'ഭൂമി നിങ്ങളെ മിസ് ചെയ്തു'; സുനിതയുടെ ദൃഢനിശ്ചയം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും: നരേന്ദ്ര മോദി
ഡല്‍ഹി: ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്ക് സുരക്ഷിതരായി മടങ്ങിയെത്തിയ ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഉൾപ്പെടെയുള്ള ക്രൂ-9 ബഹിരാകാശയാത്രികർക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൂ-9 ബഹിരാകാശയാത്രികരുടെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും ബഹിരാകാശ പര്യവേക്ഷണത്തിലുള്ള അവരുടെ സംഭാവനയെയും പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പ് അദ്ദേഹം എക്സില്‍ പങ്കുവെച്ചു.
മനുഷ്യശേഷിയുടെ പരിധികൾ മറികടന്ന് സ്വപ്നം കാണാനും ആ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുമുള്ള ധൈര്യം കാണിക്കുക എന്നതാണ് ബഹിരാകാശ പര്യവേക്ഷണം. ഒരു വഴികാട്ടിയായും പ്രതീകമായും സുനിത വില്യംസ് തന്റെ കരിയറിൽ ഉടനീളം ഈ ഉത്സാഹത്തെ ഉദാത്തമാക്കിത്തീർത്തുവെന്നും അദ്ദേഹം കൂറിച്ചു. പ്രധാനമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'സ്വാഗതം, ക്രൂ-9 ഭൂമിയില്‍ നിങ്ങളുടെ അഭാവമുണ്ടായിരുന്നു. നിങ്ങളുടേത് ധൈര്യത്തിന്റെയും മനഃശക്തിയുടെയും അതിരില്ലാത്ത മനുഷ്യോത്സഹത്തിന്റെയും പരീക്ഷണമായിരുന്നു. സുനിത വില്യംസും ക്രൂ-9 ബഹിരാകാശയാത്രികരും വീണ്ടും സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് കാട്ടിത്തന്നു. അജ്ഞാതവും വിശാലവുമായ ലോകത്തിനുമുന്നിൽ അവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യം ദശലക്ഷക്കണക്കിന് ആളുകളെ എക്കാലവും പ്രചോദിപ്പിക്കും.
ബഹിരാകാശ പര്യവേക്ഷണം, മനുഷ്യന്റെ കഴിവുകളുടെ പരിധികൾ മറികടക്കുന്നതിനെക്കുറിച്ചും, സ്വപ്നം കാണാനും ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുമുള്ള ധൈര്യത്തെക്കുറിച്ചുമാണ്. ഒരു വഴികാട്ടിയായും പ്രതീകമായും സുനിത വില്യംസ് തന്റെ കരിയറിൽ ഉടനീളം ഈ ഉത്സാഹത്തെ ഉദാത്തമാക്കിത്തീർത്തു. അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവരിലും ഞങ്ങൾ അതിയായരീതിൽ അഭിമാനിക്കുന്നു. കൃത്യത അഭിനിവേശവുമായി ചേരുമ്പോഴും സാങ്കേതികവിദ്യ ഉറച്ച മനസ്സുമായി കൂടിച്ചേരുമ്പോഴും എന്തും സംഭവിക്കാമെന്ന് അവർ തെളിയിച്ചിരിക്കുന്നു.'- മോദി കുറിച്ചു.
അതേസമയം, ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ എട്ടുദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര പല സാങ്കേതിക പ്രശ്നങ്ങൾ മൂലം നീളുകയായിരുന്നു. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിനിടെ ഏറ്റവും കൂടുതല്‍ സമയം സ്പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടവും അവർ കരസ്ഥമാക്കി. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച് വിൽമോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. അവർക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.












Click it and Unblock the Notifications