വടക്കൻ ബെംഗളൂരു നിവാസികൾക്ക് ഇനി യാത്ര എളുപ്പം; ജക്കൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കി
ബെംഗളൂരു: നഗരത്തിലെ വടക്കൻ മേഖലകളിലെ യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽ നിന്ന് വലിയ ആശ്വാസമാകുന്ന ജക്കൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കി. 15 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാലം തുറന്ന് കൊടുക്കുന്നത്. 443 മീറ്റർ നീളവും നാലുവരിപ്പാതയുമുള്ള മേൽപ്പാലം നവംബർ 18ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ ഉദ്ഘാടനം ചെയ്യും.
ജക്കൂർ ഗ്രാമത്തെ റൈതര സന്തെ വഴി യെലഹങ്കയിലേക്കുള്ള റോഡുകളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റെയിൽവേ മേൽപ്പാലം. ജക്കൂർ, അമൃതഹള്ളി, കെമ്പാപുര, താനിസന്ദ്ര, യെലഹങ്ക എന്നിവിടങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് ഇതൊരു ബദൽ പാതയായിരിക്കും. റെയിൽവേ ലെവൽ ക്രോസിങ് ഒഴിവാക്കി യാത്ര ചെയ്യാനും ബല്ലാരി റോഡിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

മേൽപ്പാലം തുറക്കുന്നതോടെ യാത്രാദൂരം ഏകദേശം മൂന്ന് കിലോമീറ്റർ കുറയുമെന്നും യാത്രക്കാർക്ക് 15 മിനിറ്റോളം സമയം ലാഭിക്കാനാകുമെന്നും അധികൃതർ പറയുന്നു. യെലഹങ്ക, ഹെബ്ബാൾ, താനിസന്ദ്ര, കൊഗിലു, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള റോഡ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് പ്രയോജനപ്പെടും. 7.5 മീറ്റർ വീതിയുള്ള റോഡ് ഭാഗമാണ് പാലത്തിലുള്ളത്.
ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയിൽവേ അധികൃതരും നഗരസഭാ ഏജൻസികളും തമ്മിലുള്ള ഏകോപനക്കുറവും കാരണം പദ്ധതി നീളുകയായിരുന്നു. സൗത്ത് വെസ്‌റ്റേൺ റെയിൽവേ 2011ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങൾ കാരണം 2014ൽ നിർമ്മാണം നിലച്ചു. 2017ൽ അന്നത്തെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു.
ഏറ്റെടുക്കാൻ കണ്ടെത്തിയ 48 സ്വത്തുക്കളിൽ 33 എണ്ണം ആദ്യഘട്ടത്തിൽ ഏകദേശം 25 കോടി രൂപ ചെലവിൽ ഏറ്റെടുത്തു. 2018 ആയപ്പോഴേക്കും റെയിൽവേ അധികൃതർ അഞ്ച് ഗിർഡർ സ്‌പാനുകളുടെ നിർമാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ അപ്രോച്ച് റോഡിന്റെയും സംരക്ഷണ ഭിത്തിയുടെയും നിർമാണം പൂർത്തിയാക്കാനായില്ല. 2024 മാർച്ചിൽ ബിബിഎംപി പുതിയ വർക്ക് ഓർഡർ പുറപ്പെടുവിച്ച് പത്തുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചതോടെയാണ് പദ്ധതി വീണ്ടും സജീവമായത്.
എന്നാൽ ബാക്കിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വീണ്ടും നിർമാണം വൈകിപ്പിച്ചു. തുടർന്ന് 18.5 കോടി രൂപ നഷ്‌ടപരിഹാരം നൽകി ബാക്കി ഭൂമി കൂടി ഏറ്റെടുത്തു. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപയും അനുവദിച്ചു. നിർമ്മാണച്ചെലവും ഭൂമി ഏറ്റെടുക്കൽ ചെലവും ഉൾപ്പെടെ പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 69.6 കോടി രൂപയാണ്.
ജക്കൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തോടൊപ്പം മഴക്കാലത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഗെദ്ദലഹള്ളി റെയിൽവേ വെന്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഐഒസി ജങ്ഷനിലെ എലിവേറ്റഡ് റോട്ടറി ഫ്ലൈഓവറിന്റെയും ബയ്യപ്പനഹള്ളി റെയിൽവേ മേൽപ്പാലം വീതികൂട്ടുന്ന പദ്ധതിയുടെയും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.




Click it and Unblock the Notifications
