ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിനായി ഇനി എത്ര നാൾ കാത്തിരിക്കണം? മറുപടിയുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കുന്നതിൽ വമ്പൻ അറിയിപ്പുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. ഇനി കാത്തിരിപ്പ് അധികം നീളില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. 2027 ഓഗസ്‌റ്റ് മാസത്തോടെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് തുടങ്ങുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ഗുജറാത്തിലെ മെഹ്‌സാനയിലെ ഗൺപത് യൂണിവേഴ്‌സിറ്റിയിൽ നടന്ന പ്രഥമ വൈബ്രന്റ് ഗുജറാത്ത് റീജിയണൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.'ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. ഗുജറാത്തിൽ വയർ ഡക്‌ടുകൾ പൂർത്തിയാക്കുകയും ഗിർഡറുകൾ സ്ഥാപിക്കുകയും ചെയ്‌തു. ട്രാക്കുകളുടെയും വൈദ്യുത വയറിംഗിന്റെയും ജോലികൾ പുരോഗമിക്കുകയാണ്' അദ്ദേഹം അറിയിച്ചു.

പദ്ധതിയുടെ പുരോഗതി ജാപ്പനീസ് മന്ത്രി നകാനോ അടുത്തിടെ ഗുജറാത്ത് സന്ദർശിച്ചു വിലയിരുത്തിയിരുന്നു. ഒക്ടോബർ 3നാണ് അശ്വിനി വൈഷ്‌ണവും ജപ്പാനിലെ ലാൻഡ്, ഇൻഫ്രാസ്ട്രക്ചർ, ട്രാൻസ്പോർട്ട്, ടൂറിസം മന്ത്രി ഹിരോമാസ നകാനോയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സൂറത്ത്, മുംബൈ എന്നിവിടങ്ങളിലെ നിർമ്മാണ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയത്.
രാജ്യം ഒന്നാകെ ഉറ്റുനോക്കുന്ന പദ്ധതികളിൽ ഒന്നാണിത്. മുംബൈ-അഹമ്മദാബാദ് ഹൈ-സ്‌പീഡ് റെയിൽ പാത 508 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നു. മുംബൈ (ബാന്ദ്ര കുർള കോംപ്ലക്‌സ്), താനെ, വിരർ, ബോയ്‌സർ, വാപ്പി, ബിലിമോറ, സൂറത്ത്, ഭറൂച്ച്, വഡോദര, ആനന്ദ്/നാദിയാദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്‌റ്റേഷനുകൾ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക.
1.1 ലക്ഷം കോടി രൂപയുടെ ഈ പദ്ധതിക്ക് 2017 സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ സബർമതിയിൽ തറക്കല്ലിട്ടത്. ദേശീയ ഹൈ-സ്‌പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവരങ്ങൾ അനുസരിച്ച്, പദ്ധതിയിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഏകദേശം 323 കിലോമീറ്റർ വയഡക്റ്റും 399 കിലോമീറ്റർ പിയർ ജോലികളും പൂർത്തിയായി. ഇതിൽ 17 നദി പാലങ്ങൾ, അഞ്ച് പിഎഎസ്‌സി പാലങ്ങൾ, ഒമ്പത് സ്‌റ്റീൽ പാലങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഏകദേശം 211 കിലോമീറ്റർ ട്രാക്ക് ബെഡ് ഒരുങ്ങിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നാല് ലക്ഷത്തിലധികം ശബ്‌ദ പ്രതിരോധകങ്ങൾ പാതയോരത്ത് സ്ഥാപിച്ചു. പാൽഘറിൽ ഏഴ് മല തുരങ്കങ്ങളുടെ നിർമ്മാണം നടക്കുകയാണ്. ബാന്ദ്ര കുർള കോംപ്ലക്‌സിനും ഷിൽഫാറ്റയ്ക്കും ഇടയിലുള്ള 21 കിലോമീറ്റർ തുരങ്കത്തിൽ അഞ്ച് കിലോമീറ്ററിന് പുരോഗതിയുണ്ടായി.
സൂറത്തിലും അഹമ്മദാബാദിലുമുള്ള റോളിംഗ് സ്‌റ്റോക്ക് ഡിപ്പോകളുടെ നിർമ്മാണവും ഇപ്പോൾ പുരോഗമിക്കുന്നു. ഗുജറാത്തിലെ എല്ലാ സ്‌റ്റേഷനുകളിലെയും സൂപ്പർസ്ട്രക്ചർ ജോലികൾ അവസാന ഘട്ടത്തിലാണ്. മഹാരാഷ്ട്രയിലെ മൂന്ന് എലവേറ്റഡ് സ്‌റ്റേഷനുകളുടെ ജോലികളും അതിനിടയിൽ ആരംഭിച്ചിരുന്നു.
കഴിഞ്ഞ 11 വർഷത്തിനിടെ ഗുജറാത്ത് 2764 കിലോമീറ്റർ പുതിയ റെയിൽവേ ലൈനുകൾ നിർമ്മിച്ചുവെന്നും ഇത് ഡെൻമാർക്കിന്റെ മൊത്തം റെയിൽവേ ശൃംഖലയെക്കാൾ കൂടുതലാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ അടിസ്ഥാന സൗകര്യ മേഖലയിലെ മുന്നേറ്റം കണക്കിലെടുത്താണ് ബുള്ളറ്റ് ട്രെയിൻ ഗുജറാത്തിന് തന്നെ അനുവദിച്ചതെന്നും അദ്ദേഹം പറയുന്നു.
അഹമ്മദാബാദ്-മുംബൈ റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഇടനാഴി, മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ 508 കിലോമീറ്റർ റൂട്ടിൽ പ്രവർത്തിക്കുക. അതിന്റെ സിംഹഭാഗവും ഗുജറാത്തിലാണ്. ഗുജറാത്തിൽ 352 കിലോമീറ്ററും മഹാരാഷ്ട്രയിൽ 156 കിലോമീറ്ററും ദൈർഘ്യമാണ് ഈ ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്കുള്ളത്.
ഈ പദ്ധതിയിൽ നൂതനമായ ഷിങ്കൻസെൻ സാങ്കേതികവിദ്യ ഉൾപ്പെടുന്നു എന്നതിനാൽ തന്നെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും ഇതിനെ നോക്കി കാണുന്നത്. അഹമ്മദാബാദ്, വഡോദര, സൂറത്ത്, വാപി എന്നിങ്ങനെയുള്ള സുപ്രധാന നഗരങ്ങളെ തമ്മെ ബന്ധിപ്പിക്കാനും മുംബൈ-അഹമ്മദാബാദ് സമയദൈർഘ്യം കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications