ചന്നിയുടെ അതിമോഹം പാര്‍ട്ടിയെ തകര്‍ത്തു, പഞ്ചാബ് കോണ്‍ഗ്രസില്‍ പോരുമായി സീനിയര്‍ നേതാവ്
ദില്ലി: പഞ്ചാബിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നാലെ പരസ്യമായി വിഴുപ്പലക്കലുമായി നേതാക്കള്‍. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്കെതിരെ മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ സുനില്‍ ജക്കര്‍ രംഗത്തെത്തി. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് പിഴച്ചെന്ന് ജക്കര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിക്ക് വലിയ സ്വത്താണ് ചന്നിയെന്ന് പറയുന്നു. തമാശ പറയുകയാണോ? ദൈവത്തിന് നന്ദി, വര്‍ക്കിംഗ് കമ്മിറ്റി ദേശീയ സ്വത്തായി ചന്നിയെ പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷേ ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചവര്‍ക്ക് അദ്ദേഹമൊരു സ്വത്തായിരിക്കും. എന്നാല്‍ പാര്‍ട്ടിക്ക് അദ്ദേഹമൊരു ബാധ്യതയാണ്. ഉന്നത നേതൃത്വമല്ല, മറിച്ച് ചന്നിയുടെ അതിമോഹങ്ങളാണ് പാര്‍ട്ടിയെയും അദ്ദേഹത്തെയും തകര്‍ത്തതെന്നും ജക്കര്‍ കുറ്റപ്പെടുത്തി.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് അമരീന്ദര്‍ സിംഗിന് ശേഷം ജക്കര്‍ വരുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഹൈക്കമാന്‍ഡ് ചന്നിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതിലുള്ള രോഷമാണ് തിരഞ്ഞെടുപ്പിന് ശേഷം ജക്കര്‍ തീര്‍ത്തത്. താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് വരെ തിരഞ്ഞെടുപ്പ് കാലത്ത് ജക്കര്‍ പറഞ്ഞിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിനെ ദോഷകരമായി ബാധിച്ചിരുന്നു. ട്വീറ്റിനൊപ്പം ചന്നിയുടെ ബന്ധുവില്‍ നിന്ന് പത്ത് കോടി രൂപ പിടിച്ചതിന്റെ മാധ്യമ വാര്‍ത്തയും സുനില്‍ ജക്കര്‍ പങ്കുവെച്ചിട്ടുണ്ട്. അമരീന്ദര്‍ സിംഗ് രാജിവെച്ച ശേഷം ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് രാഹുല്‍ ചന്നിയെ മുഖ്യമന്ത്രിയാക്കിയത്.
പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും ചന്നിയെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ആറിനായിരുന്നു ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ പ്രഖ്യാപിച്ചത്. ഇത് കോണ്‍ഗ്രസില്‍ വിഭാഗീയത വര്‍ധിപ്പിക്കുകയായിരുന്നു. ഇതേ ദിവസമാണ് സുനില്‍ ജക്കര്‍ സജീവ രാഷ്ട്രീയ ഉപേക്ഷിച്ചത്. ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയിട്ടും പ്രതീക്ഷിച്ച നേട്ടം കോണ്‍ഗ്രസിനില്ലായിരുന്നു. ചന്നി രണ്ട് മണ്ഡലത്തിലും തോല്‍ക്കുകയും ചെയ്തു. ചരിത്രപരമായ ജയത്തോടെ ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരത്തിലെത്തുകയും ചെയ്തു. കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമായി എടുത്ത് പറയുന്നത്.
അതേസമയം കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവ് തോല്‍വിയില്‍ പ്രതികരണവുമായി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വമല്ല തോല്‍വിക്ക് കാരണമെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. പാര്‍ട്ടിയിലെ എല്ലാവര്‍ക്കും ഇതില്‍ തുല്യ ഉത്തരവാദിത്തമുണ്ട്. സോണിയ മാത്രമല്ല ഉത്തരവാദിയെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. ഓരോ സംസ്ഥാന നേതാവും എംപിമാരും ഇതില്‍ ഉത്തരവാദികളാണ്. സോണിയയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവര്‍ രാജിവെക്കേണ്ട ആവശ്യമേയില്ലെന്നും ഗാര്‍ഗെ വ്യക്തമാക്കി. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട കാര്യങ്ങളാണ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തത്. ബിജെപിയുടെ പ്രത്യയശാസ്ത്രത്തോട് ഞങ്ങള്‍ പോരാടും. അടുത്ത തിരഞ്ഞെടുപ്പില്‍ മികവോടെ തിരിച്ചെത്തുമെന്നും ഗാര്‍ഗെ വ്യക്തമാക്കി.












Click it and Unblock the Notifications