ഇന്ത്യയുടെ 12 ബില്യൺ ഡോളർ വിലവരുന്ന സ്വർണം റിസർവ് ബാങ്ക് വിറ്റഴിച്ചോ? സത്യാവസ്ഥ വെളിപ്പെടുത്തി ആർബിഐ
രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തെ ശക്തിപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 12 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വർണം വിറ്റഴിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ രാജ്യത്തിന്റെ വിദേശ കറൻസി ശേഖരത്തെ ബാധിക്കാതിരിക്കാൻ കേന്ദ്ര ബാങ്ക് തങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ ഒരു ഭാഗം വിറ്റഴിച്ചിരിക്കാം എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ വിശദീകരണം പുറത്തുവന്നത്.
മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് ആർബിഐ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു."ഈ റിപ്പോർട്ടുകൾ ശരിയല്ലെന്നും നിലവിൽ ബാങ്കിന്റെ കൈവശമുള്ള ഭൗതിക സ്വർണത്തിന്റെ അളവ് മാറ്റമില്ലാതെ 880.52 ടണ്ണായി തന്നെ തുടരുകയാണെന്നും ആർബിഐ അറിയിച്ചു. "അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ആർബിഐ കൃത്യസമയങ്ങളിൽ പുറത്തുവിടുന്ന ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും ആർബിഐ പത്രക്കുറിപ്പിൽ പറയുന്നു.
അതേസമയം പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗവും ഈ റിപ്പോർട്ടുകൾ പരിശോധിക്കുകയും ഇവ വ്യാജമാണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ ആകെ വിദേശ നാണ്യശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് കുറയുകയല്ല, മറിച്ച് ഈയടുത്ത മാസങ്ങളിൽ വർദ്ധിക്കുകയാണ് ചെയ്തതെന്ന് ആർബിഐ വിവരങ്ങൾ ഉദ്ധരിച്ച് പിഐബി വ്യക്തമാക്കി.

"ആർബിഐയുടെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് 2025 സെപ്റ്റംബർ അവസാനത്തിലെ 13.92%ൽ നിന്നും 2026 മാർച്ച് 31 ആയപ്പോഴേക്ക് 16.70% ആയി ഉയർന്നു. 2026 മെയ് 22 ലെ കണക്കനുസരിച്ച് ഇത് വീണ്ടും വർദ്ധിച്ച് 16.85% ആയി മാറിയിട്ടുണ്ട്," പിഐബി തങ്ങളുടെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. കേന്ദ്ര ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ സ്വർണശേഖരത്തിന്റെ കൃത്യമായ അളവ് വെളിപ്പെടുത്താറുണ്ടെന്നും നിലവിൽ അതിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അവർ അറിയിച്ചു.
മെയ് 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ റിസർവ് ബാങ്ക് ഏകദേശം 12 ബില്യൺ ഡോളറിന്റെ സ്വർണം വിറ്റിരിക്കാമെന്നും പകരം 7.5 ബില്യൺ ഡോളറിന്റെ വിദേശ കറൻസി ആസ്തികൾ വാങ്ങിയിരിക്കാമെന്നുമാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. വിദേശ വിപണിയിലെ ആർബിഐയുടെ ഇടപെടലുകൾ ഇന്ത്യൻ രൂപയുടെ മൂല്യത്തിന് താങ്ങായെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
മെയ് 20ന് റെക്കോർഡ് താഴ്ചയിലെത്തിയ ശേഷം രൂപയുടെ മൂല്യം ഏഷ്യൻ കറൻസികളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ചൊവ്വാഴ്ച, അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 0.2% ഇടിഞ്ഞ് 95.17-ൽ എത്തി. വിപണിയിലെ ആർബിഐ ഇടപെടലുകൾ രൂപയ്ക്ക് പിന്തുണ നൽകുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് വിലയിരുത്തി.
മാർച്ച് അവസാനത്തോടെ ആർബിഐയുടെ പക്കൽ 880.52 മെട്രിക് ടൺ സ്വർണ്ണമുണ്ടായിരുന്നു. ഈ ശേഖരത്തിന്റെ 77% ഇന്ത്യയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്, ആറുമാസം മുൻപ് ഇത് 66% ആയിരുന്നു. ആർബിഐയുടെ ഏപ്രിൽ മാസത്തിലെ അർദ്ധവാർഷിക റിപ്പോർട്ട് പ്രകാരം, വിദേശത്തുള്ള സ്വർണ്ണ ശേഖരത്തിന്റെ ഭൂരിഭാഗവും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിലുമാണ്.














Click it and Unblock the Notifications