സര്‍വ്വകലാശാല പരീക്ഷകള്‍ നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി, പരീക്ഷ നടത്താതെ ജയിപ്പിക്കാനാകില്ല
ദില്ലി: സര്‍വ്വകലാശാല പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റി വെക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീം കോടതി തളളി. വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിച്ചാണ് പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത് എന്നുളള യുജിസി വാദം സുപ്രീം കോടതി അംഗീകരിച്ചു. സെപ്റ്റംബര്‍ 30തിനുളളില്‍ എല്ലാ സര്‍വ്വകലാശാലകളും യുജിസി ഉത്തരവ് പ്രകാരം അവസാന വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കണം.
പരീക്ഷകള്‍ നടത്താതെ സംസ്ഥാനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ അവസാന വര്‍ഷ യുജി, പിജി വിദ്യാര്‍ത്ഥികളേയും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താതെ ജയിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പരീക്ഷയ്ക്ക് രജീസ്റ്റര്‍ ചെയ്ത് ഫീസ് അടച്ച എല്ലാ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളേയും ജയിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സുപ്രീം കോടതി വിധിയോടെ ഈ തീരുമാനം നടപ്പിലാക്കാനാകില്ല.
പരീക്ഷ മാറ്റി വെയ്ക്കണം എന്നുളള സംസ്ഥാനങ്ങള്‍ക്ക് അതിനായി അനുമതി തേടി യുജിസിയെ സമീപിക്കാവുന്നതാണ്. എന്നാല്‍ യുജിസി സംസ്ഥാനങ്ങളുടെ ആവശ്യം നിരസിക്കുകയാണ് എങ്കില്‍ സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തുക തന്നെ വേണം. യുജിസി തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ് എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സര്‍വ്വകലാശാല പരീക്ഷകള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടത്തരുത് എന്ന് ആവശ്യപ്പെട്ട് 31 വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒപ്പം ശിവസേനയുടെ യുവജനവിഭാഗമായ യുവസേനയുടെ നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പരീക്ഷകള്‍ നടത്താനായി കോളേജുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയതിനേയും ഹര്‍ജികള്‍ ചോദ്യം ചെയ്യുകയുണ്ടായി.