
രാഹുലിനൊപ്പം ഭാരത് ജോഡോയിൽ സോണിയയും; ആവേശത്തോടെ പ്രവർത്തകർ..തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി
ബെംഗളൂരു: കർണാടകയിൽ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയ്ക്കൊപ്പം നടന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മണ്ഡ്യ ജില്ലയിലെ ജാക്കനഹള്ളിയിലാണ് സോണിയ യാത്രയുടെ ഭാഗമായത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ തുടരുകയായിരുന്ന സോണിയ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ബെല്ലാരിയിൽ നടക്കുന്ന പരിപാടിയിൽ സോണിയ പ്രവർത്തകരെ അഭിസംബോധന ചെയ്തേക്കും.

തിങ്കളാഴ്ചയായിരുന്നു ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനായി സോണിയ കർണാടകയിൽ എത്തിയത്. നവമി ആഘോഷങ്ങളും ആയുധ പൂജയുമായതിനാൽ രണ്ട് ദിവസം ഭാരത് ജോഡോ യാത്ര ഉണ്ടായിരുന്നില്ല. ബെഗൂർ ജില്ലയിൽ ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷമായിരുന്നു ഇന്ന് സോണിയ യാത്രയിൽ പങ്കെടുത്തത്. രണ്ട് ദിവസമായി മൈസൂരിൽ തുടരുകയായിരുന്ന സോണിയ ഗാന്ധി കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാനത്ത് ആറ് മാസങ്ങൾക്കപ്പുറം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഭാരത് ജോഡോ യാത്ര പാർട്ടിയുടെ ശക്തിപ്രകടമായി മാറ്റുകയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. യാത്രയിലൂടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കൂടിയാണ് കോൺഗ്രസ് തുടക്കമിട്ടിരിക്കുന്നത്. ബി ജെ പി ഭരിക്കുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കർണാടക. ഇവിടെ ബി ജെ പിയെ വീഴ്ത്തുകയെന്നത് ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ച് വലിയ ഊർജ്ജം നൽകുമെന്നാണ് നേതൃത്വം കരുതുന്നത്.

എന്നാൽ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ തന്നെ ആഭ്യന്തര തർക്കങ്ങളാണ് കോൺഗ്രസിന് ഇവിടെ വിലങ്ങുതടി തീർക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ചാണ് പാർട്ടിയിൽ ഭിന്നത നിലനിൽക്കുന്നത്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ എന്നിവർ തമ്മിലാണ് വടംവലി. പല തവണ ഹൈക്കമാന്റ് തർക്ക പരിഹാരത്തിന് നിർദ്ദേശിച്ചിരുന്നു. ഒന്നിച്ച് പോകുമെന്ന ആവർത്തിക്കുമ്പോഴും ഇരുപക്ഷങ്ങളും തമ്മിലുള്ള അതൃപ്തികൾ ഭാരത് ജോഡോ യാത്രയിൽ അടക്കം പ്രകടമായിരുന്നു.
'ഇത് അഹങ്കാരമാണ്, നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം'; ഹരീഷ് പേരടി

സിദ്ധരാമയ്യ പക്ഷവും ഡികെ പക്ഷവും എന്ന നിലയിലാണ് പ്രവർത്തകർ യാത്രയിൽ പങ്കെടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം ഡി കെ ശിവകുമാറിനേയും സിദ്ധരാമ്മയ്യയേയും സോണിയ ഗാന്ധി നേരിൽ കണ്ടിരുന്നു. നേതൃത്വങ്ങളുടെ ഭിന്നതയിൽ അവർ കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. ഒരുമിച്ച് പോകണമെന്ന മുന്നറിയിപ്പാണ് സോണിയ ഗാന്ധി നൽകുന്നത്.

അതേസമയം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനായി സോണിയ ഗാന്ധി എത്തിയത് കർണാടക കോൺഗ്രസിനെ സംബന്ധിച്ച് വലിയ ഊർജമായി മാറിയിരിക്കുകയാണെന്ന് ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. 'വിജയ ദശമിക്ക് ശേഷം വിജയ കർണാടകയായിരിക്കും. കർണാടകയിൽ സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തുവെന്നത് കോൺഗ്രസിന് അഭിമാനമാണ്. ഞങ്ങൾ തന്നെ ഇക്കുറി സംസ്ഥാനത്ത് അധികാരത്തിലേറും, ബി ജെ പിയുടെ കടപൂട്ടാനുള്ള സമയമായിരിക്കുന്നു', ഡികെ ശിവകുമാർ പറഞ്ഞു.

കേരളത്തിലെ പര്യടനം പൂർത്തിയാക്കി സപ്റ്റംബർ 30 നായിരുന്നു ഭാരത് ജോഡോ യാത്ര കർണാടകത്തിൽ എത്തിയത്. 511 കിമിയാണ് കർണാടകത്തിൽ ഭാരത് ജോഡോ യാത്ര നടക്കുക. 21 ദിവസമാണ് പര്യടനം. ചാമരാജനഗർ, മൈസൂരു, മാണ്ഡ്യ, തുമകുരു, ചിത്രദുർഗ, ബല്ലാരി, റായ്ച്ചൂർ ജില്ലകളിലൂടെ യാത്ര കടന്ന് പോകും.