മുഹമ്മദ് സുബൈറിനെതിരെ യുപിയില്‍ അന്വേഷണം; പ്രത്യേക സംഘത്തെ നിയോഗിച്ചു
ന്യൂഡല്‍ഹി: സത്യാന്വേഷണ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉത്തര്‍ പ്രദേശിലെ സിതാപൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുബൈറിന് സുപ്രീംകോടതി ഇടക്കാല ആശ്വാസം നല്‍കയിരുന്നു. അദ്ദേഹത്തിനുള്ള ജാമ്യം നീട്ടി നല്‍കുകയാണ് ചെയ്തത്. മറ്റു കേസുള്ളതിനാല്‍ സുബൈറിന് ജയിലില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചിട്ടില്ല. ഡല്‍ഹിയിലും യുപിയിലെ ലഖീംപൂരിലും മുസഫര്‍ നഗറിലും ഹത്രാസിലും സുബൈറിനെതിരെ വേറെയും കേസുകളുണ്ട്. സീതാപൂര്‍ കേസില്‍ മാത്രമാണ് സുപ്രീംകോടതി ജാമ്യം നീട്ടി നല്‍കിയത്.

തീവ്ര ഹിന്ദുത്വ നേതാക്കളായ സ്വാമി യതി നരസിംഹാനന്ദ്, ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവര്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ മുഹമ്മദ് സുബൈര്‍ രംഗത്തുവന്നിരുന്നു. ഇവരെല്ലാം ശത്രുത പരത്തുന്നവരാണെന്ന് സുബൈര്‍ കഴിഞ്ഞ മെയ് മാസത്തില്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് സീതാപൂരിലെ കേസിന് ആധാരം. സുബൈറിന്റെ ട്വീറ്റ് മതവിദ്വേഷം പരത്തുന്നതാണെന്ന് പോലീസ് പറയുന്നു.
സുബൈറിനെതിരെ സുദര്‍ശന്‍ ന്യൂസ് ചാനലിലെ ജീവനക്കാരന്‍ നല്‍കിയ പരാതിയാണ് ലഖീംപൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇസ്രായേല്‍-പലസ്തീന്‍ തര്‍ക്കത്തില്‍ സുദര്‍ശന്‍ ന്യൂസ് നല്‍കിയ വാര്‍ത്തകള്‍ക്കെതിരെ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് ജീവനക്കാരന്റെ പരാതി. കഴിഞ്ഞ വര്‍ഷമാണ് ഇതുമായി ബന്ധപ്പെട്ട് സുബൈര്‍ ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ 27നാണ് മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. നാല് വര്‍ഷം മുമ്പുള്ള ട്വീറ്റുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ബിജെപി നേതാക്കള്‍ക്കെതിരെ പലപ്പോഴും രംഗത്തുവന്ന വ്യക്തിയാണ് സുബൈര്‍. പല വ്യാജ പ്രചാരണങ്ങളും ഇദ്ദേഹത്തിന്റെ ആള്‍ട്ട് ന്യൂസ് പൊളിച്ചിരുന്നു.
ബിജെപി നേതാവ് നുപുര്‍ ശര്‍മ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശം ചര്‍ച്ചയാക്കിയത് സുബൈര്‍ ആയിരുന്നു. നുപുര്‍ ശര്‍മയുടെ വീഡിയോ സുബൈര്‍ പുറത്തുവിടുകയായിരുന്നു. തുടര്‍ന്ന് ആഗോള തലത്തില്‍ വലിയ ചര്‍ച്ചയായി. നുപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്റ് ചെയ്തു. ഇതിന് പിന്നാലെയാണ് നാല് വര്‍ഷം മുമ്പുള്ള ട്വീറ്റുമായി ബന്ധപ്പെട്ട് സുബൈറിനെ അറസ്റ്റ് ചെയ്തത്. നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാതിരിക്കുകയും സുബൈറിനെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സുബൈറിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications