അന്ന് ശശികലയ്ക്ക് 39 , ജയലളിതയ്ക്ക് 48... പോയസ് ഗാര്‍ഡനില്‍ സംഭവിച്ചത്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam
ചെന്നൈ: അധികാരത്തിന്റെ ഉന്മാദത്തില്‍ ജയലളിതയും ശശികലയും ജീവിച്ച കാലമായിരുന്നു ആ അഞ്ച് വര്‍ഷങ്ങള്‍. 1991 മുതല്‍ 1996 വരെ തമിഴകം അടക്കി ഭരിക്കുകയായിരുന്നു അവര്‍. രാഷ്ട്രീയ എതിരാളികളെ നിലംപരിശാക്കിക്കൊണ്ടുള്ള നീക്കങ്ങള്‍.

അന്ന് ശശികല തന്റെ മുപ്പതുകളിലായിരുന്നു. ജയലളിതയാകട്ടെ തന്റെ നാല്‍പതുകളിലും. യുവത്വം വിടാത്ത രണ്ട് സ്ത്രീകളുടെ നീക്കങ്ങള്‍ കണ്ട് തമിഴ് രാഷ്ട്രീയം ഞെട്ടിത്തരിച്ചുകൊണ്ടിരുന്നു.

തന്നെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയവരേയും ക്രൂരമായി ആക്രമിച്ചവരേയും സ്തംബ്ധരാക്കിയായിരുന്നു ജയലളിതയുടെ ഓരോ പ്രവൃത്തിയും. കൂട്ടിന് ശശികലയും മണ്ണാര്‍കുടി മാഫിയയും. പക്ഷേ 1996 ല്‍ പോയസ് ഗാര്‍ഡനില്‍ സംഭവിച്ചത് എന്താണ്?

ശശികലയുടെ ജീവിതം

ജയലളിതയ്ക്ക് വേണ്ടി എന്തും ത്യജിച്ച് കൂടെ നില്‍ക്കുന്ന ആളായിരുന്നു ശശികല. ജയലളിതയുടെ ഏത് കാര്യത്തിലും ഇടപെടാന്‍ ശക്തിയുണ്ടായിരുന്ന ഒരേയൊരു വ്യക്തിയായിരുന്നു ശശികല.

ചീത്തപ്പേരുണ്ടാക്കിയപ്പോള്‍ കിട്ടിയത്

അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും നിറഞ്ഞതായിരുന്നു ജയലളിതയുടെ ആദ്യ മുഖ്യമന്ത്രിക്കാലം. എല്ലാത്തിനും പിറകില്‍ ശശികലയാണെന്ന് പാര്‍ട്ടിക്കാര്‍ പോലും പറഞ്ഞു നടന്നു.

കലാപക്കൊടി ഉയര്‍ന്നു

തിരഞ്ഞെടുപ്പില്‍ തോറ്റമ്പി, അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത പ്രതിയായി. പാര്‍ട്ടിക്കാര്‍ ശശികലയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി. പിന്നീടാണ് അത് സംഭവിച്ചത്

എടുത്ത്, വലിച്ചെറിഞ്ഞു

അത്രയും കാലം നിഴലായി നിന്ന ശശികലയെ ഒരു ദാക്ഷിണ്യവും കൂടാതെ വലിച്ച് പുറത്തിടുകയായിരുന്നു ജയലളിത ചെയ്തത്. പോയസ് ഗാര്‍ഡനിലെ വീട്ടമ്മയെ പോലെ കഴിഞ്ഞ ശശികലയെ വീട്ടില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

ശശികല മാത്രമല്ല, കുടുംബവും പുറത്ത്

പോയസ് ഗാര്‍ഡനില്‍ ശശികല ഒറ്റയ്ക്കായിരുന്നില്ല. ഭര്‍ത്താവും ബന്ധുക്കളും എല്ലാം ഉണ്ടായിരുന്നു. പുറത്താക്കിയപ്പോള്‍ ശശികലയേയും ഭര്‍ത്താവിനേയും ബന്ധുക്കളേയും പുറത്താക്കി ജയലളിത പാര്‍ട്ടി പ്രവര്‍ത്തകരുടെ മനംകവര്‍ന്നു. ആഹ്ലാദ പ്രകടനങ്ങള്‍ പോലും നടന്നു.

എത്രകാലം പിരിഞ്ഞിരിക്കാന്‍ പറ്റും?

എന്നാല്‍ ജയലളിതയ്ക്കും ശശികലയ്ക്കും എത്രകാലം പിരിഞ്ഞിരിക്കാന്‍ പറ്റും? വിശ്വാസവും അടുപ്പവും ഉള്ള വേറൊരാള്‍ ഇല്ലാത്ത ജയലളിതയുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍ക്ക് കടന്നുവരാന്‍ കഴിയുമായിരുന്നില്ല.

മാപ്പ് പറഞ്ഞു, കരഞ്ഞുകാല് പിടിച്ചു

അധികകാലം നീണ്ടുനിന്നില്ല ആ വേര്‍പാട്. ശശികല മാപ്പ് പറഞ്ഞ് പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചെത്തി. പൂര്‍വ്വാധികം ശക്തയായിത്തന്നെ.

പഴയപണി തുടര്‍ന്നു, വീണ്ടും പുറത്ത്

എന്നാല്‍ അധികകാലം നിശബ്ദയായി ഇരുന്നില്ല ശശികല. വീണ്ടും അനധികൃത സ്വത്ത് സമ്പാദന കേസ് ചര്‍ച്ചയായി. ശശികലയും മണ്ണാര്‍കുടി മാഫിയയും ശക്തമായി. 2011 ല്‍ ശശികലയെ വീണ്ടും പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കി.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരിച്ചെത്തി

സ്വന്തം ഭര്‍ത്താവിനെ പോലും ഉപേക്ഷിച്ചായിരുന്നു ശശികല പിന്നീട് വേദനിലയിത്തിലേക്ക് തിരിച്ചെത്തിയത്. വികാര നിര്‍ഭരമായ ഒരു കത്തോടുകൂടി ആ പ്രശ്‌നങ്ങള്‍ അവസാനിച്ചു.

ജയലളിത മരിച്ചപ്പോള്‍ പോയസ് ഗാര്‍ഡന്റെ അധിപതി

ജയലളിത തന്റെ സ്വത്തുക്കള്‍ ആര്‍ക്കാണ് എഴുതി വച്ചിട്ടുള്ളത് എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പക്ഷേ ജയ മരിച്ചപ്പോള്‍ പോയസ് ഗാര്‍ഡന്‍ വീണ്ടും ശശികലയുടെ കൈപ്പിടിയിലായി.

ഇനി എന്ത്?

പോയസ് ഗാര്‍ഡനില്‍ നിന്ന് ശശികലയെ ഇറക്കിവിടുക എന്നതായിരുന്നു വിമതനായി മാറിയ പനീര്‍ശെല്‍വത്തിന്റെ ലക്ഷ്യം. അതിന് വേണ്ടി പോയസ് ഗാര്‍ഡനെ ജയലളിതയുടെ സ്മാരകമാക്കി പ്രഖ്യാപിച്ച് ഉത്തരവിടുകപോലും ചെയ്തു.

ഇനി അതിന്റെ ആവശ്യമില്ല

ഇനിയെന്താലായലും പനീര്‍ശെല്‍വത്തിന് അധികം വിയര്‍ക്കേണ്ടിവരില്ല. ശശികല ഒരുമാസത്തിനകം വിചാരണ കോടതിയില്‍ കീഴടങ്ങണം. ജയിലില്‍ പോകുമ്പോള്‍ സ്വാഭാവികമായും വേദനിലയം വിടുകയും വേണം.

ആര്‍ക്കും കൈപ്പിടിയില്‍ വയ്ക്കാനാവില്ല

നിലവിലെ സാഹചര്യത്തില്‍ ശശികലയുടെ അടുപ്പക്കാര്‍ക്ക് പോലും പോയസ് ഗാര്‍ഡനില്‍ തുടരാനാവില്ലെന്ന് ഉറപ്പാണ്. ജയലളിത സെന്റിമെന്റ്‌സ് ഉപയോഗിച്ച് പനീര്‍ശെല്‍വം തന്നെ അതിന് വഴിതെളിച്ചോളും.

 കഥകളുറങ്ങുന്ന പോയസ് ഗാര്‍ഡന്‍

മൂന്ന് പതിറ്റാണ്ടോളം ശശികലയും ജയലളിതയും പാര്‍ത്ത പോയസ് ഗാര്‍ഡനില്‍ ഇനി അവര്‍ രണ്ട് പേരും ഉണ്ടാവില്ല. ശശികലയേയും ജയലളിതയേയും ചുറ്റിപ്പറ്റിയുള്ള ഒരുപാട് രഹസ്യങ്ങള്‍ക്ക് കൂടി സാക്ഷിയാണ് പോയസ് ഗാര്‍ഡന്‍.

English summary
Sasikala will be out from Poed Garden. She could not come back to Jayalalithaa's residence after completing the jail term.
Please Wait while comments are loading...