യുപിയിൽ ബിജെപിയുടെ വിജയം എളുപ്പമാക്കിയത് സ്ത്രീവോട്ടുകൾ
ലഖ്നൗ; ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തോതിൽ സ്ത്രീകളുടെ പിൻതുണ ലഭിച്ചതായി റിപ്പോർട്ട്. സൗജന്യ റേഷൻ, ഗ്യാസ് സിലിണ്ടറുകൾ, മെച്ചപ്പെട്ട ക്രമസമാധാനം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ വഴി സ്ത്രീകളുടെ വോട്ട് വൻതോതിൽ പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തവണ യുപിയിൽ സ്ത്രീകളുടെ ശരാശരി വോട്ടിംഗ് ശതമാനം പുരുഷന്മാരേക്കാൾ കൂടുതലാണ്.
ജാതി മതം എന്നീ അതിർവരമ്പുകൾക്ക് മുകളിൽ യുപിയിലെ നിഷ്പക്ഷ സമൂഹത്തിന്റെ വോട്ട് വലിയ രീതിയിൽ സംഭരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഖിലേഷിന്റെ സർക്കാരിനെ അപേക്ഷിച്ച് സ്ത്രികളുടെ സുരക്ഷക്കും റേഷൻ വിതരണത്തിലും ശൗചാലയ നിർമ്മാണത്തിലുമെല്ലാം കഴിഞ്ഞ യോ ഗി സർക്കാർ മികവുകാട്ടിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിക്കുന്ന ഗുണ്ടകൾക്കെതിരെ പ്രവർത്തിച്ച ആന്റി റോമിയോ സ്ക്വാഡും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച വീടുകളും ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കിടയിൽ മതിപ്പുളവാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം യുപിയിലെ 15 കോടി വോട്ടർമാരിൽ 7 കോടിയും സ്ത്രീകളാണ്. നേരത്തെ തിരഞ്ഞെടുപ്പുകളിൽ വളരെ ചെറിയ പങ്ക് വഹിച്ചിരുന്ന സ്ത്രീകൾ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുകയും ഈ തിരഞ്ഞെടുപ്പിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ യുപിയിൽ സ്ത്രീകളുടെ ശരാശരി വോട്ടിംഗ് ശതമാനം പുരുഷന്മാരേക്കാൾ കൂടുതലാണ്. 59. 6% പുരുഷന്മാർക്കെതിരെ 62.2% സ്ത്രീകൾ വോട്ട് ചെയ്തു.
സമാജ്‌വാദി പാർട്ടിയുടെ 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉൾപ്പെടെയുള്ള നിരവധി വാഗ്ദാനങ്ങൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. യോഗി സർക്കാരിന്റെ സൗജന്യ റേഷന് സമാനമായി അഖിലേഷും സൗജന്യ റേഷൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബിജെപിയുടെ സൗജന്യ റേഷൻ പദ്ധതി മാർച്ചിൽ അവസാനിക്കുമെന്നും എസ്പി വനിതാ വോട്ടർമാരെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. പക്ഷെ ഇതൊക്കെ വോട്ടാക്കി മാറ്റുന്നതിൽ എസ്പി പരാജയപ്പെട്ടു.
യുപിയിലെ 403 സീറ്റിൽ 255 എണ്ണത്തിലും വിജയക്കൊടി പാറിക്കാൻ ബിജെപിക്ക് സാധിച്ചു. പ്രധാന വെല്ലുവിളി ഉയർത്തിയ എസ്പിക്ക് 111 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. വൻ കോലാഹലം ഉയർത്തിവന്ന കോൺ ഗ്രസ് രണ്ട് സീറ്റിലും 2007 വരെ അധികാരത്തിൽ ഉണ്ടായിരുന്ന ബിഎസ്പി ഒരു സീറ്റിലും ഒതുങ്ങി. രണ്ടാം യോ ഗി സർക്കാർ ഹോളിക്ക് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ മന്ത്രിസഭാംഗങ്ങളിൽ ഭൂരിഭാഗം പേർക്കും പുതിയ രൂപീകരണത്തിൽ അവസരം ലഭിക്കില്ലെന്ന ഊഹാപോഹങ്ങളും ശക്തമാണ്. വെള്ളിയാഴ്ച ഒന്നാം യോ ഗി സർക്കാരിന്റെ അവസാനത്തെ മന്ത്രിസഭായോഗം ലഖ്‌നൗവിലെ പാർട്ടി ഓഫീസിൽ വെച്ച് നടത്തിയിരുന്നു.












Click it and Unblock the Notifications