'2029ൽ വിജയ് പ്രധാനമന്ത്രിയാവും, രാഹുൽ ഗാന്ധി തന്നെ അത് ചെയ്യും'; അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ടിവികെ
ചെന്നൈ: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി വീണ്ടും ഉയർത്തിക്കാട്ടി ഭരണകക്ഷിയായ തമിഴക വെട്രി കഴകം. വിജയ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ തീരുമാനിച്ചെന്ന കോൺഗ്രസിന്റെ അവകാശവാദം തള്ളിക്കൊണ്ടാണ് ടിവികെയുടെ പുതിയ പ്രതികരണം.
ടിവികെ എംഎൽഎ കനിമൊഴി വിജയ് തന്നെയാണ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് ആവർത്തിച്ചു പറഞ്ഞു. പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് ഡൽഹിയല്ല, തമിഴ്‌നാടായിരിക്കുമെന്നും അവർ പറഞ്ഞു. 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി വിജയ് തന്നെയാണ്. പ്രധാനമന്ത്രി ആരാകണമെന്ന് ഡൽഹി തീരുമാനിക്കില്ല. തമിഴ്‌നാടാണ് തീരുമാനിക്കുക. 2029ൽ ചില അത്ഭുതങ്ങൾ സംഭവിക്കും. രാഹുൽ ഗാന്ധി തന്നെ വിജയ്‌യെ പ്രധാനമന്ത്രിയാക്കും; കനിമൊഴി പറയുന്നു.

എന്നാൽ നേരെ തിരിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ഭരണകക്ഷിയും സഖ്യകക്ഷിയായ ടിവികെയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസിന്റെ പ്രതികരണം. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് തരാഹൈ കുത്ബർ, മുഖ്യമന്ത്രി വിജയ് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി അവകാശപ്പെട്ടിരുന്നു.
സഖ്യത്തിനുള്ളിൽ നേതൃപോരാട്ടമുണ്ടെന്ന റിപ്പോർട്ടുകൾ അവർ തള്ളി. വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യങ്ങൾ പാർട്ടി പ്രവർത്തകരുടെ ആവേശം മാത്രമാണെന്നും നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും കുത്ബർ പറഞ്ഞു. മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെയാണ് പ്രധാനമന്ത്രി സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. അതനുസരിച്ചാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്നുമായിരുന്നു അവർ പറഞ്ഞത്.
അതിനിടെ 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടിവികെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പിന്തുണയ്ക്കുന്നില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവയ്ക്കുമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രി എസ് രാജേഷ് കുമാർ പറഞ്ഞതിന് പിന്നാലെയായിരുന്നു കുത്ബറിന്റെ പ്രതികരണം.
എന്നാൽ വിജയ്ക്ക് ദേശീയ തലത്തിൽ കൂടുതൽ വലിയ ചുമതല ലഭിക്കണമെന്ന നിലപാടാണ് ടിവികെ നേതാക്കൾ നേരത്തെ സ്വീകരിച്ചിരുന്നത്. രാജ്യത്തെ പരമോന്നത ഭരണഘടനാ പദവി തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു നേതാവ് വഹിക്കണമെന്നായിരുന്നു ടിവികെ നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ആദവ് അർജുനയുടെ പ്രതികരണം.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സഖ്യത്തിനുള്ളിലെ ശക്തിയും ദേശീയ നേതൃത്വത്തിനായുള്ള സാധ്യതകളും സംബന്ധിച്ച ചർച്ചകൾ ശക്തമാകുകയാണ്. എന്നാൽ ഇത്തവണത്തെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വിജയ്‌യും രാഹുൽ ഗാന്ധിയും രാഷ്ട്രീയമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ വിവാദങ്ങൾ തമിഴ്‌നാട്ടിലെ സഖ്യത്തെ ബാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.




Click it and Unblock the Notifications