ആളെ കയറ്റാത്ത വന്ദേഭാരത്; പരീക്ഷണയോട്ടം 90 കിലോമീറ്റര്‍ വേഗതയില്‍, ഇന്ത്യയിലെ ആദ്യത്തെ ചരക്കുവണ്ടി
വന്ദേഭാരത് എക്‌സ്പ്രസിനും വന്ദേഭാരത് സ്ലീപ്പറിനും ശേഷം വന്ദേഭാരത് ചരക്കുവണ്ടി വരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിനും മഹാരാഷ്ട്രയിലെ മുംബൈക്കുമിടയില്‍ പരീക്ഷയോട്ടം നടത്തി. രാജ്യത്തെ ചരക്കു വണ്ടികളില്‍ ഏറ്റവും വേഗതയുള്ള ട്രെയിന്‍ ആയിരിക്കുമിത്. 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ സര്‍വീസ് നടത്താന്‍ സാധിക്കുന്ന ചരക്കുവണ്ടിയാണ് വന്ദേഭാരത് ഇറക്കിയിരിക്കുന്നത്.
16 കോച്ചുള്ള ട്രെയിന്‍ ആണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. 264 ടണ്‍ വരെ ചരക്കുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഈ ട്രെയിന്‍ നിര്‍മിച്ചത്. അതിവേഗം നിര്‍ത്താന്‍ സാധിക്കുന്ന ട്രെയിന്‍ ആണിത് എന്നതും എടുത്തു പറയണം. വീതിയേറിയ വാതില്‍, താപനില ക്രമീകരിക്കുന്ന കോച്ചുകള്‍ എന്നിവയെല്ലാം ഈ ട്രെയിനിന്റെ പ്രത്യേകതകളാണ്.

സിസിടിവി ഘടിപ്പിച്ചുള്ള ഈ ട്രെയിനില്‍ തീ പടരുന്നത് തയാന്‍ സാധിക്കുന്ന സംവിധാനവുമുണ്ട്. ചരക്കുകളുടെ സുരക്ഷ ഉറപ്പാക്കുന്ന മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നേരത്തെ കോട്ട-റോഹല്‍ ഖുര്‍ദ് സെക്ഷനിലാണ് ഈ ട്രെയിന്‍ പരീക്ഷയോട്ടം നടത്തിയത്. ഇന്നലെ അഹമ്മദാബാദ്-മുംബൈ റൂട്ടിലും. കോട്ടയില്‍ നിന്നുള്ള പരീക്ഷണത്തില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലായിരുന്നു യാത്ര.
രാജ്യത്ത് നിലവിലുള്ള ചരക്കു തീവണ്ടികള്‍ മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ പുതിയ വന്ദേഭാരത് ചരക്കുവണ്ടിയുടെ കുറഞ്ഞ വേഗത 90 കിലോമീറ്ററാണ്. ഓരോ റൂട്ടിനും അനുസരിച്ച് വേഗതയില്‍ മാറ്റമുണ്ടാകും. 160 കിലോമീറ്റര്‍ വരെ വേഗത ഉയര്‍ത്താന്‍ സാധിക്കുകയും ചെയ്യും. ഇ-കൊമേഴ്‌സ് മേഖലയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനാണ് വന്ദേഭാരത് ചരക്കുവണ്ടി പ്രധാനമായും ഉപയോഗിക്കുക.
എല്ലാ ചരക്കുകളും എടുക്കുമെങ്കിലും മരുന്നുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവയാകും കൂടുതലും കൊണ്ടുപോകുക. രാജ്യത്തെ പ്രധാന റൂട്ടുകളില്‍ വൈകാതെ വന്ദേഭാരത് ചരക്കുവണ്ടികള്‍ സര്‍വീസ് ആരംഭിക്കും. ആദ്യ റൂട്ട് ഡല്‍ഹി-മുംബൈ സെക്ടറില്‍ ആയിരിക്കും. മുംബൈ-അഹമ്മദാബാദ് ഉള്‍പ്പെടെ തിരക്കേറിയ റൂട്ടുകളിലും പിന്നാലെ എത്തും.
പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് ആണ് ആദ്യം സര്‍വീസ് ആരംഭിച്ചത്. പിന്നീട് ഈയടുത്താണ് വന്ദേഭാരതിന്റെ രാത്രി യാത്ര സാധ്യമാക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ വന്നത്. അസം-ബംഗാള്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ഒരു സര്‍വീസ് മാത്രമാണ് സ്ലീപ്പര്‍ ആരംഭിച്ചിട്ടുള്ളത്. വൈകാതെ ബെംഗളൂരു-മുംബൈ, ബെംഗളൂരു-എറണാകുളം-നാഗര്‍കോവില്‍ തുടങ്ങിയ റൂട്ടുകളിലെല്ലാം വന്ദേഭാരത് സ്ലീപ്പര്‍ എത്തും. എന്നാല്‍ വന്ദേഭാരത് ചരക്കുവണ്ടി വാണിജ്യ ആവശ്യം മാത്രം മുന്‍നിര്‍ത്തി നിര്‍മിച്ചതാണ്.





Click it and Unblock the Notifications
