മമത മുതല്‍ പവാര്‍ വരെ, അയോധ്യയില്‍ മോദിയെത്തുമ്പോള്‍ പ്രതിപക്ഷത്തിന്റെ പരിപാടികള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ട ചടങ്ങുകള്‍ക്കായി എത്തുമ്പോള്‍ പൂര്‍ണമായും മുഖം തിരിച്ച് പ്രതിപക്ഷം ബിജെപി ഈ ചടങ്ങിനെ സ്വപ്‌ന സാക്ഷാത്കാരമായിട്ടാണ് അവതരിപ്പിക്കുന്നത്. നിരവധി പദ്ധതികള്‍ ഇതിന്റെ ഭാഗമായി അയോധ്യയില്‍ തന്നെ ഉദ്ഘാടനം ചെയ്യപ്പെട്ട് കഴിഞ്ഞു.
പതിനായിരത്തില്‍ അധികം ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. യോഗി ആദിത്യനാഥിന് മാത്രമാണ് ക്ഷണമുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ അടക്കം ക്ഷണിക്കപ്പെട്ടവരില്‍ ഉണ്ട്. എന്നാല്‍ പ്രതിപക്ഷം ആരും ചടങ്ങിനെത്തില്ല. അന്നേ ദിവസം ഇവരുടെ പരിപാടികള്‍ എന്തെല്ലാം എന്ന് നോക്കാം.

മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തനിക്ക് പറയാനൊന്നുമില്ലെന്നയിരുന്നു അവരുടെ മറുപടി. അതേസമയം മതം വ്യക്തിപരമായ വിഷയമാണെന്നും, ജനുവരി 22ന് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു. അവിടെ മതസൗഹാര്‍ദ റാലി നടത്തുമെന്നും മമത പറയുന്നു. എല്ലാ മതത്തിലുള്ളവരെയും ഇതില്‍ ഉള്‍പ്പെടുത്തും. ദക്ഷിണ കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് മൈതാനത്തിലാണ് ഇവ സമാപിക്കുക.
രാഹുല്‍ ഗാന്ധി അസമിലെ ക്ഷേത്രമാണ് സന്ദര്‍ശിക്കുക. രണ്ടാം ഭാരത് ജോഡോ യാത്രയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ജനുവരി 22ന് നിത്യേനയുള്ള പരിപാടികളുടെ ഭാഗമായിട്ടായിരിക്കും ഈ സന്ദര്‍ശനം. ശരത് പവാറും അഖിലേഷ് യാദവും ചടങ്ങില്‍ പങ്കെടുക്കില്ല. പകരം ചടങ്ങിന് ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തും. തിരക്ക് കുറഞ്ഞ ശേഷം ദര്‍ശനം നടത്താമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.
ആംആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഡല്‍ഹിയിലാകെ സുന്ദരകാണ്ഡം, ഹനുമാന്‍ ചാലിസ പരിപാടികള്‍ എഎപി സംഘടിപ്പിക്കുന്നുണ്ട. ശ്രീരാമ ഭഗവാനോടും, ഹനുമാനോടും താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. ഉദ്ധവ് താക്കറെയ്ക്കും ചടങ്ങിലേക്ക് ക്ഷണമില്ല. ജനുവരി 22ന് ഉദ്ധവും പാര്‍ട്ടി നേതാക്കളും നാഷിക്കിലെ കാലാറാം ക്ഷേത്രം സന്ദര്‍ശിക്കും. ഇവിടെ മഹാആരതിയും അദ്ദേഹത്തിന്റേതായി ഉണ്ടാവും.
സിപിഎം, ആര്‍ജെഡി, ഡിഎംകെ എന്നിവരൊന്നും ചടങ്ങില്‍ പങ്കെടുക്കില്ല. ഇരുവരും ബിജെപിയുടെ രാഷ്ട്രീയ നീക്കത്തെയാണ് വിമര്‍ശിച്ചത്. മതപരമായ ചടങ്ങിനെ ബിജെപി രാഷ്ട്രീയവുമായി ബന്ധിപ്പിച്ചെന്നായിരുന്നു വിമര്‍ശനം.
അതേസമയം ഒഡീഷയില്‍ ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്ക് ജഗന്നാഥ പൈതൃക ഇടനാഴിയാണ് ബദലായി നിര്‍മിക്കുന്നത്. ബിജെപിയുടെ മതരാഷ്ട്രീയത്തിന് അതിലും ശക്തമായ മതരാഷ്ട്രീയം കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കുന്നത്. നാലായിരം കോടിയാണ് ഈ പദ്ധതിക്കായി ചെലവിട്ടിരിക്കുന്നത്. പുരിയുടെ അടിസ്ഥാന സൗകര്യത്തെ മൊത്തത്തില്‍ വികസിപ്പിക്കുന്ന പദ്ധതിക്ക് വേണ്ടിയാണിത്.












Click it and Unblock the Notifications