ഗുസ്തി താരങ്ങളെ ഓര്‍ത്ത് അഭിമാനം; തൃണമൂല്‍ മാര്‍ച്ചില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മമത
കൊല്‍ക്കത്ത: ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന ഐക്യദാര്‍ഢ്യ സമരത്തിലാണ് മമതയെത്തിയത്. ഞങ്ങളുടെ ഗുസ്തി താരങ്ങളെ കുറിച്ച് എന്നും അഭിമാനമുണ്ടെന്നും മമത പറഞ്ഞു. ഗുസ്തി അസോസിയേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുന്നത്.
അതേസമയം ഇതുവരെ ഡല്‍ഹി പോലീസ് കാര്യമായിട്ടുള്ള നടപടികളൊന്നും എടുത്തിട്ടില്ല. പോക്‌സോ കേസുകള്‍ അടക്കം അദ്ദേഹത്തിനെതിരെയുണ്ട്. കടുത്ത വിമര്‍ശനങ്ങളാണ് ബിജെപിക്കെതിരെ മമത ഉന്നയിച്ചത്. കേന്ദ്രം ബ്രിജ് ഭൂഷനെ സംരക്ഷിക്കുകയാണെന്നും മമത ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് കാരണം, അദ്ദേഹം ബിജെപി നേതാവായത് കൊണ്ടാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലേക്ക് മെഡലുകള്‍ ഒഴുക്കാനായി പോയത് നമ്മുടെ രാജ്യത്തിന് തന്നെ നാണക്കേടാണ്. എന്നിട്ടും കുറ്റക്കാരനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മമത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ ഹരിദ്വാറില്‍ തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഒഴുക്കാനായി എത്തിയത്. എന്നാല്‍ ഇവര്‍ ഈ തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറിയിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നും താരങ്ങള്‍ അറിയിച്ചിരിക്കുകയാണ്.
അതേസമയം ബ്രിജ് ഭൂഷന്റെ അറസ്റ്റുണ്ടാവുന്നത് വരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്ന് മമത വ്യക്തമാക്കി. ജൂണ്‍ ഒന്നിനെ ക്യാന്‍ഡില്‍ മാര്‍ച്ച് പ്രതിഷേധം തൃണമൂല്‍ നടത്തുമെന്നും, ഗുസ്തി താരങ്ങള്‍ക്ക് നീതി ആവശ്യപ്പെട്ട് കൊണ്ടായിരിക്കും മാര്‍ച്ചെന്നും അവര്‍ വ്യക്തമാക്കി.
താന്‍ ഗുസ്തി താരങ്ങളുമായി നേരിട്ട് സംസാരിച്ചുവെന്നും, അവര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു. വരും ദിവസങ്ങളില്‍ തൃണമൂല്‍ പ്രതിഷേധം കടുപ്പിക്കും. തൃണമൂലിന്റെ ഒരു സംഘം ഗുസ്തി താരങ്ങളുടെ പ്രതിഷേധ വേദിയിലെത്തി, അവര്‍ക്കൊപ്പം ചേരുമെന്നും മമത വ്യക്തമാക്കി.
ഗുസ്തി താരങ്ങളുടെ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അന്വേഷണം കഴിയാനായി അവര്‍ കാത്തിരിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. യാതൊരു പ്രത്യേക പരിഗണനയും ബ്രിജ് ഭൂഷന് നല്‍കില്ല. അന്വേഷണം പൂര്‍ത്തിയായാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
ഡല്‍ഹി പോലീസ് അവരുടെ അന്വേഷണം അവസാനിപ്പിക്കുന്നത് വരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണമെന്നും താക്കൂര്‍ പറഞ്ഞു. അതേസമയം തനിക്കെതിരെ ഒരു തെളിവെങ്കിലും കൊണ്ടുവന്നാല്‍ തൂങ്ങി മരിക്കാന്‍ തയ്യാറാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. വൈകാരികമായ നാടകമാണ് ഗുസ്തി താരങ്ങള്‍ കാണിച്ചത്. മെഡല്‍ ഒഴുകുന്നതെല്ലാം ആ ഗണത്തില്‍ വരുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.












Click it and Unblock the Notifications