ബിജെപി 8 ൽ 8 ഉം നേടിയ വാരണാസി; ഇക്കുറി 3 മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം..മോദി മാജിക്ക് ആവർത്തിക്കുമോ?
ദില്ലി; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മോദിയുടെ തട്ടകമായ വാരണാസിയിൽ 8 ൽ 8 മണ്ഡലങ്ങളിലും വിജയിക്കാൻ ബി ജെ പി സഖ്യത്തിന് സാധിച്ചിരുന്നു. 6 സീറ്റുകളിൽ ബി ജെ പിയും സഖ്യകക്ഷിയായ എസ് ബി എസ് പി, അപ്നാദൾ എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതവുമായിരുന്നു നേടിയത്. ഇത്തവണ രണ്ട് സീറ്റിൽ അപ്നാദളും ആറ് സീറ്റിൽ ബി ജെ പിയുമാണ് മത്സരിക്കുന്നത്. ഇത്തവണയും മണ്ഡലം തൂത്തുവാരാനാകുമെന്നാണ് ബി ജെ പി പ്രതീക്ഷ.

വാരണാസിയിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ പ്രധാനം വാരണാസി നോർത്ത് ആണ്. ഇവിടെ ബി ജെ പി എം എൽ എയായ രവീന്ദ്ര ജയ്സ്വാൾ ആണ് മത്സരിക്കുന്നത്. വാരണാസി സൗത്തിൽ ബ്രാഹ്മണ സമുദായാംഗങ്ങളുടെ നേർക്ക് നേർ പോരാട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ബി ജെ പിക്ക് വേണ്ടി മന്ത്രി നീൽകന്ത് തിവാരിയും എസ് പിക്ക് വേണ്ടി കാമേശ്വർ നാഥ് ദീക്ഷിത്തും മത്സരിക്കും. കോൺഗ്രസ് നേതാവ് അജയ് റായ് പിന്ദ്ര സീറ്റിലും മന്ത്രി അനിൽ രാജ്ഭർ എസ്ബിഎസ്പി അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭറിന്റെ മകൻ മത്സരിക്കുന്ന ശിവ്പൂർ സീറ്റിലുമാണ് മത്സരിക്കുന്നത്.
അടുത്ത ആഴ്ചയോടെ മണ്ഡലത്തിൽ ശക്തമായ പ്രചരണമാണ് പാർട്ടികൾ ലക്ഷ്യം വെയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വാരണാസിയിൽ പ്രചരണത്തിനിറങ്ങും. ഏകദേശം 20,000 ത്തോളം ബൂത്ത് വളണ്ടിയർമാരുമായി മോദി സംവദിക്കും. മാത്രമല്ല റോഡ് ഷോകളും പൊതുയോഗങ്ങളിലും ഭാഗമാകും. മോദി തരംഗം ഇക്കുറിയും തങ്ങൾക്ക് വോട്ടായി മാറുമെന്നാണ് ഇവിടെ ബി ജെ പി നേതാക്കളുടെ പ്രതീക്ഷ.
അതേസമയം , പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, മമത ബാനർജി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരും മണ്ഡലത്തിൽ പ്രചരണത്തിനെത്തും. മോദിയും പ്രിയങ്ക ഗാന്ധിയും റോഡ് ഷോ നടത്തുന്ന മാർച്ച് 3 ന് എസ് പി തലവൻ അഖിലേഷ് ദായവും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒരുമിച്ച് വാരണാസിയിൽ പ്രചരണം നടത്തും.
ബിജെപി കോട്ടയെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും ഇത്തവണ പാർട്ടിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് പ്രവർത്തകർ ഉൾപ്പെടെ പറയുന്നത്. എം എൽ എമാർക്കെതിരെ കടുത്ത ഭരണ വിരുദ്ധ വികാരമാണ് മേഖലയിൽ നിലനിൽക്കുന്നത്. വാരണാസിയിൽ നിന്ന് മത്സരിക്കുന്ന മൂന്ന് യുപി മന്ത്രിമാരിൽ രണ്ട് പേരായ ശ്രീവാസ്തവക്കെതിരേയും തിവാരിക്കെതിരേയും പാർട്ടിക്കുള്ളിൽ തന്നെ നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് തള്ളിയാണ് ഇരുവർക്കും നേതൃത്വം സീറ്റ് നൽകിയത്.
സമാജ്വാദി പാർട്ടിയും കോൺഗ്രസും വാരണാസിയിൽ പല മണ്ഡലങ്ങളിലും ധാരണയിലാണെന്നും ബി ജെ പി നേതാക്കൾ ആരോപിക്കുന്നു. കോൺഗ്രസും എസ്പിയും തമ്മിൽ തന്ത്രപരവും അപ്രഖ്യാപിതവുമായ ധാരണയുണ്ട്. വാരണാസി സൗത്തിലും വാരണാസി കൺഡോൺമെന്റ് സീറ്റിലും ബി ജെ പി കടുത്ത മത്സരമാണ് നേരിടുന്നത്. വാരണാസി എസ് പിയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡമ്മി സ്ഥാനാർത്ഥിയായ മുദിത കപ്പൂറിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. വാരണാസി കണ്ടോൺമെന്റിൽ എസ് പി വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പ്രത്യുപകാരമെന്ന നിലയിലാണ് ജമ്മി സ്ഥാനാർത്ഥിയായ രാജേഷ് മിശ്രയെ കോൺഗ്രസ് മത്സരിപ്പിച്ചത്, ബി ജെ പി നേതാവ് ആരോപിച്ചു.
നഗരപ്രദേശമായ റൊഹാനിയയും ഗ്രാമീണ പ്രദേശമായ സേവാപൂരി സീറ്റുമാണ് ബി ജെ പി വെല്ലുവിളി നേരിടുന്ന മറ്റ് രണ്ട് മണ്ഡലങ്ങൾ. റൊഹാനിയയിലെ സിറ്റിംഗ് എംഎൽഎ സുരേന്ദ്ര നാരായൺ സിങ്ങിന് ബിജെപി ടിക്കറ്റ് നിഷേധിച്ചതും പട്ടേൽ സമുദായാംഗങ്ങളെ ഇവിടെ മത്സരിപ്പിച്ചതും സവർണ സമുദായമായ ഭൂമിബാർ ബ്രാഹ്മണരെ ചൊടിപ്പിച്ചിട്ടുണ്ട്. മറ്റൊരു സെമി-അർബൻ സീറ്റായ പിന്ദ്രയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായിയും ബിഎസ്പിയുടെ ബാബുലാലും കടുത്ത മത്സരം കാഴ്ച വെയ്ക്കുന്നുണ്ട്. അതേസമയം മോദിയെത്തുന്നതോടെ ഇക്കുറിയും ബിജെപി തരംഗം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടെ നേതാക്കൾ.












Click it and Unblock the Notifications