സ്ത്രീകളെ അപമാനിച്ച് യോഗി ആദിത്യനാഥ്; സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല, നല്‍കരുത്, നാശം വരും!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സ്ത്രീകളെ അപമാനിച്ച് ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നും മറ്റുള്ളവരുടെ സംരക്ഷണത്തില്‍ കഴിയേണ്ടവരാണെന്നുമാണ് പരാമര്‍ശം.

യോഗി ആദിത്യനാഥിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് വിവാദ ഭാഗങ്ങള്‍. ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 യോഗി മാപ്പ് പറയണം

ഇന്ത്യയിലെ സ്ത്രീകളോട് യോഗി മാപ്പ് പറയണം. സ്ത്രീകളെ താഴ്ത്തിക്കെട്ടിയിട്ടുള്ളതാണ് പരാമര്‍ശങ്ങള്‍. സ്ത്രീകളെ അപമാനിക്കുന്ന ലേഖനമെഴുതിയ യോഗി മാപ്പ് പറയണമെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

വിവാദമായ ഹിന്ദി ലേഖനം

ഹിന്ദിയിലാണ് യോഗിയുടെ വെബ്‌സൈറ്റില്‍ കാണുന്ന ലേഖനം. ഇതിന് താഴെയായി നിരവധി കമന്റുകളുണ്ട്. എന്നാല്‍ ലേഖനം എന്നാണ് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.

സംരക്ഷണം വേണം പക്ഷേ, സ്വാതന്ത്ര്യം

സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് പുരാണ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ടെന്ന് പറയുന്ന ലേഖനം, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അനാവശ്യമായി കളയുന്ന ഊര്‍ജം നാശത്തിന് കാരണമാവുമെന്നും തുടര്‍ന്ന് വിശദീകരിക്കുന്നു.

സ്ത്രീകളെ സംരക്ഷിക്കേണ്ടത് ഇങ്ങനെ

സ്ത്രീകള്‍ക്ക് സംരക്ഷണം ആവശ്യമാണ്. അതിന് ചില രീതികളുമുണ്ട്. സ്ത്രീ ശക്തിയുടെ സംരക്ഷണത്തിന് ഗ്രന്ഥങ്ങളില്‍ പ്രത്യേക മാര്‍ഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. കുട്ടിയാവുമ്പോള്‍ പിതാവും പ്രായപൂര്‍ത്തിയായാല്‍ ഭര്‍ത്താവും വാര്‍ധക്യത്തില്‍ മക്കളുമാണ് സ്ത്രീയെ സംരക്ഷിക്കേണ്ടതെന്നും ലേഖനം പറയുന്നു.

സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല. സ്വതന്ത്രമായി ഒരു കാര്യം ചെയ്യാനോ പ്രവര്‍ത്തിക്കാനോ തീരുമാനമെടുക്കാനോ സ്ത്രീകള്‍ക്ക് ശേഷിയില്ലെന്നും യോഗിയുടെ ലേഖനത്തില്‍ പറയുന്നു.

വനിതാ സംവരണ ബില്ല്

യോഗിയുടെ ഈ ലേഖനം 2010ല്‍ അദ്ദേഹത്തിന്റെ ഒരു ആഴ്ചപതിപ്പിലാണ് ആദ്യം വന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വനിതാ സംവരണ ബില്ല് ചര്‍ച്ച ചെയ്യുന്ന വേളയിലായിരുന്നു ലേഖനം. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന ലേഖനം വന്നത്.

ബിജെപിയുട ധാരണകളാണ് ലേഖനം

സ്ത്രീകളെ കുറിച്ചുള്ള ബിജെപിയുട ധാരണകളാണ് ലേഖനത്തിലൂടെ ആദിത്യനാഥ് വെളിവാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീ സമത്വത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ യോഗിയുടെ ലേഖനം അദ്ദേഹം അംഗീകരിക്കുന്നുണ്ടോ എന്നും സുര്‍ജേവാല ചോദിച്ചു.

പുരുഷനെ പുകഴ്ത്തുന്നു

വിവാദ ലേഖനത്തില്‍ പുരുഷനെ പുകഴ്ത്തുന്നുമുണ്ട്. സ്ത്രീകളെ മോശക്കാരാക്കിയും പുരുഷന്‍മാരെ പുകഴ്ത്തിയുമുള്ള ലേഖനം ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികളും തുറന്നടിച്ചു.

ലേഖനത്തെ തള്ളിപ്പറയണം

മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ലേഖനത്തെ തള്ളിപ്പറയണം. അപലപിക്കുകയും വേണം. ഇത്തരം നീചമായ ഭാഷകള്‍ ഉപയോഗിക്കരുതെന്ന് യോഗി ആദിത്യനാഥിനെ മോദിയും അമിത് ഷായും ഉപദേശിക്കണമെന്നും സുര്‍ജേവാല പറഞ്ഞു.

ലേഖനം പിന്‍വലിക്കണം

സംഭവത്തിലെ തെറ്റ് മനസിലാക്കി ലേഖനം വെബ്‌സൈറ്റില്‍ നിന്നു പിന്‍വലിക്കാന്‍ യോഗി തയ്യാറാവണം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ലേഖനത്തിലുള്ളതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

മുത്തലാഖില്‍ യോഗി

മുത്തലാഖ് വിഷയം യോഗി ഉന്നയിച്ച അതേ ദിവസം തന്നെയാണ് അദ്ദേഹം സ്ത്രീകളെ അധിക്ഷേപിച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുത്തലാഖ് വിഷയം അറിഞ്ഞിട്ടും മൗനം പാലിക്കുന്നവര്‍ കുറ്റക്കാരാണെന്നും മഹാഭാരതത്തില്‍ ദ്രൗപതിയെ അധിക്ഷേപിച്ചപ്പോള്‍ മൗനം പാലിച്ച മുതിര്‍ന്ന നേതാക്കളുടെ അവസ്ഥക്ക് തുല്യമാണിതെന്നും യോഗി പറഞ്ഞിരുന്നു.

English summary
Yogi Adityanath, the Chief Minister of Uttar Pradesh, must apologise for "belittling women" in an article he posted on his website, the Congress has said. "Adityanath must forthwith apologise to women of India for his disparaging, distasteful and dishonourable remarks," Congress spokesperson Randeep Surjewala said, referring to the comment piece in Hindi, uploaded on the Chief Minister's website yogiadityanath.in. It is the top article in the comment section, but it is not clear when it was posted.
Please Wait while comments are loading...