'സത്യം പറഞ്ഞതിന് വലിയ വില', ദില്ലിയിലെ വീടൊഴിഞ്ഞ് രാഹുൽ ഗാന്ധി, ഇനി അമ്മ സോണിയാ ഗാന്ധിക്കൊപ്പം
ദില്ലി: 19 വര്‍ഷത്തോളം താമസിച്ച ദില്ലിയിലെ വീടൊഴിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെയാണ് രാഹുല്‍ ഗാന്ധിക്ക് വീടൊഴിയേണ്ടി വന്നത്. 2005 ഏപ്രില്‍ 22 മുതല്‍ രാഹുല്‍ ഗാന്ധി താമസിക്കുന്നത് ദില്ലിയിലെ 12 തുഗ്ലക് ലൈന്‍ ബംഗ്ലാവിലായിരുന്നു.
സത്യം പറഞ്ഞതിന് എന്ത് വിലയും കൊടുക്കാന്‍ താന്‍ തയ്യാറാണ് എന്ന് വീടൊഴിഞ്ഞതിന് ശേഷം രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഹിന്ദുസ്ഥാനിലെ ജനങ്ങള്‍ കഴിഞ്ഞ 19 വര്‍ഷങ്ങളായി തനിക്ക് തന്നതാണ് ഈ വീട്. ആദ്യം തന്നെ അവര്‍ക്ക് നന്ദി പറയുന്നു. ഇന്നത്തെ കാലത്ത് സത്യം പറയുന്നതിന് വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്. താന്‍ ആ വില കൊടുക്കാന്‍ തയ്യാറാണ്, അതെന്ത് തന്നെ ആയാലും, രാഹുല്‍ പറഞ്ഞു.

''രാജ്യത്തെ ജനം തനിക്ക് തന്ന വീട്ടില്‍ നിന്നുമാണ് തന്നെ അകറ്റിയിരിക്കുന്നത്. തനിക്കതില്‍ ഒരു പ്രശ്‌നവും ഇല്ല. അവിടെ തുടരാന്‍ ആഗ്രഹിക്കുന്നില്ല. കുറച്ച് നാള്‍ താന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുടെ വീട്ടില്‍ തങ്ങും. അതിന് ശേഷം എന്തെങ്കിലും വഴി കണ്ടെത്തും. താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ഇനിയും ശക്തമായി പറയും. ആരെങ്കിലുമൊക്കെ അതൊക്കെ പറഞ്ഞല്ലേ മതിയാകൂ, ഭയക്കുന്നില്ല'' എന്നും രാഹുല്‍ പറഞ്ഞു.
ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി തലവനായ ബിജെപി എംപി സിആര്‍ പാട്ടീല്‍ രാഹുല്‍ ഗാന്ധിക്ക് വീടൊഴിയാന്‍ ആവശ്യപ്പെട്ട് കൊണ്ടുളള നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുളളില്‍ തന്നെ രാഹുല്‍ ഗാന്ധി ബംഗ്ലാവ് ഒഴിഞ്ഞിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയോട് സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വൈകിട്ട് മൂന്ന് മണിയോടെയാണ് രാഹുല്‍ ഗാന്ധി ദില്ലിയിലെ വീട് ഒഴിഞ്ഞത്. സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ബംഗ്ലാവിലെ ജോലിക്കാരോട് നേരിട്ട് യാത്ര പറഞ്ഞും അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തുമാണ് രാഹുല്‍ ഗാന്ധി രണ്ട് ദശാബ്ദക്കാലത്തോളം തങ്ങിയ വീടിനോട് വിട പറഞ്ഞത്. 10 ജന്‍പഥിലുളള സോണിയാ ഗാന്ധിയുടെ വീട്ടിലേക്കാണ് രാഹുല്‍ താല്‍ക്കാലികമായി താമസം മാറിയിരിക്കുന്നത്.
2019ലെ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടു. വയനാട് എംപി ആയിരുന്നു രാഹുല്‍ ഗാന്ധി. അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം ആയിരുന്നു കോടതി അനുവദിച്ചിരുന്നത്.
സൂറത്ത് ജില്ലാ കോടതിയില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ പക്ഷേ തള്ളിപ്പോയി. ഇതോടെ രാഹുല്‍ ഗാന്ധി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനി ഗുജറാത്ത് ഹൈക്കോടതിയോ സുപ്രീം കോടതിയോ ആണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുളള വഴി. സൂറത്ത് കോടതിയുടെ ശിക്ഷാ വിധി സ്‌റ്റേ ചെയ്യപ്പെട്ടില്ല എങ്കില്‍ രാഹുല്‍ ഗാന്ധിക്ക് 8 വര്‍ഷത്തോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല.












Click it and Unblock the Notifications