തെലങ്കാന തിരഞ്ഞെടുപ്പ്: സീറ്റ് കിട്ടാത്തതിൽ അതൃപ്തി; വിഷ്ണു വർധൻ റെഡ്ഡി കോൺഗ്രസിൽ നിന്ന് രാജിവെച്ചു
ഹൈദരാബാദ്: മുൻ എം എൽ എ വിഷ്ണു വർധൻ റെഡ്ഡി കോൺഗ്രസിൽ നിന്ന് രാജിവച്ചു. മുൻ എം പിയും ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന് പാർട്ടി ജൂബിലി ഹിൽസ് ടിക്കറ്റ് നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി.
തെലങ്കാന കോൺഗ്രസ് ഇൻചാർജ് മനേക്രാവു താക്കറെ ജൂബിലി ഹിൽസ് മണ്ഡലത്തിൽ നിന്ന് തനിക്ക് ടിക്കറ്റ് ഉറപ്പുനൽകിയതായി വിഷ്ണു വർധൻ റെഡ്ഡി പറഞ്ഞു. പിജെആർ എന്നറിയപ്പെടുന്ന പി ജനാർദ്ദൻ റെഡ്ഡിയുടെ മകനാണ് വിഷ്ണു വർധൻ.

കോൺഗ്രസിന് ജയിക്കാൻ സാധ്യതയുള്ള ഹൈദരാബാദിലെ ഏക സീറ്റാണ് ജൂബിലി ഹിൽസ്. മണ്ഡലവുമായി ബന്ധമില്ലാത്ത ഒരാൾക്ക് ഇത്തരമൊരു സീറ്റ് നൽകിയത് അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വീടുവീടാന്തരം പ്രചാരണം നടത്തിയെന്നും കോൺഗ്രസ് അവഗണിച്ചതിനെ തുടർന്നാണ് രാജിവെച്ചതെന്നും വിഷ്ണു വർധൻ റെഡ്ഡി പറഞ്ഞു.
പട്ടികജാതി, ബിസി, മറ്റ് വിഭാഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ സമുദായങ്ങളിൽ നിന്നുള്ള വോട്ടർമാരാണ് ജൂബിലി ഹിൽസിൽ ഉള്ളത്. "ഒരു സമുദായത്തിന് മാത്രം ടിക്കറ്റ് നൽകുന്നത് അന്യായമാണ്. കോൺഗ്രസ് പാർട്ടിയിൽ ടിക്കറ്റ് നൽകിയത് നേതാക്കളെ സേവിക്കുന്നവർക്കാണ്, അല്ലാതെ ജനങ്ങളെ സേവിക്കുന്നവർക്കല്ല," വിഷ്ണു വർധൻ റെഡ്ഡി പറയുന്നു.
ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്ന നിയമം പാർട്ടി കൊണ്ടുവന്നിട്ടുണ്ടെന്നും ചില കേസുകളിൽ രണ്ട് ടിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നും റെഡ്ഡി പരാതിപ്പെട്ടു. ഹൈദരാബാദിൽ പി ജെ ആ റിനെപ്പോലെയുള്ള നേതാവിന്റെ കുടുംബത്തെ അവഗണിക്കുന്നത് പാർട്ടിയുടെ ഭാഗത്തുനിന്ന് തെറ്റാണെന്നും താൻ തീർച്ചയായും ജൂബിലി ഹിൽസിൽ മത്സരിക്കുമെന്നും എല്ലാ സാധ്യതകളും ആരായുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ എം പിയും ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന് വെള്ളിയാഴ്ചയാണ് എ ഐ സി സി ജൂബിലി ഹിൽസ് ടിക്കറ്റ് നൽകിയത്.നേരത്തെ, മുൻ ക്രിക്കറ്റ് താരം ജൂബിലി ഹിൽസിലെ വിവിധ വേദികളിൽ മീറ്റിംഗുകൾ നടത്തിയപ്പോൾ, വിഷ്ണുവർധൻ റെഡ്ഡി അസ്ഹറുദ്ദീനെ അത്തരം ഒത്തുചേരലുകൾ നടത്തുന്നത് തടഞ്ഞിരുന്നു.
പി വിഷ്ണുവർധൻ റെഡ്ഡി 2004ലും 2009ലും ജൂബിലി ഹിൽസിൽ നിന്ന് വിജയിച്ചെങ്കിലും 2014ലും 2018ലും എം എൽ എയായ ബി ആർ എസ് എം എൽഎ മാഗന്തി ഗോപിനാഥിനോട് പരാജയപ്പെട്ടു.












Click it and Unblock the Notifications