ഹിമാചല്‍ പ്രദേശില്‍ സുഖ്‌വീന്ദര്‍ സുഖു മുഖ്യമന്ത്രിയാവും, പ്രതിഭയ്ക്ക് വേണ്ടി പ്രതിഷേധം
ദില്ലി: ഹിമാചല്‍ പ്രദേശില്‍ സുഖ്‌വീന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയാവും. ഹൈക്കമാന്‍ഡിന്റെ പിന്തുണ സുഖുവിനാണ്. അതേസമയം സംസ്ഥാനത്ത് വന്‍ പ്രക്ഷോഭം നടക്കുകയാണ്. സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. വലിയ പ്രക്ഷോഭമാണ് ഇവരെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ നടത്തുന്നത്.
കടുത്ത ലോബിയിംഗാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നടന്നത്. ഒടുവില്‍ സുഖുവിന് നറുക്ക് വീഴുകയായിരുന്നു. കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ യോഗം ഷിംലയില്‍ നടക്കുന്നുണ്ട്. അതില്‍ ഔദ്യോഗികമായി പ്രഖ്യാപനവും നടന്നിരിക്കുകയാണ്.

സുഖ്‌വീന്ദറിന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക് നടക്കും. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാവും. അതേസമയം പ്രതിഭാ സിംഗിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്. പ്രതിഷേധത്തെ തണുപ്പിക്കാന്‍ ഇതുകൊണ്ട് സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.കേന്ദ്ര നിരീക്ഷകര്‍ സംസ്ഥാന അധ്യക്ഷ കൂടിയായ പ്രതിഭ സിംഗുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് സുഖുവിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.
നാദോന്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് വട്ടം എംഎല്‍എയായ നേതാവാണ് സുഖു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു സുക്കു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ച മൂന്ന് നേതാക്കളില്‍ ഒരാളായിരുന്നു സുഖു.
പ്രതിഭാ സിംഗിനെയും, മുകേഷ് അഗ്നിഹോത്രിയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം തന്നെ 58കാരനായ സുഖുവിനുണ്ട്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരിലും ജനങ്ങളിലുമുള്ള സുഖുവിന്റെ സ്വാധീനം കാരണമാണ് അദ്ദേഹത്തെ പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷനാക്കിയത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് സംസ്ഥാന അധ്യക്ഷ പദവി വരെ നേരത്തെ എത്തിയിരുന്നു സുഖു. നേരത്തെ പ്രതിഭാ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി മകനും എത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം ട്വിസ്റ്റ് സംഭവിക്കുകയായിരുന്നു.
അതേസമയം കോണ്‍ഗ്രസിനെ കാത്ത് വലിയ പ്രതിസന്ധി തന്നെ ഹിമാചലില്‍ ഉണ്ട്. ഈ മൂന്ന് നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് വലിയ വെല്ലുവിളി. പരസ്പരം സംസാരിക്കാന്‍ പോലും തയ്യാറാവാതിരുന്ന നേതാക്കളാണ് തിരഞ്ഞെടുപ്പ് ജയത്തിനായി ഒന്നിച്ചത്. എന്നാല്‍ നിലവില്‍ എംപി സ്ഥാനം മാത്രമാണ് പ്രതിഭയ്ക്ക് ഉള്ളത്.
ഇത് നഷ്ടപ്പെടാന്‍ ഒരിക്കലും കോണ്‍ഗ്രസിന് താല്‍പര്യമുണ്ടാവില്ല. അതായിരിക്കും സുഖുവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നത്. ഗാന്ധി കുടുംബത്തിന് നന്ദിയെന്ന് സുക്കു പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications