ലുലു മാള്‍ മുതലാളിക്ക് ആര്‍എസ്എസ് ബന്ധം; നിസ്‌കാരം നടന്നത് മുതലാളി പറഞ്ഞിട്ട്- അസം ഖാന്‍
ലഖ്‌നൗ: ലുലു മാള്‍ ഉടമസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. ലുലു മാള്‍ മുതലാളിക്ക് ആര്‍എസ്എസുമായി അടുത്ത ബന്ധമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസിന് ഫണ്ട് നല്‍കുന്ന വ്യക്തിയാണദ്ദേഹം. മുതലാളി പറഞ്ഞിട്ടാണ് ലുലു മാളില്‍ നിസ്‌കാരം നടന്നതെന്നും അസം ഖാന്‍ ആരോപിച്ചു. മുറാദാബാദില്‍ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് അസം ഖാന്റെ പ്രതികരണം.
ആര്‍എസ്എസിന് പണം നല്‍കുന്നത് ലുലു മാള്‍ മുതലാളിയാണ്. ഉത്തര്‍ പ്രദേശില്‍ കലാപമുണ്ടാക്കലാണ് അദ്ദേഹത്തിന്റെ ആവശ്യമെന്നും അസം ഖാന്‍ ആരോപിച്ചു. കഴിഞ്ഞ മാസമാണ് ലഖ്‌നൗവില്‍ ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു ഉദ്ഘാടനകന്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. പിന്നീട് ലുലു മാള്‍ വിവാദത്തില്‍ പെടുന്ന കാഴ്ചയാണ് കണ്ടത്.

കുറച്ചാളുകള്‍ വന്ന് ലുലു മാളില്‍ നിസ്‌കരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഹിന്ദു മഹാസഭ പ്രതിഷേധ പ്രകടനം നടത്തി. ലുലു മാളില്‍ പൂജയും യാഗവും നടത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പോലീസ് ഇടപെടലിലേക്ക് നയിച്ച ഈ സംഭവത്തിന് ശേഷം മാളില്‍ പ്രാര്‍ഥനയ്ക്ക് അനുമതിയില്ലെന്ന് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചു. നമസ്‌കരിച്ചവര്‍ക്കെതിരെ പരാതി നല്‍കുകയും നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവര്‍ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം നല്‍കിയിരുന്നു.
ലുലു മാളിനെതിരെ ഹിന്ദുത്വ സംഘടനകള്‍ വ്യാജ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇവിടെ ജോലി ചെയ്യുന്ന പുരുഷന്‍മാര്‍ മുസ്ലിങ്ങളും സ്ത്രീകള്‍ ഹിന്ദുക്കളുമാണെന്നും ലൗ ജിഹാദ് നടക്കുമെന്നുമെല്ലാമായിരുന്നു പ്രചാരണം. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് യുപി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ലുലു മാളിലെ വിവാദങ്ങളോട് യൂസഫലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങള്‍ക്ക് ലാഭമുണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലുലു മാളിലെ നിസ്‌കാരം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെയാണ് മാള്‍ മുതലാളിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് അസം ഖാന്‍ ആരോപിച്ചത്.
യുപി രാഷ്ട്രീയ വിഷയങ്ങളിലും അസം ഖാന്‍ പ്രതികരിച്ചു. ഓം പ്രകാശ് രാജ്ഭര്‍ നേതൃത്വം നല്‍കുന്ന എസ്ബിഎസ്പി സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എസ്പിയുമായുള്ള സഖ്യം നേട്ടമായില്ലെന്നാണ് രാജ്ഭറിന്റെ വിലയിരുത്തല്‍. നേരത്തെ ബിജെപിയുമായി സഖ്യമുണ്ടായിരുന്ന പാര്‍ട്ടിയാണ് എസ്ബിഎസ്പി. പിന്നീട് എസ്പിക്കൊപ്പം ചേരുകയായിരുന്നു. ഇപ്പോള്‍ എസ്പിയുമായി സഖ്യം ഒഴിഞ്ഞു. അതേസമയം, ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് എസ്ബിഎസ്പി എന്ന് അസം ഖാന്‍ ആരോപിച്ചു. ഇനി ഒരിക്കലും അദ്ദേഹത്തിന് എസ്പിക്കൊപ്പം ചേരാന്‍ സാധിക്കില്ലെന്നും അസം ഖാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications