മുംബൈ: ഗാര്‍ഹിക പീഡന കേസില്‍ പ്രമുഖ സീരിയല്‍ താരം അറസ്റ്റില്‍. നടനായ അഭിനവ് കോലിയെ ആണ് മുംബൈ സമ്ത നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയും നടിയും ആയ ശ്വേത തിവാരിയുടെ പരാതിയില്‍ ആണ് അഭിനവ് കോലിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ലൈംഗിക പീഡന കേസില്‍ അഭിനവ് കോലിയെ പോലീസ് അറസ്റ്റ് ചെയ്തു എന്ന രീതിയില്‍ ആയിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ അറസ്റ്റ് ഗാര്‍ഹിക പീഡനത്തിനാണെന്ന് പിന്നീട് വ്യക്തമായി. ശ്വേത തിവാരി മകള്‍ക്കും അമ്മയ്ക്കും ഒപ്പം ആയിരുന്നു പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. മകളെ മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
ശ്വേതയും അഭിനവും വിവാഹിതരായത് 2013 ല്‍ ആയിരുന്നു. 2016 ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടി ജനിക്കുകയും ചെയ്തു. അഭിനവുമായുള്ള വിവാഹത്തിന് മുമ്പ് ശ്വേത, രാജ് ചൗധരിയെ ആയിരുന്നു വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തില്‍ ഉണ്ടായ പെണ്‍കുട്ടിയെ ആണ് അഭിനവ് മര്‍ദ്ദിച്ചു എന്നും അപമര്യാദയായി പെരുമാറി എന്നും പരാതിയില്‍ പറയുന്നത്.
പരാതി സംബന്ധിച്ച് ശ്വേത തിവാരി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ പരാതി ലൈംഗിക പീഡനം സംബന്ധിച്ചാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വലിയ തോതില്‍ പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് ശ്വേതയുടെ മകള്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ദീര്‍ഘമായ കുറിപ്പ് പ്രസിദ്ധീകരിച്ചത്.
താന്‍ ആണ് ഗാര്‍ഹിക പീഡനത്തിന് ഇരയായത് എന്നും തന്റെ അമ്മയല്ല എന്നും ആണ് മകള്‍ വ്യക്തമാക്കിയിട്ടുള്ളത്. പരാതി നല്‍കിയ ദിവസം അല്ലാതെ മറ്റൊരിക്കലും അഭിനവ് കോലി തന്റെ അമ്മയെ മര്‍ദ്ദിച്ചിട്ടില്ല എന്നാണ് മകള്‍ പറയുന്നത്. തന്റെ അമ്മ രണ്ട് വിവാഹങ്ങളിലായി അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും മകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇടയിലും ഏറ്റവും ശക്തയായ സ്ത്രീയായി അവര്‍ നിലകൊണ്ടും എന്നും പറുന്നു.
അഭിനവ് തന്നെ ശാരീരികമായി ഉപദ്രവിക്കുകയോ അപരമര്യാദയായി സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അപമര്യാദയായി പലതവണ പെരുമാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, അഭിനവ് കോലിയ്‌ക്കെതിരെ പോലീസ് ഐപിസി 354 എ, 323, 504, 506 വകുപ്പുകള്‍ പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 354 എ ലൈംഗിക പീഡനത്തിനെതിരെയുള്ളതാണ്. അഭിനവിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.