'കോണ്‍ഗ്രസ് അധികാരത്തില്‍ വരും, ഡിജിപിയെ അറസ്റ്റ് ചെയ്യും': കടുപ്പിച്ച് ഡികെ ശിവകുമാർ, കാരണമുണ്ട്

ഈ വർഷം പകുതിയോടെ പ്രഖ്യാപിക്കപ്പെടുമെന്ന് കരുതുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് കക്ഷികളും. ഭരണം നിലനിർത്താന്‍ ബി ജെ പി കഠിന പ്രയത്നം നടത്തുമ്പോള്‍ ഏതുവിധേനയും ഭരണം തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ഭരണകക്ഷിയായ ജെ ഡി എസ് ആവട്ടെ മുന്‍ തവണകളിലേത് പോലെ കിങ് മേക്കറാവാനുള്ള സീറ്റുകളാണ് ലക്ഷ്യമിടുന്നത്.
സമീപ ദിവസങ്ങളിലായി പുറത്ത് വന്ന വിവിധ സർവ്വേകള്‍ നല്‍കുന്ന ഫലങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് നല്‍കുന്നത് വലിയ ആത്മവിശ്വാസമാണ്. ഇതിനിടയില്‍ തന്നെയാണ് സംസ്ഥാന പൊലീസ് മേധാവിക്കെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ തന്നെ രംഗത്ത് വരുന്നത്.

ഡിജിപിക്കെതിരെ കെപിസിസി അധ്യക്ഷന്‍
സംസ്ഥാന ഡി ജി ആന്‍ഡ് ഐ ജി പി പ്രവീൺ സൂദിനെതിരെ രൂക്ഷമായ വിമർശനാണ് ഡികെ ശിവകുമാർ നടത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ യൂസ്ലെസ് എന്ന് വിശേഷിപ്പിച്ച കെ പി സി സി അധ്യക്ഷന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഭരിക്കുന്ന ബി ജെ പി സർക്കാരിനെ ഡി ജി പി സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് പാർട്ടിയിലെ നേതാക്കൾക്കെതിരെ അനാവശ്യമായ കേസെടുക്കുകയാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുതിർന്ന ഉദ്യോഗസ്ഥനായ പ്രവീണിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു."ഈ ഡിജിപി ഒരു 'ഉപയോഗശൂന്യന്‍' ആണ്, നമ്മുടെ സർക്കാർ വരട്ടെ, ഞങ്ങൾ അദ്ദേഹത്തിനെതിരെ നടപടിയെടുക്കും. അദ്ദേഹത്തെ പുറത്താക്കാൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു. അദ്ദേഹം ബഹുമാന്യനായ ആളാണെന്നാണ് ഞാൻ കരുതിയത്. എന്നാല്‍ ബി ജെ പിക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അദ്ദേഹത്തിനെതിരെ, ഉടൻ തന്നെ കേസെടുക്കണം. അറസ്റ്റ് ചെയ്യണം," ഡികെ ശിവകുമാർ പറഞ്ഞു

അദ്ദേഹം മൂന്ന് വർഷം സർവ്വീസ് പൂർത്തിയാക്കി
"അദ്ദേഹം മൂന്ന് വർഷം സർവ്വീസ് പൂർത്തിയാക്കി. കോൺഗ്രസിനെതിരെ മാത്രമാണ് അദ്ദേഹം കേസെടുക്കുന്നത്. ഞങ്ങൾക്കെതിരെ 25 ലധികം കേസുകളും ബിജെപി നേതാക്കൾക്കെതിരെ ഒരു കേസുമില്ല. നമ്മുടെ സർക്കാർ വരട്ടെ, ഞങ്ങൾ അദ്ദേഹത്തിനെതിരെ നടപടിയെടുക്കും, ഈ സർക്കാരിനെ സംരക്ഷിക്കാൻ അധാർമ്മികമായി പ്രവർത്തിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാവും,"- കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.
മുടികൊഴിച്ചിലിന് പരിഹാരം തേടുകയാണോ: സ്ഥിരമായി ഉപയോഗിക്കൂ ഈ 8 എണ്ണകളില്‍ ഏതെങ്കിലുമൊന്ന്

കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും തങ്ങളുടെ പാർട്ടിക്ക് മാത്രമേ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നും ഡികെ ശിവകുമാർ അവകാശപ്പെട്ടു. കർണാടക സന്ദർശിക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം കടന്നാക്രമിച്ചു, കൊവിഡ് -19 അല്ലെങ്കിൽ വരൾച്ചയുമായി മല്ലിടുമ്പോൾ പ്രധാനമന്ത്രി എന്തുകൊണ്ട് സംസ്ഥാനം സന്ദർശിച്ചില്ല. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ വൻ അഴിമതിയാണ് നടത്തുന്നതെന്നു ഡി കെ ശിവകുമാർ ആരോപിച്ചു.

224 അംഗ കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്
224 അംഗ കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2023 മെയ് മാസത്തിന് മുമ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 224 അംഗ നിയമസഭയിൽ 150 സീറ്റെങ്കിലും നേടി കർണാടകയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 93 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ജെ ഡി (എസ്) പ്രഖ്യാപിച്ചെങ്കിലും ബി ജെ പിയും കോൺഗ്രസും ഇതുവരെ പട്ടിക പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications