പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വിജയ്? സഖ്യ കക്ഷികളുമായി ഏകോപന യോഗം വിളിച്ച് ടിവികെ, നിർണായകം
ചെന്നൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെ, സഖ്യകക്ഷികളുമായി രണ്ടാം ഏകോപന യോഗം വിളിച്ച് തമിഴക വെട്രി കഴകം. സെപ്റ്റംബർ 9നാണ് യോഗം ചേരുക. ജൂലൈയിൽ കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആദ്യ ഏകോപന യോഗം നടന്നിരുന്നു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. എന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ലഭിക്കാത്തതിനാൽ കോൺഗ്രസ്, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ), ഇടതുപക്ഷ പാർട്ടികൾ എന്നിവയുടെ പിന്തുണയെ ആശ്രയിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

യോഗത്തിന് മുന്നോടിയായി ടിവികെ മന്ത്രിമാർ വെള്ളിയാഴ്‌ച ഇടതുപക്ഷ പാർട്ടി നേതാക്കളുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഗ്രാമവികസന-ജലവിഭവ മന്ത്രി എൻ ആനന്ദ്, പൊതുമരാമത്ത്-കായിക വികസന മന്ത്രി ആദവ് അർജുന, ഊർജവിഭവ-നിയമ മന്ത്രി ആർ നിർമൽ കുമാർ, സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി എ രാജ്മോഹൻ എന്നിവർ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പി ഷൺമുഖം, സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യൻ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്‌ച നടത്തി.
ഇടതുപക്ഷ പാർട്ടികളോട് ഔദ്യോഗികമായി സർക്കാരിന്റെ ഭാഗമാകണമെന്ന് ടിവികെ നേതാക്കൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുൻ സഖ്യകക്ഷിയായിരുന്ന എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോയുമായും നേതാക്കൾ കൂടിക്കാഴ്‌ച നടത്തി.
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനുള്ള ടിവികെയുടെ നീക്കത്തെച്ചൊല്ലി കോൺഗ്രസും ടിവികെയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് പുതിയ നീക്കം. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലെ മുൻ അംഗമായിരുന്ന കോൺഗ്രസ്, ടിവികെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ചില്ലെങ്കിൽ സഖ്യത്തിൽ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടിവികെയുടെ ഈ നീക്കത്തിൽ തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാക്കൾ അതൃപ്‌തിയിലാണ്. വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാനുള്ള നീക്കത്തെ അവർ ആരാധക മനോഭാവം എന്നാണ് വിശേഷിപ്പിച്ചത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി 2029ൽ പ്രധാനമന്ത്രിയാകുമെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.
തമിഴ്നാട് സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിമാരാണുള്ളത്. പി വിശ്വനാഥൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായും എസ് രാജേഷ് കുമാർ ടൂറിസം, ടൂറിസം വികസന കോർപ്പറേഷൻ മന്ത്രിയായും പ്രവർത്തിക്കുന്നുണ്ട്. സഖ്യം നല്ല നിലയിൽ മുന്നോട്ട് പോവുന്ന വേളയിലാണ് പ്രധാനമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം ഉടലെടുത്തത്.




Click it and Unblock the Notifications