ബംഗാള്‍ മമത ഭരിക്കും, ബിജെപിക്ക് 4 സീറ്റ്, സിപിഎം - കോണ്‍ സഖ്യത്തിനോ?
കൊല്‍ക്കത്ത: ഒരുമിച്ച് ഫലമറിയാനുള്ള കേരളവും തമിഴ്‌നാടും ഇപ്പോഴും വോട്ടെടുപ്പിന് ഒരുങ്ങുന്നതേയുള്ളൂ. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ ഇതിനിടെ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് വരെ തീര്‍ന്നു. വോട്ടെടുപ്പേ തീര്‍ന്നിട്ടുള്ളൂ, ഫലം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ആസമിന്റെയും ഒരുമിച്ച് മെയ് 19നേ അറിയാന്‍ പറ്റൂ. അതുവരെയുള്ള കാത്തിരിപ്പിന്റെ നാളുകള്‍ ജയപരാജയവും സാധ്യതകളും കണക്കുകൂട്ടാനും, മനക്കോട്ട കെട്ടാനുമുള്ളതാണ്.
ഫെബ്രുവരി മുതല്‍ ഏപ്രില്‍ 4ന് വോട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെയായി ആറ് പ്രമുഖ സര്‍വ്വേ ഫലങ്ങളാണ് പശ്ചിമ ബംഗാളില്‍ പുറത്തുവന്നത്. ഇതില്‍ ആറ് ഫലങ്ങളും അടിവരയിട്ട് പറഞ്ഞ ഒരു കാര്യമുണ്ട്. ബംഗാളിലെ ഭരണത്തുടര്‍ച്ച. 294 അംഗ സഭയില്‍ 156 മുതല്‍ 201 വരെ സീറ്റുകളാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഈ സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്നത്.

മമതയെ അട്ടിമറിച്ച് ഭരണം പിടിക്കാനായി തട്ടിക്കൂട്ടി ഉണ്ടാക്കിയ സി പി എം - കോണ്‍ഗ്രസ് മുന്നണിക്ക് കേവല ഭൂരിപക്ഷം കിട്ടുമെന്ന് ഒരു സര്‍വ്വേയും പറഞ്ഞില്ല. എന്ന് മാത്രമല്ല, ഈ താല്‍ക്കാലിക മുന്നണിക്ക് കിട്ടാനിടയുള്ള പരമാവധി സീറ്റുകള്‍ 127 ആണ്. ഇന്ത്യ ടി വി സീ വോട്ടര്‍ സര്‍വ്വേ മാര്‍ച്ചിലാണ് ഇടത് - കോണ്‍ഗ്രസ് സഖ്യത്തിന് ഇത്രയും സീറ്റുകള്‍ പ്രവചിച്ചത്. ബി ജെ പിക്കാകട്ടെ പരമാവധി കിട്ടാവുന്നത് 4 സീറ്റ്. രണ്ട് സര്‍വ്വേകള്‍ 4 സീറ്റ് പ്രവചിക്കുമ്പോള്‍ എ ബി പി നീല്‍സണ്‍ പറയുന്നത് ബി ജെ പി അക്കൗണ്ടേ തുറക്കില്ല എന്നാണ്.
പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ ഇങ്ങനെ-
1. എബിപി നീല്‍സണ്‍ (ഫെബ്രുവരി) - തൃണമൂല്‍ 182, സിപിഎം - കോണ്‍ സഖ്യം 107, ബിജെപി 0, മറ്റുള്ളവര്‍ 5
2. ഇന്ത്യ ടിവി - സീ വോട്ടര്‍ (മാര്‍ച്ച്) - തൃണമൂല്‍ 156, സിപിഎം - കോണ്‍ സഖ്യം 127, ബിജെപി 4, മറ്റുള്ളവര്‍ 7
3. ഇടിവി ബംഗ്ലാ (മാര്‍ച്ച്) - തൃണമൂല്‍ 201, സിപിഎം - കോണ്‍ സഖ്യം 61, ബിജെപി 1, മറ്റുള്ളവര്‍ 3
4. എബിപി - എസി നില്‍സണ്‍ (മാര്‍ച്ച്) - തൃണമൂല്‍ 178, സിപിഎം - കോണ്‍ സഖ്യം 110, ബിജെപി 1, മറ്റുള്ളവര്‍ 5
5. 24 ഘണ്ട - ജിഎഫ്‌കെ മോഡ് (മാര്‍ച്ച്) - തൃണമൂല്‍ 200, സിപിഎം - കോണ്‍ സഖ്യം 90, ബിജെപി 1, മറ്റുള്ളവര്‍ 3
6. ടൈംസ് ഓഫ് ഇന്ത്യ -സി വോട്ടര്‍ (ഏപ്രില്‍) - തൃണമൂല്‍ 160, സിപിഎം - കോണ്‍ സഖ്യം 106, ബിജെപി 4, മറ്റുള്ളവര്‍ 3












Click it and Unblock the Notifications