എന്താണ് ജെറിമാൻഡറിംഗ്; വാക്കിൻ്റെ ഉത്ഭവം ഇങ്ങനെ
ഏപ്രിൽ 15-ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നതിന് തലേദിവസമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജെറിമാൻറിംഗ് എന്ന പദം എക്സിൽ പങ്കുവെയ്ക്കുന്നത്. വനിത സംവരണ ബില്ലിനെ കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ വാക്ക് കുറിച്ചത്. 'ബിജെപിയുടെ അപകടകരമായ പദ്ധതികളിലൊന്ന് 2029 ലെ തിരഞ്ഞെടുപ്പിനായി എല്ലാ ലോക്‌സഭാ സീറ്റുകളും അവർക്ക് അനുകൂലമായ രീതിയിൽ 'ജെറിമാൻഡർ' ചെയ്യുക എന്നത്', എന്ന് രാഹുൽ കുറിച്ചു.
തൊട്ടടുത്ത ദിവസം, പാർലമെന്റിൽ ബില്ലുകൾ ചർച്ച ചെയ്തപ്പോൾ, ഗാന്ധി നിലപാട് ഊന്നിപ്പറഞ്ഞു. "സർക്കാർ കൊണ്ടുവരുന്ന ഈ നിർദ്ദേശത്തിന് വനിതാ സംവരണവുമായി ബന്ധമില്ല. അതിർത്തി നിർണ്ണയത്തിലൂടെയും ജെറിമാൻഡറിംഗിലൂടെയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണിത്', എന്നായിരുന്നു രാഹുലിൻ്റെ വാക്കുകൾ. ഇതോടെയാണ് ജെറിമാൻഡറിംഗ് എന്ന പദം ചർച്ചയാകുന്നത്.

വാക്കും അതിന്റെ ഉത്ഭവവും
'ജെറിമാൻഡറിംഗ്' എന്ന പദം 19-ാം നൂറ്റാണ്ടിൽ അമേരിക്കയിൽ ഉടലെടുത്തതാണ്. മസാചുസെറ്റ്സ് ഗവർണർ എൽബ്രിഡ്ജ് ജെറി, സ്വന്തം പാർട്ടിയുടെ നേട്ടത്തിനായി ഒരു മണ്ഡലത്തിന്റെ അതിരുകൾ സലമാൻഡറിന്റെ രൂപത്തിൽ മാറ്റിവരച്ചതിനെ തുടർന്നാണ് ഈ പേരുണ്ടായത്. ചുരുക്കത്തിൽ, ഒരു രാഷ്ട്രീയ വിഭാഗത്തിന് നേട്ടമുണ്ടാക്കാനായി, വോട്ടിംഗ് മണ്ഡലങ്ങളുടെ അതിരുകൾ തന്ത്രപരവും അന്യായവുമായ രീതിയിൽ മാറ്റിവരയ്ക്കുന്ന പ്രക്രിയയാണിത്
ഇന്ത്യൻ സാഹചര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച രണ്ട് മുഖ്യ രീതികളിലൂടെയാണ് ജെറിമാൻഡറിംഗ് പ്രവർത്തിക്കുന്നത്. ഒന്നാമതായി, പ്രതിപക്ഷ വോട്ടർമാരെ കഴിയുന്നത്ര കുറഞ്ഞ സീറ്റുകളിൽ കേന്ദ്രീകരിക്കും (packing); ഇതുവഴി അവർക്ക് വലിയ ഭൂരിപക്ഷം നേടാമെങ്കിലും, മറ്റ് മണ്ഡലങ്ങളിൽ സ്വാധീനം കുറയും.
രണ്ടാമത്തേത് 'സ്പ്രെഡിംഗ്' ആണ്; പ്രതിപക്ഷ വോട്ടർമാരെ പല മണ്ഡലങ്ങളിലായി നേരിയ തോതിൽ വിതറി, ഒരിടത്തും ഭൂരിപക്ഷം നേടാൻ കഴിയാതെ തോൽവിയിലേക്ക് നയിക്കുന്നു.
ബില്ലുകൾ യഥാർത്ഥത്തിൽ നിർദ്ദേശിക്കുന്നത്
കേന്ദ്രത്തിന്റെ മൂന്ന് ബില്ലുകൾ അടങ്ങിയ പാക്കേജാണ് അവതരിപ്പിച്ചത്: 2026-ലെ ഭരണഘടന (131-ാം ഭേദഗതി) ബിൽ, 2026-ലെ അതിർത്തി നിർണ്ണയ ബിൽ, 2026-ലെ കേന്ദ്രഭരണ പ്രദേശ നിയമ (ഭേദഗതി) ബിൽ എന്നിവ. 2011 ലെ സെൻസസ് അനുസരിച്ച് അതിർത്തി നിർണ്ണയം സാധ്യമാക്കാനും നിയമസഭകളിലും ലോക്‌സഭയിലും സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു ബിൽ. ഇതനുസരിച്ച് നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ ഏകദേശം 816 ആയി ഉയരും.
കേന്ദ്രത്തിന് തിരിച്ചടി
മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. 528 പേരിൽ 298 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 230 പേർ എതിർത്തതാണ് തിരിച്ചടിയായത്.












Click it and Unblock the Notifications