'കത്തെഴുതി, സംസാരിക്കാൻ ശ്രമിച്ചു, നിതീഷിന്റെ മനസിൽ എന്താണെന്ന് അറിയില്ല'; ഖാർഗെ
ഡൽഹി: ജെ ഡി യുവും നിതീഷ് കുമാറും ഇന്ത്യ മുന്നണി വിടുമോയെന്നത് സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഗെ. താൻ ജെ ഡി യു നേതൃത്വത്തെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും നിതീഷ് കുമാറിന്റെ മനസിൽ എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഖാർഗെ പറഞ്ഞു.
'ജെ ഡി യു സഖ്യം വിടുന്നതിനെക്കുറിച്ച് എനിക്കറിയില്ല. ഞാൻ അവർക്ക് കത്തെഴുതിയിട്ടുണ്ട്. അവരോട് സംസാരിക്കാനും ശ്രമിച്ചു. എന്നാൽ നിതീഷ് കുമാറിൻ്റെ മനസ്സിൽ എന്താണെന്ന് അറിയില്ല', ഖാർഗെ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ നാളെ ഡൽഹിയിലേക്ക് തിരിക്കുമെന്നും ബിഹാറിൽ സംഭവിക്കുന്നത് എന്ത് എന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും ഖാർഗെ വ്യക്തമാക്കി.

'നാളെ ഞാൻ ഡൽഹിയിൽ പോയി കാര്യങ്ങൾ പരിശോധിക്കും. എന്ത് സംഭവിക്കുമെന്ന് നോക്കാം. നിതീഷ് രാജിവെക്കുമോയെന്നത് സംബന്ധിച്ച് ഞങ്ങൾക്ക് വിവരമില്ല. ഗവർണറെ കാണുമെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞിട്ടില്ല', ഖാർഗെ പറഞ്ഞു.
'എല്ലാവരേയും ഒരുമിച്ച് നിർത്താനുള്ള തീവ്രശ്രമത്തിലാണ് ഞങ്ങൾ. മമത ബാനർജിയോടും നിതീഷിനോടും യെച്ചൂരിയോടും ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്. ഒന്നിച്ച് നിന്നാൽ മാത്രമേ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാൻ സാധിക്കൂ. ഇന്ത്യ സഖ്യം മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കും. ജനാധിപത്യം സംരക്ഷിക്കപ്പെടണം, ഇത് ആഗ്രഹിക്കുന്നവർ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ല എന്നതാണ് എനിക്ക് തോന്നുന്നത്', ഖാർഗെ പറഞ്ഞു.
അതേസമയം ബിജെപി സഖ്യസർക്കാരിന് കളമൊരുക്കി മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജിവച്ചേക്കുമെന്ന് സൂചന. ബി ജെ പിയുടെ പിന്തുണയോടെ നീതിഷ് ഞായറാഴ്ച വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. നിതീഷിനൊപ്പം ചില കോൺഗ്രസ് എം എൽ എമാർ കൂടി എൻ ഡി എയിൽ ചേക്കേറിയേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
2022 ലായിരുന്നു ബി ജെ പി സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാർ ആർ ജെ ഡിക്ക് കൈ കൊടുത്തത്. പ്രധാനമന്ത്രി മോഹം ലക്ഷ്യം വെച്ചായിരുന്നു നിതീഷിന്റെ നീക്കം. തുടർന്ന് പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യത്തിൽ ഭാഗമാകുകയും ചെയ്തു. എന്നാൽ ബിഹാറിലെ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള സഖ്യ നിർദ്ദേശത്തോട് നിതീഷിന് എതിർപ്പുണ്ടായിരുന്നു. ഇവയൊക്കെയാണ് ഇപ്പോൾ സഖ്യം അവസാനിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications