രാമായണ സിനിമയില്‍ കമ്മ്യൂണിസ്റ്റ് അജണ്ട; ഹിന്ദുക്കള്‍ കാണരുതെന്ന് ഹിന്ദുത്വ സംഘടന
തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന രാമായണ സിനിമയ്‌ക്കെതിരെ ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗൃതി സമിതി. മഹര്‍ഷി വാല്മീകിയുടെ ഇതിഹാസത്തെ സിനിമ വളച്ചൊടിക്കുന്നുവെന്നും രാവണനെ മഹത്വവല്‍ക്കരിക്കുന്നുവെന്നുമാണ് ഹിന്ദു ജനജാഗൃതി സമിതി ആരോപിക്കുന്നത്. ശ്രീരാമനെയും ലക്ഷ്മണനെയും പരമ്പരാഗതമായി ചിത്രീകരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കുന്നുവെന്നും സംഘടന ആരോപിക്കുന്നു.
'ഇതൊരു കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ്. ഹിന്ദുക്കള്‍ ഈ ചിത്രം കാണരുത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും സമാനമായ രീതിയില്‍ കഥാസന്ദര്‍ഭങ്ങള്‍ വളച്ചൊടിച്ചാല്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടാകും,' മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ എച്ച്‌ജെഎസ് മുന്നറിയിപ്പ് നല്‍കി. ചിത്രത്തിലെ പല രംഗങ്ങളും ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് എച്ച്‌ജെഎസ് ഗോവ കോര്‍ഡിനേറ്റര്‍ മനോജ് സോളങ്കി പറഞ്ഞു.

കോടിക്കണക്കിന് ആളുകളുടെ അഗാധമായ വിശ്വാസത്തിന്റെ വിഷയമാണ് രാമായണമെന്നും എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥ ഇതിഹാസവുമായി പൊരുത്തപ്പെടാത്ത സംഭവങ്ങളും ചിത്രീകരണങ്ങളും ഉള്‍ക്കൊള്ളിക്കുന്നുവെന്നും സോളങ്കി ആരോപിച്ചു. മതപരമായ ഇതിഹാസങ്ങളെ ആസ്പദമാക്കിയുള്ള സിനിമകള്‍ക്ക് അനുമതി നല്‍കുന്നതിന് മുന്‍പ്, മതഗ്രന്ഥങ്ങള്‍ പഠിക്കുകയും പണ്ഡിതന്മാരുമായി കൂടിയാലോചന നടത്തുകയും വേണമെന്ന് അദ്ദേഹം സിബിഎഫ്‌സിയോട് ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ കഥാസന്ദര്‍ഭങ്ങള്‍ വളച്ചൊടിക്കപ്പെടാതിരിക്കാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മെസഞ്ചര്‍ ഓഫ് ഗോഡ്', 'ദ ഡാവിഞ്ചി കോഡ്' തുടങ്ങിയ സിനിമകള്‍ നേരിട്ട എതിര്‍പ്പുകളും, കമാല്‍ ധമാല്‍ മലമാല്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തിനെതിരെ ക്രിസ്ത്യന്‍ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ ഉന്നയിച്ച എതിര്‍പ്പുകളും ചൂണ്ടിക്കാട്ടി, എന്തുകൊണ്ടാണ് ഹിന്ദു വികാരങ്ങള്‍ക്ക് ഇതേ പരിഗണന നല്‍കാത്തതെന്നും അവര്‍ ചോദിച്ചു.
സിനിമയിലെ രാവണന്റെ പാത്രസൃഷ്ടി, ശൂര്‍പ്പണഖയുമായുള്ള സംഭവം, ലക്ഷ്മണന്റെ കഥാപാത്രം, ശ്രീരാമന്‍, സീത എന്നിവരെ ചിത്രീകരിച്ചിരിക്കുന്ന രീതി എന്നിവയെയാണ് സമിതി പ്രധാനമായും എതിര്‍ക്കുന്നത്. ഋഷിമാരെ ഉപദ്രവിക്കുകയും അവരുടെ ആശ്രമങ്ങള്‍ നശിപ്പിക്കുകയും ചെയ്ത ഒരു രാക്ഷസ രാജാവിന് പകരം, പീഡിതരെ സംരക്ഷിക്കുകയും പാവപ്പെട്ടവര്‍ക്ക് സ്വര്‍ണ വീടുകള്‍ നല്‍കുകയും ചെയ്യുന്ന ഒരു ഭരണാധികാരിയായാണ് രാവണനെ അവതരിപ്പിച്ചിരിക്കുന്നത്.
അതുവഴി അദ്ദേഹത്തെ സാമൂഹിക നീതിയുടെ പ്രതീകമാക്കി മാറ്റുകയാണെന്നും അവര്‍ ആരോപിക്കുന്നു. ചിത്രത്തിലെ ശൂര്‍പ്പണഖയുമായുള്ള രംഗത്തെയും എച്ച്‌ജെഎസ് എതിര്‍ക്കുന്നു. രാവണനെ സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്ന ഒരാളായി ചിത്രീകരിച്ചതിനെയും സംഘടന എതിര്‍ത്തു. സീതയെ തട്ടിക്കൊണ്ടുപോയതും സ്ത്രീകളോട് അദ്ദേഹം പെരുമാറിയ രീതിയും സംബന്ധിച്ച പരമ്പരാഗത വിവരണങ്ങള്‍ക്ക് ഇത് വിരുദ്ധമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ശൂര്‍പ്പണഖ രാമനെ വിവാഹാഭ്യര്‍ത്ഥനയുമായി സമീപിക്കുന്നതായും, തുടര്‍ന്ന് ലക്ഷ്മണന്‍ അവളുടെ മൂക്ക് മുറിച്ചുമാറ്റുന്നതായും ചിത്രീകരിച്ചിരിക്കുന്നതിനെ അവര്‍ ചോദ്യം ചെയ്തു. ഒരു സ്ത്രീയുടെ രൂപം വികൃതമാക്കാന്‍ ലക്ഷ്മണന് അവകാശമില്ലെന്ന് പറഞ്ഞ് സീത അദ്ദേഹത്തെ ശാസിക്കുന്ന രംഗത്തെയും രാമന്‍ ഖരന്‍, ദൂഷണന്‍ എന്നീ രാക്ഷസന്മാരോട് ക്ഷമ ചോദിക്കുന്നതായി കാണിക്കുന്ന രംഗത്തെയും ഹിന്ദു ജനജാഗൃതി സമിതി എതിര്‍ക്കുന്നു.
ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ വാല്‍മീകി രാമായണത്തില്‍ ഇല്ലെന്ന് എച്ച്‌ജെഎസ് വാദിക്കുന്നു. ഖരന്‍, ദൂഷണന്‍, അവരുടെ രാക്ഷസപ്പട, താടക എന്നിവര്‍ക്കെതിരായ യുദ്ധത്തില്‍ രാമനും ലക്ഷ്മണനും പിന്തിരിഞ്ഞോടുന്നതായി ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളെയും എച്ച്‌ജെഎസ് എതിര്‍ത്തു. ഭയരഹിതരും അജയ്യരുമായ പോരാളികള്‍ എന്ന രാമലക്ഷ്മണന്‍മാരുടെ പരമ്പരാഗത പ്രതിച്ഛായയ്ക്ക് ഇത് വിരുദ്ധമാണെന്നാണ് അവരുടെ വാദം.
സിനിമയില്‍ ലക്ഷ്മണനെ അഹങ്കാരിയായും പെട്ടെന്ന് ദേഷ്യം വരുന്നവനായും, രാമനോടും വിശ്വാമിത്രന്‍, അഗസ്ത്യന്‍ തുടങ്ങിയ മഹര്‍ഷിമാരോട് പരിഹാസത്തോടെ പെരുമാറുന്നവനായും ചിത്രീകരിച്ചതിലൂടെ, അദ്ദേഹത്തെ മനഃപൂര്‍വ്വം താഴ്ത്തിക്കെട്ടാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന് സംഘടന ആരോപിച്ചു. ത്യാഗം, വിനയം, ഭക്തി എന്നിവയുടെ പ്രതീകമായാണ് ലക്ഷ്മണനെ പരമ്പരാഗതമായി കണക്കാക്കുന്നത്.
ദിവ്യാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവ് നേടാനായി ലക്ഷ്മണന്‍ മഹര്‍ഷിമാരോട് അഭ്യര്‍ത്ഥിക്കുന്ന രംഗത്തെയും സംഘടന ചോദ്യം ചെയ്തു. വിശ്വാമിത്രന്‍ രാമനും ലക്ഷ്മണനും 'ബല', 'അതിബല' വിദ്യകള്‍ ഉപദേശിച്ചതായാണ് വാല്മീകി രാമായണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
രാക്ഷസന്മാരോട് പോരാടുന്നതായി കാണിക്കുന്ന സീത, പക്ഷെ രാവണന്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ യാതൊരു ചെറുത്തുനില്‍പ്പും നടത്തുന്നില്ലെന്നും, ഇത് നേരത്തെയുള്ള ചിത്രീകരണവുമായി പൊരുത്തപ്പെടുന്നില്ലെന്നും സംഘടന ആരോപിച്ചു. സീതയുടെ സ്വയംവര രംഗത്ത് രാവണന്‍ ഇല്ലാത്തതിനെയും അവര്‍ ചോദ്യം ചെയ്തു. മൂലകൃതി പ്രകാരം രാവണന്‍ അവിടെയുണ്ടായിരുന്നെങ്കിലും, ശിവന്റെ വില്ല് ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ലെന്നാണ് സംഘടന പറയുന്നത്.
രാമായണത്തിന്റെ രണ്ടാം ഭാഗം പ്രത്യേകമായി പ്രദര്‍ശിപ്പിക്കണമെന്നും എച്ച്‌ജെഎസ് ആവശ്യപ്പെട്ടു. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ്, ഹിന്ദു മതനേതാക്കള്‍ക്കും സന്യാസിമാര്‍ക്കും രാമായണ പണ്ഡിതന്മാര്‍ക്കുമായി രണ്ടാം ഭാഗത്തിന്റെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കണമെന്ന് സോളങ്കി ആവശ്യപ്പെട്ടു.





Click it and Unblock the Notifications
