം സംഘടിച്ച് കല്ലേറ് നടത്തുകയായിരുന്നു. എന്താണ് സംഘര്‍ഷത്തിലേക്ക് നയിച്ച കാര്യം എന്ന് വ്യക്തമല്ല. രാമനവമി ആഘോഷത്തിനിടെ വാളുകളുമായി മുദ്രാവാക്യം വിളിച്ച് ആളുകള്‍ പോകുന്ന വീഡിയോ വൈറലായിട്ടുണ്ട്. മേഖലയില്‍ കലാപ വിരുദ്ധ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.

അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നിരവധി ഗ്രനേഡുകളും ഉപയോഗിച്ചു. കലാപകാരികള്‍ക്ക് പിന്നാലെ പോലീസ് ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കലാപകാരികള്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നും അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമത ബാനര്‍ജി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ബുധനാഴ്ച തുടങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമരം ഇന്നാണ് അവസാനിച്ചത്.
രാമനവമി ദിനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ ബിജെപി രംഗത്തുവന്നു. അവധി നല്‍കുന്നതിന് പകരം പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയാണ് മമത ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. രാമനവമി ആഘോഷം സമാധാനപരമായി സംഘടിപ്പിക്കണമെന്ന് നേരത്തെ മമത അഭ്യര്‍ഥിച്ചിരുന്നു.

രാമനവമി ആഘോഷം സമാധാനപരമായിരിക്കണം. സംഘര്‍ഷമുണ്ടാക്കരുത്. ആരും പ്രകോപനം സൃഷ്ടിക്കാനും പാടില്ലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് രാമനവമി ആഘോഷം നടന്നു. ചിലയിടങ്ങളിലെല്ലാം സംഘര്‍ഷമുണ്ടായി. ഡല്‍ഹിയില്‍ 2020ല്‍ വലിയ കലാപമായി മാറിയിരുന്നു രാമനവമി ദിനത്തിലെ സംഘര്‍ഷം. ഈ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് ഡല്‍ഹി പോലീസ് ഇന്ന് ഒരുക്കിയിരുന്നത്.
ഗുജറാത്തിലെ വഡോദരയിലെ ഫത്തേഹ്പുരയില്‍ സംഘര്‍ഷമുണ്ടായി. നിരവധി വാഹനങ്ങള്‍ നശിപ്പിച്ചു. പോലീസ് സംരക്ഷണത്തിലാണ് ഘോഷയാത്ര കടന്നുപോയത്. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും ഡിസിപി യശ്പാല്‍ ജഗനിയ പറഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വലിയ സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി പോലീസിന് നേരെയും ഇവിടെ അക്രമമുണ്ടായി. അമ്പലം തകര്‍ത്തുവെന്ന വ്യാജ പ്രചാരണമാണ് അക്രമത്തിന് കാരണമായത്.












Click it and Unblock the Notifications