മകൾക്ക് ഗോവയിൽ ബാറെന്ന് ആരോപണം, രാഹുൽ ഗാന്ധിയെ പോരിന് വിളിച്ച് സ്മൃതി ഇറാനി, 'അമേഠിയിലേക്ക് വാ'
ദില്ലി: മകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനോട് കൊമ്പ് കോര്‍ത്ത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ 18കാരിയായ മകള്‍ ഗോവയില്‍ ബാര്‍ നടത്തുന്നു എന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.
കോണ്‍ഗ്രസിന് കടുത്ത മറുപടിയുമായാണ് സ്മൃതി ഇറാനി രംഗത്ത് വന്നിരിക്കുന്നത്. മാത്രമല്ല കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു.

വടക്കന്‍ ഗോവയിലെ സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാര്‍ നടത്തുന്നത് സ്മൃതി ഇറാനിയുടെ മകള്‍ കിരാത് നാഗ്ര ആണെന്നാണ് ആരോപണം. 2021 മെയ്യില്‍ മരണപ്പെട്ട ആളുടെ പേരിലാണ് ബാര്‍ ലൈസന്‍സ് പുതുക്കിയത് എന്നും തുടര്‍ന്ന് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സ്മൃതി ഇറാനിയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

മകള്‍ക്ക് എതിരെയുളള ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച് കൊണ്ടാണ് സ്മൃതി ഇറാനി രംഗത്ത് വന്നിരിക്കുന്നത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് നടത്തിയ 5000 കോടി രൂപയുടെ കൊള്ളയെ കുറിച്ച് വാര്‍ത്താ സമ്മേളനം വിളിച്ച് സംസാരിച്ചു അവളുടെ അമ്മ എന്നത് മാത്രമാണ് തന്റെ മകളുടെ തെറ്റ് എന്ന് സ്മൃതി ഇറാനി പറഞ്ഞു. മകള്‍ ആദ്യവര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയാണെന്നും ബാര്‍ നടത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അമ്മ രാഹുല്‍ ഗാന്ധിക്കെതിരെ 2014ലിലും 2019ലും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു എന്നതും തന്റെ മകളുടെ തെറ്റാണ് എന്നും സ്മൃതി ഇറാനി പറഞ്ഞു. നാഷണല്‍ ഹെരാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും ഉടമസ്ഥതയിലുളള 2000 കോടിയുടെ അനധികൃത സമ്പാദ്യം സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് എന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു.

പൊതുജന മധ്യത്തില്‍ തന്റെ മകളുടെ പ്രതിച്ഛായ നശിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത് എന്ന് സ്മൃതി ഇറാനി ആരോപിച്ചു. മാത്രമല്ല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാനും കോണ്‍ഗ്രസിനോട് മന്ത്രി ആവശ്യപ്പെട്ടു. കോടതിയില്‍ വെച്ച് ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരം വാങ്ങിക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല രാഹുല്‍ ഗാന്ധിയേയും സ്മൃതി ഇറാനി വെല്ലുവിളിച്ചു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് വീണ്ടും മത്സരിക്കാനാണ് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചത്. രാഹുല്‍ വീണ്ടും തോല്‍ക്കുമെന്ന് ഉറപ്പ് തരാമെന്നും സ്മൃതി പരിഹസിച്ചു. സ്മൃതി ഇറാനിയുടെ മകള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അവരുടെ അഭിഭാഷകനും നിഷേധിച്ചു. തന്റെ കക്ഷിക്ക് ഗോവയില്‍ ബാറില്ലെന്നും എവിടെ നിന്നും നോട്ടീസ് കിട്ടിയിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാറിന് ജൂലൈ 21ന് ഗോവന്‍ എക്‌സൈസ് കമ്മീഷണര്‍ നാരായണ്‍ ഗാഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അഭിഭാഷകനായ ഐറിസ് റോഡ്രിഗസിന്റെ പരാതിയിന്മേലായിരുന്നു നടപടി. ബാര്‍ ലൈസന്‍സിന് കൃത്രിമ രേഖകള്‍ സമര്‍പ്പിച്ചു എന്നതാണ് പരാതി. ബാറിന് നോട്ടീസ് നല്‍കിയതിന്റെ പേരില്‍ എക്‌സൈസ് കമ്മീഷണറെ സ്ഥലം മാറ്റാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് റോഡ്രിഗസ് ആരോപിക്കുന്നു.

സ്മൃതി ഇറാനിയുടെ പത്ര സമ്മേളനത്തോട് പ്രതികരിച്ച് റോഡ്രിഗസ് രംഗത്ത് വന്നിട്ടുണ്ട്. സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാര്‍ നടത്തുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ കുടുംബം ആണെന്ന് ലോകത്തിന് മുഴുവന്‍ അറിയാമെന്നും അതിന് തെളിവുണ്ടെന്നും റോഡ്രിഗസ് പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്മൃതി ഇറാനിയുടെ കുടുംബത്തിന് ഗോവയില്‍ വന്‍ ആസ്തികള്‍ ഉണ്ടെന്നും അവയെ കുറിച്ച് അന്വേഷണം വേണം എന്നും റോഡ്രിഗസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications