മദ്യപാനികൾക്ക് കോളടിച്ചു...! മദ്യം സൊമാറ്റോയിലൂടെ വീട്ടിലെത്തും; പുതിയ പദ്ധതിയുമായി കമ്പനി, ശുപാര്‍ശ
ദില്ലി: ഇന്ത്യയിലെ ഒണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ മദ്യവിതരണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യ ലഭ്യത പൂര്‍ണമായും നിലച്ചിരുന്നു. ഈ സമയങ്ങളില്‍ മദ്യത്തിനുള്ള ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് സൊമാറ്റോ ഇതുമായി ബന്ധപ്പെട്ട നീക്കത്തിന് പദ്ധതിയിടുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലെയും മദ്യശാലകള്‍ അടച്ചിരുന്നു. ഈ സാഹചര്യത്തില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. ഇതോടെ മദ്യം വീട്ടിലെത്തിച്ചു നല്‍കുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാരുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഒന്നും തന്നെ ഫലം കണ്ടില്ല. സോമാറ്റോ കമ്പനിയുടെ നീക്കങ്ങള്‍ വിജയിച്ചാന്‍ മദ്യം ഇനി വീട്ടിലെത്തും. വിശദാംശങ്ങള്‍...

സൊമാറ്റോയുടെ പദ്ധതി
സര്‍ക്കാര്‍ അനുമതിയോടെ മദ്യം വീട്ടിലെത്തിച്ചുനല്‍കുന്ന പദ്ധതിക്കാണ് സൊമാറ്റോ തുടക്കം കുറിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍ നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഹോട്ടലുകളും മറ്റ് കടകും അടച്ചതിനാല്‍ ഭക്ഷണവും പലചരക്ക് സാധനങ്ങളും സൊമാറ്റോ ഓണ്‍ലൈനിലൂടെ വിതരണം ചെയ്തിരുന്നു.

മദ്യശാലകള്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 25നാണ് രാജ്യത്തെ മദ്യശാലകള്‍ അടച്ചത്. പിന്നീട് കഴിഞ്ഞ തിങ്കളാഴ്ചയാണ് 11 സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിച്ചത്. ഇതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ നീണ്ടനിരകളും സാമൂഹിക അകലം ലംഘിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങളും ഉയര്‍ന്നിരുന്നു. ഓണ്‍ലൈനിലൂടെ മദ്യം എത്തിക്കുന്ന നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയായാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാകും.

നിലവില്‍ അനുമതിയില്ല
രാജ്യത്ത് മദ്യം ഓണ്‍ലൈനിലൂടെ വിതരണം ചെയ്യുന്നതിനുള്ള അനുമതി ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്പനികള്‍ മുന്നോട്ടുവന്നാല്‍ അനുമതി നല്‍കിയേക്കുമെന്ന സൂചനയുണ്ട്. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മദ്യവിതരണത്തിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് സൊമാറ്റോ സിഇഓ മോഹിത് ഗുപ്ത ഇന്റര്‍ നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് അയച്ച ശുപാര്‍ശയില്‍ പറയുന്നു.

കൊറോണ ഫീസ്
അതേസമംയ, കൊറോണ വൈറസ് പ്രതിസന്ധിക്കിടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാരുകള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ലോക്ക്‌ഡൌണ്‍ ഇളവുകള്‍ക്കിടെ ബാറുകള്‍ തുറന്നതോടെ മദ്യവില്‍പ്പന എന്തായാലും തകര്‍ത്തിട്ടുണ്ട്. മദ്യത്തിന്റെ എംആര്‍പി നിരക്കിന്റെ 70 ശതമാനമാണ് കൊറോണ ഫീസായി സര്‍ക്കാര്‍ ഈടാക്കുന്നത്. ആന്ധ്രപ്രദേശ് സര്‍ക്കാരാണ് മദ്യവിലയില്‍ 50-60 ശതമാനം വര്‍ധനവ് വരുത്തിയിട്ടുള്ളത്. നേരത്തെ രാജസ്ഥാന്‍ സര്‍ക്കാരും മദ്യത്തിനും ബിയറിനുമുള്ള നികുതി 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് മദ്യത്തിന് ഈടാക്കുന്ന പരമാവധി നികുതി 45 ശതമാനത്തിലത്തിയിട്ടുണ്ട്.

വൈറലായ ബില്‍
മദ്യ വില്‍പന പുനരാരംഭിച്ചതിന് പിന്നാലെ 52,841 രൂപയുടെ ഒരു മദ്യ ബില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു. ഇപ്പോഴിതാ ബില്ലിന്റെ ഉടമയും വില്‍പ്പന നടത്തിയ മദ്യശാലയും പെട്ടിരിക്കുകയാണ്. ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുകയാണ് എക്‌സൈസ് വകുപ്പ്. കര്‍ണാടകത്തിലാണ് സംഭവം. ചില്ലറ മദ്യവില്‍പ്പന ശാലകള്‍ക്ക് പ്രതിദിനം 2.6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമോ 18 ലിറ്ററില്‍ കൂടുതല്‍ ബിയറോ ഒരു ഉപഭോക്താവിന് നല്‍കരുതെന്നാണ് എക്‌സൈസ് ചട്ടം. എന്നാല്‍ ഇത് ലംഘിച്ചെന്ന് കാണിച്ചാണ് ബെംഗളൂരു സൗത്തിലെ തവാരകെരെയിലെ വാനില സ്പിരിറ്റ് സോണ്‍ എന്ന ചില്ലറ വില്‍പ്പനക്കാരന്‍ 13.5 ലിറ്റര്‍ മദ്യവും 35 ലിറ്റര്‍ ബിയറും ഒരു ഉപഭോക്താവിന് വിറ്റിരിക്കുന്നത്.