തമിഴ്‌നാട്ടില്‍ പിതൃത്വ അവധി പ്രഖ്യാപിച്ച് വിജയ്; അച്ഛന്റെ പിന്തുണ അനിവാര്യമെന്ന് സര്‍ക്കുലര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിതൃത്വ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഭാര്യയുടെ പ്രസവ സമയത്തോ തൊട്ടു ശേഷമോ 15 ദിവസം വരെ ഭര്‍ത്താവിന് നല്‍കുന്ന അവധിയാണിത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ വനിതകള്‍ക്ക് ഒരു വര്‍ഷം പ്രസവ അവധി നല്‍കുന്നുണ്ട്. ഈ വേളയില്‍ തങ്ങള്‍ക്കും അവധി വേണമെന്ന് പുരുഷ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം കണക്കിലെടുത്താണ് വിജയ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പുരുഷന്മാര്‍ക്ക് പിതൃത്വ അവധി നല്‍കുന്നത്. കുഞ്ഞ് ജനിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങള്‍ മുതല്‍ ഇതിന് യോഗ്യരായിക്കും. കുഞ്ഞിന് ആറ് മാസം തികയുന്നതു വരെയുള്ള കാലയളവില്‍ ഈ അവധി എടുക്കാം. 15 ദിവസം ഒരുമിച്ചോ ഘട്ടങ്ങളായോ അവധി എടുക്കാം.

സ്ത്രീകള്‍ക്ക് 365 ദിവസമാണ് പ്രസവ അവധി നല്‍കുന്നത്. പുരുഷന്മാര്‍ക്കും അവധി വേണമെന്ന് അപേക്ഷ ലഭിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് തീരുമാനം എന്ന് വിജയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുഞ്ഞിന്റെ ജന്മസമയം കുഞ്ഞിനും മാതാവിനും വളരെ പ്രധാനമാണ്. ഭര്‍ത്താവിന്റെ സാന്നിധ്യം ഭാര്യയ്ക്ക് ഈ വേളയില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ് എന്നും വിജയുടെ ഓഫീസ് കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ പിതൃത്വ അവധി നേരത്തെ നല്‍കുന്നുണ്ട്. കൂടാതെ സിക്കിം, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പിതൃത്വ അവധിയുണ്ട്. കേരളത്തില്‍ 10 ദിവസം പെയ്ഡ് ലീവ് ആണ് അനുവദിക്കുന്നത്. രണ്ട് മക്കളുടെ ജനന വേളയില്‍ ഇത് ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 ദിവസം അവധി നല്‍കുന്നുണ്ട്. അതേസമയം, സ്വകാര്യ മേഖലയില്‍ ഇത്തരം അവധികള്‍ നിലവിലില്ല.
അവധി എടുക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പ് സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവധി ദിവസങ്ങള്‍ ഡ്യൂട്ടിയായി പരിഗണിച്ച് എല്ലാ ആനുകൂല്യങ്ങളും അനുവദിക്കും. ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. എത്ര ദിവസം അവധി വേണം, ഒരുമിച്ച് അവധി എടുക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അപേക്ഷയില്‍ വിശദീകരിക്കേണ്ടി വരും. ശമ്പളത്തോടെയുള്ള അവധി അനുവദിച്ചതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിജയ് സര്‍ക്കാരിന് നന്ദി അറിയിച്ചു.




Click it and Unblock the Notifications
